Monday 22 May 2017

എങ്ങുംതൊടാത്ത
പാലത്തിന്റെ
കൈവരികളിലെ
ദശാംശജീവികളേ..
അന്തസ്സിനും
ആഭിചാരത്തിനും
ഇടയിൽ
ഓമനിക്കപ്പെടാതെ
ചത്തുപോകുന്ന
നാട്ടുമൃഗങ്ങളുടെ
ഭാഷയിൽ
വായിക്കപ്പെടാത്ത
ബുദ്ധകവിതയാണ്
നിങ്ങൾ
താനേ വളരുകയോ
ചുരുങ്ങുകയോ
ചെയ്യുന്ന
ഉടുപ്പുചെരിപ്പുകളുടെ
നിത്യനഗ്നദേഹമാണ്
മെരുക്കപ്പെടാത്ത
വയസ്സൻമൃഗത്തിന്റെ
ആദ്യത്തെയുടമകളാണ്
അനിശ്ചിതാവസ്ഥകളുടെ
എമൾഷനാണ്
കള്ളനും ക്രിസ്തുവിനുമിടയിലെ
അദൃശ്യക്കുരിശിൽ
നിങ്ങളൊരു
പാഴ്ബലിയാണ്
ഉരുമ്മുമ്പോളൊക്കെ
കൊല്ലുന്നപോലെ
നിലവിളിക്കുന്ന
പൂച്ചക്കുഞ്ഞുങ്ങളുടെ
വളർത്തച്ഛനാണ്
അളവുപാത്രങ്ങളാലുള്ള
ആവലാതിയിൽ
നിങ്ങളൊരു
മോശം
കച്ചവടക്കാരനാണ്
സ്വപ്നത്തിലെ കവിതയോ
കവിതയിലെ സ്വപ്നമോ ആണ്
പ്രേതഭാഷണങ്ങളിലെ
നിസ്സഹായതയുടെ
ചെവിയാണ്
ഇവരുടെ
ആശ്ലേഷരാഹിത്യത്തിന്റെ
അടിയുടുപ്പുകൾ
ഒരിക്കലും ഉണങ്ങാത്തപോലെ
നനഞ്ഞിരിക്കുന്നു
നിങ്ങലെന്നെന്നേയ്ക്കുമായി
ഒറ്റപ്പെട്ടിരിക്കുന്നു

ഉറക്കം നടിക്കുന്ന ഭൂമി നക്ഷത്രങ്ങളെ എന്തുചെയ്യുകയാണ്?


.....................................
നിറയെ മുലഞെട്ടുകളോടെ
കാമുകനെ സ്വപ്നം
കണ്ടതുപോൽ,
പിഴിഞ്ഞുവച്ച
നിലാക്കുപ്പി
മനപ്പൂർവം
മറിച്ചിട്ടു മലർന്നുകിടന്ന്
ഉൽപ്രേക്ഷകളില്ലാത്തൊരു
കവിത
പച്ചയ്ക്കുചൊല്ലി
മാനത്തിന്റെ
മാറിൽ
തപ്പുകയാണ്!
ഉറക്കം
പ്രണയത്തിലൊന്നാന്തരം
അടവെന്ന്...

പിൻഗാമി ..................


നാലുപാടും
വാൾചുഴറ്റിയൊരു യോദ്ധാവ്
കവലയിൽ..
ഭ്രാന്തനെന്ന് എങ്ങനുറപ്പിക്കും?
യുദ്ധം മാത്രമേ കഴിഞ്ഞിട്ടുള്ളൂ
യോദ്ധാവ് തുടരുകയല്ലേ
ഞാനൊരു അടിമയാണ്
ഉടമ മരിച്ചിട്ടും
ഉടമ മാറിയിട്ടും
അടിമ തുടരുകയാണ്
എത്ര അസഹനീയമായ
സ്വാതന്ത്ര്യമാണിത്.
എങ്ങനെയാണ് മോചനം
ചരിത്രത്തിൽനിന്ന്
ഇറങ്ങിനടക്കുകയാണ്
ചരിത്രത്തിലൂടെത്തന്നെ
നടക്കുകയാണ്
ഭാവിയുടെ തുറന്നഅറ്റം
പ്രേതനഗരിയാണെന്നാണ്
അശരീരി.
ഇല്ലാത്ത രാജ്യങ്ങളും,
ഇല്ലാത്ത രാജാക്കന്മാരും,
യുദ്ധങ്ങളും
അടിമകളും.

