Tuesday 21 February 2017

കൈകൾ
മേലോട്ടുയർത്തി
നടന്നുപോകുന്ന
ഏണികളീന്ന്
ഉണക്കാനിട്ടയുടുപ്പുകൾ 
 പ്രാർത്ഥനപോലെ
പറന്നുപോകുന്നു.
'പോയവഴിയേ
പോകൂ..'ന്ന്
ചുമരുതുരക്കുന്ന
പല്ലികളുടെ
അശരീരി നാക്ക്
നീയെന്റെ
കൈപിടിച്ചു
വലിയോ വലി..
കാറ്റുപോലെ
കയ്യറ്റുപോകുന്നു.
കണ്ണിലെ
ക്യാരറ്റിന്റെ
വഴിപ്രശ്നം
ഓർത്തെടുത്ത്
നീ വീണ്ടും
എന്നോട് വഴക്കിടുന്നു.
ദേ നീ വഴിയറിയാത്ത
മുയലാണോ?
നമുക്ക്
വീടില്ലായെന്നതുതന്നെ
നീ മറന്നുപോയല്ലോ
അറ്റുപോയ
കയ്യെടുത്തോടിപ്പോകുന്ന
രണ്ടു പുഴകൾ
തമ്മിൽ പൊരിഞ്ഞയടി
കാലില്ലാത്ത മരം,
ചിറകില്ലാഞ്ഞ കിളി
എന്നിവർ
ഇരുപക്ഷം പിടിക്കുന്നു
അവരും വഴക്കിടുന്നു
കാറ്റ് വന്ന്
മരത്തിനെയും
കിളിയെയും
മായ്ച്ചുകളയുന്നു.
പുഴയെയും
പുഴയെയും
ഓടിച്ചുവിടുന്നു.
അറ്റുപോയ
കയ്യ്
പല്ലിപ്പശകൊണ്ട്
തേച്ചൊട്ടിച്ച്
കയ്യാട്ടി,നാവ് നീട്ടി-
ക്കാണിക്കുകയാണ്
ചുവരിടിഞ്ഞ
വീടുകൾ.
ഹോ..
പേടിച്ചുപമ്മിയ
നമ്മൾ
ഏണിക്കയ്യീന്ന്
ഉടുപ്പ് ചോദിക്കുന്നു.
എനിക്കാകെ
നാണം
നിനക്കും നാണം.
നീയിപ്പോൾ മുയലല്ല..
ഞാൻ ഞാനേ അല്ല.
ചുവരുപോലെ
പല്ലികൾ
തുരന്നുതിന്നുന്ന
തുണിയില്ലാത്ത
രണ്ടുക്യാരറ്റുകളാണ് നാം.
വാ കാറ്റുപോയ വഴി പോകാം

Monday 20 February 2017

മുറ്റം മുഴുവൻ
കുഴികളെടുത്ത്
പൂവിട്ട് മൂടി
കണ്ണുകെട്ടിയോടുകയാണ്
നാം..
ഒന്നിലെങ്കിലുമൊന്ന്
വീണുപോയെങ്കിലെന്ന്
പ്രാർത്ഥിക്കുകയുമാണ്..
കണ്ണുകളും
കവിതകൾ പോലും
ഒറ്റികൊടുക്കുന്ന
നഗരത്തിലിരുന്ന്
എങ്ങനെ പ്രേമിക്കാനാണ്..
ഒരു കളിയും
കളിക്കാനാവാത്ത വിധം
മുതിരുന്ന
വേഗതയിലോടുകയാണ്
കുട്ടികളും റോഡുകളും.
കിളിപ്പാട്ടക്കാറുകളിടിപ്പിച്ച്
ആത്മഹത്യചെയ്യുകയാണ്
പാവക്കുഞ്ഞുകൾ..
ഒന്നേ രണ്ടേ
എന്നെണ്ണി
തുറിച്ചുനോക്കുകയാണ്
കുട്ടിയല്ലാത്ത
നീയും..

