Thursday 1 October 2020

വെള്ളംകളി

 വെള്ളത്തിൽ ആരുടെ പ്രേതാണോ..

വെള്ളംതന്നെ ഒരു പ്രേതാണോ..


ആകെ ലീലയാണ്.

അതിനെല്ലാം അറിയാം 

അകവും പുറവും അറിയാം.

ചൂളിനിൽപ്പാണ് ഞാൻ.


കുളിക്കുമ്പോഴാണ് കേളി കൂടുതൽ

അതിന്റെ മുണ്ടഴിച്ചുള്ള കളി കാണണം.

വെള്ളമായിപ്പോയില്ലേ എന്തു ചെയ്യാൻ

പിടിച്ചൊന്നു ഞെരടാൻ പോലും വയ്യ.


എങ്കിലും ഞങ്ങൾ സെറ്റ് ആണ്

അതിന്റെയോരോ കോലവും കോലക്കേടും 

തുള്ളലും തള്ളിച്ചയും.

പ്രേമമൊന്നുമില്ല..പ്രേതമല്ലേ..

പേടിയായിട്ടുമല്ല.

രസമൊക്കെത്തന്നെ

എങ്കിലും..


പ്രേമമാണോ എന്നതു ചോദിച്ചാലോ

ചോദിക്കുമോ

ചോദിച്ചെങ്കിൽ..

അയ്യോ

കുളിരുന്നു


Sep2019

അസ്വാഭാവികമായ ഒരു സംഭവം

അസ്വാഭാവികമായി തോന്നാമെങ്കിലും

ഇതു സംഭവിച്ചതാണ്.

ഒരിക്കൽ ഞാനൊരു പെൺകുട്ടിയെ കണ്ടു.

അവൾ മൂന്നാലു ചെടിച്ചട്ടികളിൽ ചെടികൾ വളർത്തി.

ഓരോന്നിന്റെ ഇലവാടുമ്പോഴും 

വേരഴുകുമ്പോഴും സങ്കടപ്പെട്ടു.

ചില ചെടികൾ ചാവുമ്പോൾ നിലവിളിച്ചു.

അവളെ ഞാൻ രഹസ്യമായി സ്നേഹിച്ചു.

അതിനാൽ ഞാനും ഒരു ചെടി നട്ടു.

ഒന്നാംദിവസം ഞാനതിനോട് മിണ്ടുകേം

ഇതാ എന്റെ ഏകാന്തതയിൽ ഒരു കൂട്ട്

എന്ന് പരസ്യപ്പെടുത്തുകയും 

സന്തോഷിക്കുകയും ചെയ്തു.

പക്ഷെ ജനലോരമിരുന്ന് ആ ചെടി 

എന്റെ ദേഹത്ത് 

രഹസ്യവലകൾ പതിപ്പിക്കുകയായിരുന്നു.

മുറിയിലേക്ക് കയറുമ്പോഴൊക്കെയും

എനിക്ക് നഗ്നതാബോധമുണ്ടായി.

അതിന് വെള്ളമൊഴിക്കുമ്പോൾ 

ഞാൻ മൗനം പാലിച്ചു.

 

അതിനു മഞ്ഞ ഇലകളും അഴുകിയ വേരുകളും ഉണ്ടായി.

ചിലപ്പോൾ ഞാനതിനെ പാലിക്കുകയും ചിലപ്പോൾ കഠിനമായി കോപിക്കുകയും അസ്വസ്ഥപെടുകയും ചെയ്തു.

അങ്ങിനെയിരിക്കെ ഒരു പെണ്ണാട് 

ഒരു ശിശുവിനെ വളർത്തുന്നതായി 

ഞാൻ സ്വപ്നം കണ്ടുവന്നു.

ഒരു ദിവസം ആട് ഞങ്ങളുടെ ഫ്ലാറ്റിന്റെ പതിനാറ് നിലകളും 

ചാടിക്കയരുന്നതായും

അവിടെ നിന്നു ചാടി ചാവുന്നതായും ഞാൻ കണ്ടു.

അതുകഴിഞ്ഞഞ്ചാറു ദിവസം കഴിഞ്ഞ്

ഞാനാ എരണംകെട്ട പൂച്ചെടി ചട്ടിയോടെ

പതിനാറാം നിലയിൽനിന്നു താഴേക്കിട്ടു.

അതിന്റെ ചാവ് എന്നെ ഇക്കിളിപ്പെടുത്തി.

ഞാൻ നന്നായി കുളിച്ചു,ചട്ടിയിരുന്നിടം വൃത്തിയാക്കി 

ടോംക്യാറ്റിന്റെ പ്രതിമ വച്ചു.

പിറ്റേദിവസം ശിശുവിനെ വളർത്തുന്ന പെണ്ണാട്

പാതിനാറാം നിലയിൽ നിന്നു പറക്കുന്നതായുള്ള

സുന്ദരസ്വപ്നവും കണ്ടു.

നിങ്ങൾക്കറിയുമോ

അന്ന് പുലർന്നപ്പോൾ ഞങ്ങളുടെ ഫ്ലാറ്റിനു മുന്നിൽ നിന്നു ചോരയിൽ കുതിർന്ന് കയ്യും കാലുമൊടിഞ്ഞുചത്തുപോയ ഒരാടിനേയും

എന്റെ മുറിയിൽ നിന്നു ഉറങ്ങുന്നനിലയിൽ മരിച്ചുകഴിഞ്ഞനേകം ദിവസമായ ഒരു ശിശുവിനേയും

ആളുകൾ കണ്ടെത്തി

ഇതൊക്കെ വളരെ അസ്വാഭാവികമായി തോന്നാമെങ്കിലും

ഇതൊക്കെ ഇങ്ങനെതന്നെ നടന്നതാണ്.


Sept29,2020