പ്രേമത്തിൽപ്പെടുമ്പോൾ കുട്ടികൾ വളർത്തുന്ന കുരങ്ങുമനുഷ്യർ നമ്മൾ, ........................

പ്രേമത്തിൽപ്പെടുമ്പോൾ
കുട്ടികൾ വളർത്തുന്ന
കുരങ്ങുമനുഷ്യർ
നമ്മൾ,
........................
കൂവിപ്പായുന്ന
ഗമണ്ടൻ വണ്ടികളെപ്പോലും
അള്ളുവച്ചുപിടിക്കുന്നു..
ആനക്കൂട്ടത്തോടൊപ്പം
കരിമ്പിൻതോട്ടം
കയ്യേറുന്നു
എല്ലാ ചെടികളുടെയും
മണ്ടയൊടിച്ചുവിടുന്നു
എല്ലാവർക്കുംവേണ്ടി
ആർക്കുമല്ലാതെയൊരയഞ്ഞ
പാട്ടുപാടുന്നു
തെരുവിന്റെ ചെകിട്ടത്തടിച്ചും
കഴുത്തിനുകുത്തിപ്പിടിച്ചും കാശുമേടിക്കുന്നു.
ഉറങ്ങിക്കിടക്കുന്ന കുടിലുകളെ
പോക്കറ്റടിക്കുന്നു
നദിക്കടിയിൽ
നമ്മളൊരു പാലം കണ്ടെത്തുന്നു
രഹസ്യവേരുകളിലൂടെ
ലഹരിമരുന്ന് കടത്തുന്നു
വീർത്തുവീർത്തുപൊട്ടിപ്പോയ
ബലൂൺപ്രേതംകണക്കെ
മുഴുപ്പിനും
മുറിവിനും
ഇടയിൽ ശൂ.. എന്ന്
നമ്മളെ കാണാതാവുന്നു
വീട്ടിലേക്കുള്ള
വഴിമറന്നേതുള്ളുന്നോന്ന്
തല്ലുകൊള്ളുന്നു..
......................
വെളീൽ
കുളിച്ചോണ്ടിരിക്കുമ്പം
പെട്ടെന്ന് നാണംവന്ന-കത്തേക്കോടിപ്പോണനേരംവരേയ്ക്കും നമ്മൾ
പ്രേമത്തിൽപ്പെട്ടവർ,
തീപിടിച്ചുരുണ്ടുപോകുന്ന
കുരുത്തംകെട്ട
രണ്ടുസൈക്കിൾടയറുകൾ..
മരത്തേക്കാൾ
വലിയവിത്തേ...
മഴയുടെ ഏതറ്റത്തിട്ടാണ്
നിന്നെ മുളപ്പിക്കേണ്ടത്?
ക്രമം
എന്ന രാജ്യത്ത്
എല്ലാ വീടുകളും
എല്ലാ ജീവികളും
ഒരുപോലെയാണ്
സകലർക്കും
ഒരുപേരും
ഒരേപാത്രവുമാണ്
എല്ലാ കവികളും
എല്ലാ ചിത്രകാരന്മാരും
ഒറ്റഭാവനയുടെ
ആചാരാവിഷ്കാരത്തിലാണ്
വികലാംഗർ ജനിക്കാറേയില്ല
ഒരേ ഉടുപ്പളവുകളിൽ
എല്ലാവരും ഒരുപോലെ സ്വതന്ത്രരാണ്
പ്രണയങ്ങളും
ഉത്സവങ്ങളും അതിന്റെ
ചലനാത്മകതയുടെ
പ്രവചനാതീതതയിൽ
നിരോധിക്കപ്പെട്ടിരിക്കുന്നു
സാഹോദര്യത്തിന്റെ
പാരമ്യത്തിൽ
ആകാംക്ഷ അസൂയ
പക്ഷപാതം
വിദ്വേഷം
ഇവയൊന്നുംതന്നെ നിലനിൽക്കുന്നേയില്ല
തുല്യനീതിയുടെ
സാങ്കേതികത
എത്ര യുക്തിഭദ്രമാണെന്ന്
നോക്കൂ