അവിടെയും ഇവിടെയും -രണ്ട് വീടുകളിൽ നേരമ്പോക്കുന്ന, ഭാരമുള്ള പക്ഷികൾ ഉച്ചയുറക്കത്തിനൊടുവിൽ കൂവിയുണ്ടാക്കുന്ന പുലർച്ചകൾ


അല്ലാതെ
നിങ്ങളിലെത്ര
നിങ്ങളില്ലാതായിയെന്ന്
നിങ്ങളെങ്ങനെ
തൂക്കിനോക്കുമെന്നാണ്..
മറവിയിൽ
എത്ര ഓർമകളെന്നോ
ഓർമയിൽ
എത്ര മറവികളെന്നോ
എങ്ങനെയാണത്
പറയേണ്ടത്?
അകത്തും
പുറത്തും
എന്ന്
രണ്ട്
കാലത്തിലിരുന്ന്
രണ്ടുപേർ
കാണുന്നതെങ്ങിനെയാണ്..
ആമയായി ഞാൻ 
നിന്നെ അരിച്ചരിച്ചുകൊണ്ടുപോകുന്നു...
ആനയായി നീ-
യെന്നെ എഴുന്നള്ളിച്ചോണ്ട് വരുന്നു...

ഒരുകൊച്ചു ലോകാവസാനം💞

കാറ്റ് കുഴച്ചുതിന്നാനെടുത്ത
മണ്ണുരുളയേൽ
ഭൂമിക്കും 
ആകാശത്തിനും
ഇടയ്ക്കരിപ്പവച്ച-
രിച്ചരിച്ചു നമ്മൾ..,
പ്രണയിച്ച പുഴുക്കൾ..
പേപിടിച്ച
സർപ്പങ്ങൾ..
ചുഴലിച്ച സീൽക്കാരം.
വാല് കുത്തിയുയരുന്ന ഭൂമി..
കൂർത്തയാകാശമുനമ്പ്
തട്ടിപ്പിളരുന്നനാവ്..
ചാലകങ്ങളുരുകി
നനഞ്ഞലമുറിച്ച്
നിറപ്പെട്ട്..
കാവ്തീണ്ടി
വിങ്ങിവിറച്ച്
വിഷപ്പെട്ട്..
മരണം നീന്തി
മയപ്പെട്ട
പാമ്പുകൾ..
പൂ(പേ)പിടിച്ച്
പ്രണയിക്കുന്ന
പുഴകൾ...

അത്താഴം

അരികുപൊട്ടിയ
പപ്പടം
ആരുടെ
പാത്രത്തിലിട്ടാണീയാകാശമിങ്ങനെ
അമ്മകളിക്കുന്നത്?
പ്ലാസ്റ്ററിട്ട
നക്ഷത്രക്കാലുകൾ
കുത്തിനിർത്തിയ
ബ്ലാക്ക്ഫോറസ്റ്റുകളെ,
ഉള്ളിത്തോലിൽ
പൊതിഞ്ഞുകൊടുത്താശംസിക്കുന്ന
ബേക്കറിക്കടകൾ.
കരഞ്ഞുവീണൊരു
മഴയേയും
സ്‌ട്രോയിട്ട്
വലിച്ചൂറ്റുന്ന
കെട്ടപഞ്ഞിമേഘങ്ങളുടെ
കാർണിവൽക്കാലം
ഇത്ര കറുത്തൊരാന
മറുകിന്റെ
ചതിയനാകാശമേ
മുട്ടുകുത്തിനിന്നയെന്റെ
മീൻകുഞ്ഞുങ്ങളെ
കുന്തത്തിൽ
കോർത്തനിന്റെ
വല്യപെരുന്നാളിന്റെ
പള്ളിമുറ്റത്ത്,
വെള്ളേപ്പംപോലൊരു
പകലിനെ
പകുത്ത്,പകുത്തട്ടത്തൊട്ടിച്ച്
പിന്നെയുമൂതിനിന്റെ
കറുത്തകാടെരിച്ച്
നിഴലില്ലാത്ത
നീലയല്ലാത്ത
നിന്നോടെനിക്കിതു
പകൽ
ചോദിക്കണം..
എന്റെയുരുണ്ടഭൂമിയെ
എന്തിനിങ്ങനെ
മുറിച്ചുതിന്നുന്നു..