Monday 10 April 2017

നദിയിലേക്ക്
മുട്ടയിടുന്നൊരു
പക്ഷിയെയോ
മറ്റോ
ഞാനോർമ്മിപ്പിക്കുന്നുണ്ടോ
കടവത്തെ എല്ലാ വള്ളങ്ങളെയും
നീയിങ്ങനെ ഒഴുക്കിവിടുന്നു!
വേരുകൾക്കുള്ളിലേക്ക്
ശലഭങ്ങളെ
അടുക്കിവയ്ക്കുന്നു
കടന്നൽക്കൂടുകളെ
എരിച്ചുകളയുന്നു
നദിക്കടിയിലെ
ബലൂൺചെടീ
എന്നെന്നെ വിളിക്കുന്നു
എല്ലാ മീനുകളെയും
എല്ലാ പക്ഷികളെയും
ഭയപ്പെടാൻ
പറയുന്നു
നദിയോടൊപ്പം
നീയെന്റെ
ഗർഭകാലത്തെയും
ഒഴുക്കിക്കൊണ്ട് പോകുന്നു
കാമുകനൊപ്പം
പുറപ്പെട്ടുപോകുന്ന ഒരുത്തി
വീടിനെ
നോക്കുന്നപോലെ ഞാനീ കരയെ നോക്കുകയാണ്
നീ ഞങ്ങളെ
ഒരു മരപ്പൊത്തിലേക്ക്
ഒളിപ്പിച്ചുവക്കുന്നു
എത്രയെത്രകിളികളും
അത്രതന്നെകാറ്റുകളും
കടന്നുപോകുന്നു
എത്രയുണ്ട്
നിന്റെ ഗർഭകാലമെന്ന്
എല്ലാരാത്രിയിലും
നീ ചോദിക്കുന്നുണ്ട്
നാളെ വരെ നാളെ വരെ
എന്ന് ഞാൻ പറയുന്നുമുണ്ട്
...
നദിക്കടിയിലെ
ബലൂൺചെടീ
എന്ന് ഞാൻ നിന്നെ വിളിക്കുന്നു.
മീനുകളെയും കിളികളെയും
നിന്നെക്കരുതി
ഭയപ്പെടുന്നു.
ഇതാ, നിന്നെ ഞാൻ
എന്റെ ഉള്ളംകയ്യിൽ
രേഖപ്പെടുത്തിയിരിക്കുന്നു

സംശയം

പോലീസുകാരനെപ്പോലൊരാളെ
കവലയിൽ കാണുന്നു
അയാളെന്നോട്
കണ്ടോ
എന്ന് ചോദിക്കുന്നു.
കണ്ടോ കണ്ടോ
എന്ന് ഞാനെന്നോടും
ചോദിക്കുന്നു.
കണ്ടതുപോലെതന്നെ തോന്നുന്നു.
കണ്ടു; എന്ന് പറയുമ്പോൾ
ചെയ്തോ
എന്നയാൾ.
ചെയ്തോ ചെയ്തോ
എന്ന് ഞാനെന്നോടും
ചോദിക്കുന്നു.
ചെയ്തതുപോലെതന്നെ തോന്നുന്നു.
ചെയ്തു; എന്ന് ഞാനയാളോട്
പറയുമ്പോൾ
കണ്ടവരും ചെയ്തവരും
ഒരുമിച്ച് വരുന്നു.
അവരെല്ലാവരും പൊലീസുകാർ.
കണ്ടവരാരും കണ്ടവരും,
ചെയ്തവരാരും ചെയ്തവരും അല്ല
എന്ന് ഞാനുറപ്പിക്കുന്നു
കവല നിറയെ പൊലീസുകാർ
ചന്ത നിറയെ പൊലീസുകാർ
വേണ്ടേ, എന്നവർ ചിലതൊക്കെ
വില്പനയ്ക്ക് വയ്ക്കുന്നു.
എന്നെ അവർക്ക് വിറ്റ്
ഞാനതെല്ലാം വാങ്ങുന്നു.

ദൂരം എങ്ങിനെയൊരു തെളിവല്ലാതാകും?

ഇവിടുന്ന് പോയി
ഇവിടെത്തന്നെ
വന്നിരിപ്പുണ്ട്.
സ്ഥാനം സ്ഥിതി
ഒന്നും മാറിയിട്ടില്ല.
രണ്ട്
കുത്തുകൾക്കിടയിൽ
പ്രത്യേകിച്ചും,
ദൂരം സ്വപ്നം
പോലൊരളവാണ്
യാതൊരു
വിശ്വസനീയതയും
ഉണ്ടാവില്ല
(സമയം
വെറുതേ
ഒരു തോന്നലാണ്.
അതിനിവിടെ പണ്ടേ
പ്രസക്തിയില്ല)

കൂടുതൽ കൊഴുപ്പുള്ള ചായ എങ്ങനെയുണ്ടാക്കാമെന്നത് അത്ര ലളിതമൊന്നുമല്ല

നമ്മളാദ്യമീ തത്തയെയോ
പൂച്ചയെയോ
വാങ്ങുന്നില്ല,
നമ്മളിവിടുന്ന് ഒരു
കഴുതയെ വാങ്ങുന്നു.
ഉള്ളചുമട്
നമ്മളെടുത്ത് തെരുവിലൂടെ
നടത്തുന്നു
തീറ്റിപ്പോറ്റുന്നു.
എന്നിട്ട് നമ്മളീ
പശുവിനെ വാങ്ങുന്നു
കഴുതയോടൊപ്പം
കെട്ടുന്നു
പിന്നെയൊരു ദിവസം
കഴുതയെ വിറ്റ്
തത്തയെയും പൂച്ചയെയും
ആ നായയെയും
വാങ്ങുന്നു.

അലമാര

തലതാഴ്ത്തിത്തരുന്ന
തെങ്ങുകളുടെ
കാലത്തൊന്നുമല്ല..
ഈയിടെയായി,
ചില കാലങ്ങൾ
മറ്റുചില കാലങ്ങളിലേക്കും
അതിനുംപുറത്തെ കാലങ്ങളിലേക്കും
ഒഴുകാനും
മിണ്ടാനും
കേൾക്കാനും
തുടങ്ങിയിരിക്കുന്നു
തോന്നൽ
എന്ന കാലത്തിലിരുന്ന്
അയാളല്ലേയിതെന്ന്
തോന്നുമ്പോഴേക്കും
ഞാനല്ലയാളെന്നയാൾ
ഞെട്ടിക്കുന്നു
ഓർമ
എന്ന കാലത്തിരുന്ന്
എങ്ങനൊക്കെയായിരുന്നു
എന്നോർത്തുമുഴുമിച്ചില്ല
അപ്പോഴേക്കും
ചിലരൊക്കെവന്ന്
ഇപ്പോഴെന്തായീയെന്ന്
കളിയാക്കിചിരിക്കുന്നു
സ്വപ്നം
എന്നൊരു കാലത്തൂന്ന്
ഹാ.. എന്തൊക്കെയുണ്ട്,മനസിലായില്ലേ
എന്നൊക്കെ
തോളിൽ തട്ടുന്നു
................
ആരാണീ
അലമാരയിലിരുന്നതൊക്കെയിങ്ങനെ
അലങ്കോലമാക്കിയിട്ടതെന്ന്
ആരോ ഉറക്കെ ചോദിക്കുന്നു
ആരോ ആരോ ആരോ
എന്ന് അലമാരയ്ക്കകത്തൂന്ന്
ഞാനുത്തരം
പറയുന്നു
എല്ലാകാലത്തിലുമിരുന്ന്
എല്ലാവരും
അതുകേൾക്കുന്നു
എല്ലാഅറകളീന്നും
അവരിറങ്ങി
വരുന്നു
എല്ലാ അറകളിലേക്കും
എന്നെ വീതിച്ചു കൊണ്ടുപോകുന്നു
എല്ലാ അറകളും
ഒരുപോലെയാകുന്നു
എല്ലാ കാലങ്ങളും
ഒരുപോലെയാകുന്നു
...............
ആരാണീ
അലമാരയിലിരുന്നതൊക്കെയിങ്ങനെ
അലങ്കോലമാക്കിയിട്ടതെന്ന്
ആരോ ഉറക്കെ ചോദിക്കുന്നു
ആരോ ആരോ ആരോ
എന്ന്
എല്ലാവരും ഉത്തരം
പറയുന്നു

എത്രയുണ്ട് എന്ന് ചോദിച്ചാൽ..