പഴം

ചൊറിച്ചിലാന
കൊമ്പുരക്കുന്ന
ചുട്ടുപഴുത്ത
മൊട്ടക്കുന്നു
കായ്ക്കുന്ന
മരിച്ചമൺമരം
കല്ലെടുക്കുമ്പോഴേ
പച്ച,മഞ്ഞയോർമയിലക്കിളി
പറന്നെമ്പാടും..
കൂടെ നീയെങ്ങാനും
വീണോ..
തേഞ്ഞകൊമ്പനെ-
യിടംകണ്ണിട്ട്നോക്കി
ഓർമ ചുമ്മാ ചൊറിച്ചിലാണ്
എന്നാത്മഗതിച്ച്......
വിത്തില്ലാത്ത
പഴമേ..
പോയിട്ട് പിന്നെ വരാം..

Thursday 9 February 2017

IN/OUT

അവനവനെത്തന്നെ 
കോപ്പിയടിച്ച്
പുറത്താക്കപ്പെട്ട
പരീക്ഷകളുടെ
ജാതകഫലം,
10/10
പൊരുത്തത്തോടെ
കൂട്ടിക്കെട്ടുന്ന
വ്യവഹാരകേന്ദ്രങ്ങളുടെ,
തേർഡ്അമ്പയർ
കാണാത്ത
ഉമ്മറപ്പടികളിൽ,
കുളം-കര
കളിക്കുകയാണ്
രാശിയില്ലാത്ത
നമ്മുടെ ക്ലാസ്റൂം.

തുമ്മൽ

വല്ലാതെ 
കാല്പനീകരിഞ്ഞ്
ജലദോഷപ്പെട്ടുപോയേക്കാവുന്ന
ഒറ്റയാൻവൈറസുകളെ
തുമ്മിത്തെറിപ്പിക്കാനുള്ള
മൂക്കുകളുടെ
ആത്മഹത്യാക്കുറിപ്പുമാത്രമാണ്‌
പരാജയപ്പെട്ട കവിതകളും
ചില സിറപ്പുകളും.

പുക

അലമാരയിലിരിക്കുമ്പോൾ
തുറക്കാനും
തുറക്കുമ്പോൾ
കത്തിച്ചുകളയാനും
തോന്നിപ്പിക്കുന്ന
പ്രലോഭനത്തിന്റെ
ബൈബിളാണ് നീ.

മഞ്ഞ

കാടേ കടലേ ...ന്ന്
നീലയാൺപെൺ
മടിയൻകുതിരകൾ,
കാറ്റിൽ കെട്ടിവലിക്കുന്ന,
ജഡ്കയിൽ
നമ്മൾ..
നമുക്കിടയിൽ
നാരങ്ങയായുരുട്ടിയെടുത്ത
ചില നദികൾ..
മേലെ,
പുളിക്കണ്ണടയ്ക്കുന്ന
വെയിൽക്കുള്ളന്മാർ..
മഴക്കയറുപിരിയ്ക്കുന്നയവരുടെ
പെണ്ണുങ്ങൾ..
കുട്ടികൾ
കുലച്ച മാരിവിൽ
തറച്ചുതെറിക്കുന്ന
പഴമഞ്ഞ...
താഴെ പൂത്ത
ജമന്തിപ്പാടം..
പഴുത്ത പപ്പായത്തോട്ടം..
മണ്ണിൽ കൊഴിഞ്ഞ
പ്ലാവിലത്തോണികളുടെ
ഈർക്കിൽത്തുഴയിൽ
ചെമ്പൻതുമ്പികളുടെ
കഞ്ഞിസദ്യ..
കാടേ.. കടലേ..
ഞങ്ങളുടെ
പ്രഥമപ്രണയത്തിന്റെ
വിളറിയ
മഞ്ഞനദിക്കരയോരം
തുടുത്ത
നാരങ്ങാക്കാലത്തിലിത്തിരിപ്പതീയേ
നിങ്ങൾ നടക്കുക....

കറുത്ത പാട്ട്

പാട്ടിൽ വിഷം
കലർത്തി
കാറ്റിനാരോ
കൊടുക്കുന്നു
പുഴ വന്നെന്നെ
കഴുകിവിരിക്കുന്നു
ഉടലിന്റെ
പിയാനോക്കട്ടകളിൽ
പ്രണയപ്പൂച്ചകൾ
നിനച്ചിരിക്കാതെ
ചാടുമ്പോൾ
താഴെയുടഞ്ഞ്
വിഷക്കുപ്പിയിൽ
കറുത്ത പാട്ട്
പാലുപോലെ..

എന്നിട്ട്?

-എന്നിട്ട്?
കൈരണ്ടുംപൂട്ടി
വീണ്ടും
കവിളിലേക്കായുമ്പോൾ
കുതറിയൊരൊറ്റക്കടി
-എന്നിട്ടോ?
പിന്നെയോട്ടം..
വീട്ടിലെത്തി
കതകിലടിച്ചു
നീട്ടിവിളിച്ചു..
'ഞാനേ..എന്റെ ഞാനേ..'ന്ന്
പടിക്കലെത്തുമ്പൊഴേ
ഓടിവന്നുതുറക്കുന്നതായിരുന്നു.
കണ്ടില്ല.
-എന്നിട്ട്?
എന്നിട്ടൊന്നുമില്ല സർ..
കഴുകാൻമറന്ന ചായഗ്ലാസിൽ
ഉരുമ്പരിച്ചുകാണുമല്ലോയെന്നോർത്തു.
അന്നേരം എനിക്ക്
ചായ കുടിക്കാൻ തോന്നി.
പക്ഷേ ഞാനൊരു സിഗരറ്റുവലിച്ചു.
പിന്നെയിരുന്നുറങ്ങി
-നിങ്ങൾക്ക് ചായ പറയട്ടെ?
വേണ്ട സർ..
എല്ലാഗ്ലാസ്സുകളും ഉറുമ്പരിച്ചതാണ്.
എല്ലാ മധുരപ്പതയിലും
ചത്തുകിടക്കുന്ന
ഒരുറുമ്പെങ്കിലുമുണ്ടാകും
-തിരിച്ചെങ്ങനെ? ഒറ്റയ്ക്ക് പോകുമോ?
എനിക്കിന്നലെ
വീടില്ലായിരുന്നു.
നഗ്നയായിരുന്നു
വിശപ്പുണ്ടായിരുന്നു
ഒരിക്കൽ മാത്രമേ
നിങ്ങൾക്കത്രയ്‌ക്കൊറ്റയ്ക്കാവാനൊക്കൂ.

കഥ

മരങ്ങളിത്ര
പച്ചയല്ലാതിരുന്നൊരു
കാലത്ത്
നദികളത്ര
നീലയല്ലാതിരുന്നൊരു
കാലത്ത്
ചൊല്ലിപ്പഠിപ്പിച്ചു
കളവുകളില്ലാതാക്കും
മുൻപ്
പണ്ട് പണ്ട്..
അതിനും പണ്ട്..
തുപ്പിയും
തുള്ളിയും
മേല്പോട്ടൊഴുകുന്നൊരു
നദിയും....,
മദിച്ചും
മഞ്ഞിച്ചും
കീഴ്പ്പോട്ടൊരു
മരവും...
അല്ലല്ല
ഇതൊരു
കളവേയല്ല

കേളെടീ കട്ടിലേ,😣

കേളെടീ കട്ടിലേ,😣
കഥയിലെ കൂനന്റെ പ്രേതം
കൂനുള്ള ശവപ്പെട്ടി തേടിനടപ്പുണ്ട്
തെറ്റുവയ്ക്കാൻ
മറന്നകോപത്തിലാണ്
ഭഗവതിയും
കണിയാന്റെ കാലൻപട്ടി
ഭാവിക്കപ്പുറത്തൂന്ന്
ഓരിയിടുന്നുണ്ടോ
പഴച്ചോരകുടിക്കാനായ്
വാവലും
പടം പൊഴിച്ചുടുക്കാനായ്
പാമ്പും
തോട്ടത്തിൽത്തന്നെയുണ്ട്
ഹോ
കയ്യും കാലും കഴുത്തും
വഴങ്ങാത്തയെന്റെ
കുറുമ്പിക്കട്ടിലേ..
ഉണക്കപ്പുല്ലിന്റെ
മുള്ളുമെത്തയിൽ
പുറംകുത്തിനോവുന്ന-
യെന്റെ കുറിഞ്ഞിപ്പയ്യിനെ
ഏതുപുന്നാരപിണ്ണാക്ക്
കൊടുത്തിട്ടേലു-
മൊന്നുറക്കിത്തരുവോ?

പ്രതി-കരണം

ഓരോ ആൾക്കൂട്ടവും
ഒരു ഗൂഢാലോചനയാണ്..
ചേരിചേരായ്മ
ചേലുള്ള
അന്യഗ്രഹജന്തുവും.
കറുത്ത പ്ലാസ്റ്റിക് കുപ്പി
കാലുകൊണ്ട്
തട്ടിത്തട്ടി
അരാഷ്ട്രീയവാദിയുടെ
ദൈവം കവലയിലൂടെനടന്നു.
കനച്ചയെണ്ണക്കട്ടി
തുരുമ്പുവഴിയുടെ
ഓരങ്ങളിലൂടെ
കുപ്പിയിലുരുണ്ടൊരു
മുദ്രാവാക്യവുംവിളിച്ചു.

ബ്ലും...

ഏതുപാത്രത്തിലിരുന്നും
തിളച്ചുതൂവാൻ 
തുടങ്ങിയതിൽപ്പിന്നെയാണ്
നിന്നെയെടുത്തുഞാൻ
കിണറ്റിലിട്ടത്
എല്ലാ കടമുറികളും 
എന്നേക്കുമായി 
അടച്ചിട്ട്
ഒരുഹർത്താലിന്റെ 
പടുമരണത്തോട്
പ്രതിഷേധിക്കുന്ന
നഗരത്തോടാണ്,
ഓർക്കുമ്പോഴൊക്കെ
ഉറങ്ങുവാൻ
നിങ്ങളുപദേശിക്കുന്നത്..

ഓർമയുടെ നിയമം

കാറ്റുകളുടെ
യുദ്ധകാലത്ത് 
വീർപ്പിക്കപ്പെടുന്ന
ബലൂണുകൾ,
ഒച്ചയറിയിക്കാതെ
പൊട്ടണമെന്നതാണ്
ഓർമയുടെ നിയമം.

അകം-പുറം

നീയെന്റെ
താക്കോൽപ്പഴുതിലെ
ഉഭയജീവി..
രാത്രിക്കും പകലിനും
ഇടയിലുള്ള
ദശാംശസംഖ്യ..

വൺവേ....

ഭൂമിയുടെ
ആത്മാവിലേക്ക്
ധ്യാനിക്കുന്ന
അഞ്ചുവൺവേകളുടെ
തെറ്റിദ്ധരിപ്പിയ്ക്കുന്ന
സൈൻബോർഡുകൾ
മാത്രമേ
നിങ്ങൾക്കറിയൂ..
ഏകാന്തതയെന്ന
വിശന്നമൃഗത്തിന്റെ
ഇരുണ്ടകാട്
അത്ര ഗുരുത്വത്തോടെ
വലിച്ചു തിരിച്ചുവച്ചിരിക്കുന്ന
പൊട്ടക്കിണറുകളുടെ
വയർവഴികൾ മാത്രമാണവ..

ഞങ്ങളുടെ ഗ്രാമത്തിലെ പ്രാവുകൾ

ഞങ്ങളുടെ ഗ്രാമത്തിലെ പ്രാവുകൾ
കതിരുകൊത്തിത്തിന്നുകയോ
സമാധാനംചുമന്ന് പറക്കുകയോ ചെയ്യാറില്ല.
പിന്നെയോ..
അവർ ഞങ്ങളുടെ വീടുകളുടെ 
മേൽക്കൂര റാഞ്ചുന്നവരാണ്.
അതിനാൽ ഞങ്ങൾ
വീടാകെ വെളുത്തചായം തേക്കുന്നു.
മുകളിൽനിന്നവ തടിച്ച ചിറകുകളുള്ള
പ്രാവുകളായി തോന്നിച്ചേക്കും.
കാലുകളുള്ള കാടിനെ ഭയന്നാണ്
ഞങ്ങൾ ചിറകുമുളച്ചേക്കാവുന്ന
വീടുകളുണ്ടാക്കിയത്.
ഭയത്താൽ ഭയത്തിന്
കാവലിരിക്കുന്നവരാണ് ഞങ്ങൾ.
ചിറകുവിരിയാത്തിടത്തോളം
ഞങ്ങളുടെ ഗ്രാമം വീടുകൾക്ക്
അടയിരിക്കും.
ഞങ്ങളുടെ മേൽക്കൂരകൾ
ആകാശം കണ്ടിട്ടേയില്ല.
ഞങ്ങളാകട്ടെ ഉറങ്ങാറുമില്ല.
കാലൊടിഞ്ഞ കാടുകളെ മറന്ന്
പ്രാക്കളെ പേടിക്കുകയാണ് ഞങ്ങൾ.
പ്രിയനേ..
സ്നേഹമില്ലായ്മയിൽ
ഞാനൊരു മുൾച്ചെടിയാണ്.
എന്റെ മരുഭൂമിയുടെ
അരികത്തിരുന്ന്
ചെണ്ടകൊട്ടരുതേ.
ഉത്സവങ്ങളുടെ
തെരുവ് നേരത്തെ
മരണപ്പെട്ടിരിക്കുന്നു.
മരിച്ചവരുടെ
മെതിയടികൾ
അൾത്താരയിൽ
കത്തിച്ചുതീകായുകയായിരുന്നു നാം.
ഇരുട്ടിനു തീപിടിച്ചപ്പോൾ,
കുരിശുവിട്ടിറങ്ങിയ
ദൈവത്തോടൊപ്പം
പുലർച്ചത്തെവണ്ടിക്ക്
നീയും നാടുവിട്ടിരുന്നു.
ഇപ്പോൾ,
പള്ളിനിറയെ
മരിച്ചവർ നടന്നവഴികൾ
നിറയുകയാണ്..
ഇനിയിവിടെ
മെഴുകുതിരി കത്തിക്കരുതേ..
മരണശേഷമെന്നെ
വിശുദ്ധയാക്കയുമരുത്.
എന്റെ കറുത്തപട്ടത്തെ
മഴവില്ലിൽ തൂക്കിയിടല്ലേ..
മുന്തിരിവള്ളികളിൽ
കൊരുക്കല്ലേ,
ഞാനൊരു
കിഴിയാത്ത മുത്താണ്.
നാം വളർത്തിയ ഓന്തുകൾ
കരച്ചിൽ നിർത്തി
കൊഞ്ഞനംകുത്തുന്നുണ്ട്.
ബൊമ്മകളുടെ
നേതാവായ
മരക്കുതിര നോക്കിനോക്കി
ചിരിക്കുന്നുമുണ്ട്.
ചീഞ്ഞുപോയ
സ്നേഹത്തെ
വീഞ്ഞെന്നവണ്ണം
കുടിച്ചവരാണ് നാം.
എന്നിട്ടും നീയെന്റെ ദാഹത്തെ
ഒറ്റുകൊടുത്തിരിക്കുന്നു.
വിശപ്പുമൂത്ത്
വിഷമെന്നപോലെ
നാം പരസ്പരം
ഭക്ഷിച്ചിരുന്നു.
എന്നിട്ടും നിന്റെഗ്രാമം
എന്റെ ദേഹത്തെ
ജനൽവഴി പുറത്തേക്കെറിയുകയാണ്.
കറുപ്പും വെളുപ്പുമെന്ന്
കീറിയിട്ട ആകാശത്തിൽ
മഴകഴിയുന്നേരം
നാം രണ്ടുഗ്രഹങ്ങളിലാണ്.
******
ഓർമകളുടെ ദരിദ്രരാജ്യത്തു
യുദ്ധമുണ്ടാവുമ്പോൾ,
ഇനിയുംമുളച്ചിട്ടില്ലാത്ത
കാപ്പിച്ചെടികൾക്കിടയിലിരുന്ന്
നീയെന്നെയോർത്തും
കരയുകയാവാം..
എങ്കിലും,
കടലുപേക്ഷിച്ച നിന്റെപുഴയിലെ
അവസാനത്തെ
മീനിനെയും എന്റെമുൾച്ചൂണ്ട
കൊന്നുകോർത്തല്ലോ..
ഞാനെന്തൊരു
ശപിക്കപ്പെട്ട മുൾച്ചെടിയാണ്.
നീയെന്നെയെന്തിനു
തിരഞ്ഞെടുത്തു.
കണ്ണുകാണാത്ത
രണ്ടുഗ്രഹങ്ങളിലിരുന്ന്
ഓന്തുകൾ പിന്നെയും
കരയുന്നു.

ടോസ്

ഏതോ പുരാതനഗ്രഹത്തിൽ
രണ്ടുപേർ ടോസ് ചെയ്യുന്ന
നാണയത്തിന്റെ
ആകാംക്ഷമുറ്റിയ
ആയുസ്സിനെ...
അപഹരിച്ചോടിപ്പോകുന്ന
വെളുത്തകുതിരയെ...
ഒരമ്പിന്റെ മുനമ്പിലേക്ക്
ആവാഹിച്ചെടുക്കുന്ന
ഭ്രാന്തനായ
നായാടിയെ...
ഒറ്റനോട്ടം
കൊണ്ടപ്രത്യക്ഷമാക്കുന്ന
നാടോടിയായൊരു
മായാജാലക്കാരനെ...
അതിനെ അവരെയൊക്കെ
അവിടെത്തന്നെ
സ്തംഭിപ്പിച്ചുനിർത്തി,
ഹെഡ് / ടെയിൽ
എന്ന നിന്റെചോദ്യത്തിലെ
കുത്തുംകോമയും
മാറ്റിയും തിരിച്ചുമിടുന്ന
കളി മതിയാക്കി,
എത്ര സഞ്ചാരിയായ
നദിയാണു നീ,
അത്ര വേരാഴമുള്ള
മരമാണു ഞാൻ..
എന്നൊരുത്തരത്തിൽ
ഭൂമിയിലെ സകലജീവജാലങ്ങളുടെ
സകലകുഞ്ഞുങ്ങളെയും
ഒന്നിച്ചുറക്കാൻ
ഒരു താരാട്ടുജപിച്ചിട്ട്,
നിന്നെയും എന്നെയും
ആ നാണയത്തിന്റെ
രണ്ടുമുഖങ്ങളിലൊട്ടിച്ചുവച്ച്
അതിനെ അങ്ങനെതന്നെയുപേക്ഷിച്ച്...
മോചിപ്പിച്ച്...
നിന്റെ പൂന്തോട്ടത്തിന്റെതാക്കോൽ
ഒഴിഞ്ഞതൊട്ടിലിലിട്ട്
കടന്നുകളയുകയാണ് ഞാൻ.
നമ്മളിനി കാണുകയേയില്ല.

ബലൂൺ

വല്ലാതെ ബഹളംവച്ചോണ്ടിരുന്ന
നഗരത്തെ ചുരുട്ടിയെടുത്തു
കുമിളയ്ക്കുള്ളിലാക്കി
പറത്തിവിടുമ്പോഴുള്ള
ശാന്തതയിന്മേലാണ്;
വഴിയരികിൽ ടാർപ്പാടെന്റിട്ടിരുന്ന
 ചെരുപ്പുകുത്തി,
ഒരുവയസ്സന്റെയൊടിഞ്ഞകാൽവിരലുകൾ
തുന്നിക്കെട്ടുന്നകാഴ്ച്ച
ഓടിക്കേറിവന്നത്.
അതേയിന്നലെയുടെ
അവസാനത്തിലാണ്
ഭാര്യാജാരന്റെ
കഴുത്തറുത്തേന്
ബാർബർ തങ്കൂനെ
പോലീസുപിടിച്ചത്.
ഇന്ന് ഹർത്താലാൽ ദിവസം
നഗരം നിശ്ശബ്ദമൊരു
കുമിളയിലേക്കിറങ്ങുമ്പോൾ
ഷട്ടറില്ലാത്തയെന്റെ
ബലൂൺകട കത്തിച്ചുകളഞ്ഞിട്ട്,
കുമിളകൾ പൊട്ടിക്കാൻ
വേണ്ടിമാത്രമൊരു
തോക്കെടുത്ത്
ഞാൻ നടക്കാനിറങ്ങും..

പിണങ്ങിപ്പോയിരിക്കാൻ വീടില്ലാത്തോർക്ക്

ഒരു മരം
അതിന്റെ മണ്ണിനോട്
പിണങ്ങുമ്പോൾ
എങ്ങോട്ട്പോണം?
ഒരു മീൻ
പുഴയോട്
പിണങ്ങുമ്പോളോ?
അപ്പോഴാണ്
നമുക്ക് പക്ഷികളോടും
തവളകളോടും അസൂയ തോന്നുക.
ക്ലൈമാക്സ്:
നീന്തുന്ന മരവും
പറക്കുന്ന മീനും 😍
ശുഭം!
മുടിവെട്ടുന്ന ഒരാൾ
കത്രികയാവുന്നു.
ചെത്തുകാരൻ
കള്ളുകുടമാവുന്നു.
കുഴിവെട്ടുന്നവൻ
മൺവെട്ടിയാവുന്നു.
അപ്പോൾ നിങ്ങൾ
കലപ്പയുംപിന്നെ,
കലവുംകൂടി
നദിയിലെറിയില്ലേ?
പാട്ടുപാടിക്കൊണ്ടിരുന്ന
ഒരുപെൺകുട്ടിക്ക്
തീപിടിക്കുന്നു.
പാട്ടുംകൂടെ കത്തുന്നു.
പിന്നത്തെയെല്ലാ
കോട്ടുവായകൾക്കും
നിങ്ങടെ ചെവീന്ന്
വെള്ളം വരൂല്ലേ?
നടന്നോണ്ടിരിക്കുമ്പോൾ
കാലൊക്കെ
ദേഹത്തൂന്നൂരിപോകുന്ന
രാജ്യത്ത്,
ചിരിച്ചോണ്ടിരിക്കുമ്പോൾ
പല്ലുകൊഴിഞ്ഞു
പൂമുളയ്‌ക്കണ കാലത്ത്
ഉറങ്ങാതിരിക്കാനല്ലാതെ
നിങ്ങളെന്തു തീരുമാനിക്കും?
അതുകൊണ്ടാണ്
പ്രണയിച്ചുകൊണ്ടിരിക്കെ
ഞാനവനെ
കൊന്നുകളഞ്ഞത്...