ഇവിടെനിന്ന്
നോക്കുമ്പോൾ
ദേ..
ഇത്രയും
ഒന്നടുത്തോ
അകന്നോ
നിന്നാൽ
കൂടിയും
കുറഞ്ഞും.
അത്രേയുള്ളൂ
ഉറപ്പിച്ച്
ഉത്തരം
പറയാൻ
ഒരുനിലം
ഇല്ലാത്തതുകൊണ്ട്
ഉരുണ്ടുകളിക്കുകയാണ്

കുളി

അഞ്ച് മണിക്കൂറായി
നീ
കുളിക്കാൻ കയറിയിട്ട്
അഞ്ച് മണിക്കൂറായി
ഞാൻ
ഇവിടിങ്ങനെ
ഇരിക്കുകയാണ്
അഞ്ച് മണിക്കൂറായി
അത് തന്നെ
ആലോചിക്കുകയുമാണ്
ഇതൊക്കെ തന്നെ,
നിന്റെ കണ്ണ്
മൂക്ക്
ചെവി
കയ്യ്
കാല്
മുടി
ഹാ.. അങ്ങനെ വരട്ടെ!
അപ്പോൾ
അഞ്ച് മണിക്കൂറായി
ഞാൻ നിന്നെ വരയ്ക്കുകയാണ്
കുളിമുറിയിലേക്ക്
പോകാനായുന്ന നിന്നെ..
അപ്പോൾ
അഞ്ച് മണിക്കൂറായി
നീയെന്നെ വരയ്ക്കുകയാണ്
കുളിമുറിയിലേക്ക്
പോകാനായുന്ന നിന്നെ
വരയ്ക്കുന്നയെന്നെ
പരസ്പരം
പോസ് ചെയ്യുന്ന
ഞങ്ങൾ രണ്ടുനിശ്ചലചിത്രങ്ങളെ
ശല്യപ്പെടുത്താതെ ..
ശബ്ദം പോലും കേൾപ്പിക്കാതെ
നീ
ഒടുക്കത്തെ കുളിയാണ്

തിരനാവുകളുടെ ഖരാവസ്ഥ

തിരയെ,
നാവ്
എന്നൊരൊറ്റ-
യുൽപ്രേക്ഷയിൽ,
കടൽ
കടൽതന്നെയോ
നാവ്
നാവ്തന്നെയോ എന്നും,
ചലിക്കുന്നൊ
ജീവനുണ്ടോ
എന്നതൊക്കെ
വെറും മണ്ടൻ
ചോദ്യങ്ങളാണോ
അതോ അല്ലയോ
എന്നും
ഒരു ദ്രാവകവും
ഒരു ഖരവും
അത്രയൊന്നും
അങ്ങനൊന്നുമല്ലായെന്നുംവരെ
ആശങ്ക
തോന്നുന്ന

വൈകുന്നേരത്ത്, കടൽത്തീരത്ത്
ഏത് തീയിലാണ്
ഏത് മഞ്ഞിൽ
കാറ്റിൽ
മഴയിൽ
(അതോ
ഇനിയേതേലും
പ്രേമത്തിലോ)
ഉരുകിയോ
ഉറഞ്ഞോ
പറന്നോ
ഒഴുകിയോ
നിന്നെ
കാണാതാവാൻ
-നീയല്ലാതാവാൻ-
പോകുന്നത്?
നീയെപ്പോഴാണ്
ഒരു പുഴുവോ
പാറ്റയോ
മുയലോ
കുരങ്ങൊ
ചിലപ്പോൾ
ഒരു കുയിലോ
കല്ലോ
കായലോ
ആകുന്നത്?
വല്ലതിലും
വീണ്
അലിഞ്ഞോ
അലിയാതെയോ
ആകുന്നത്?
എന്നൊക്കെ
ആലോചിച്ച്,
നിന്നെ
ഇങ്ങനെ
പേരെടുത്ത്,
ഇപ്പോൾ ഇവിടെ
ഇങ്ങനെ നീയുണ്ടെന്ന്
ഉറപ്പിച്ച്,
പിന്നെയും
പേരെടുത്ത്
വിളിക്കാനാണ്
എനിക്കിഷ്ടം 😍

Tuesday 7 March 2017

പരാദം

'ഈരാത്രിയിവിടെ
കഴിഞ്ഞോട്ടേ'
എന്നൊരാൾക്ക്
സമ്മതം
പറയുമ്പോൾ
'എവിടെ'
എന്ന് ചോദിക്കാൻ
വിട്ട്പോകുന്നൊരാളാണ്
നിങ്ങൾ
പ്രത്യേകതകളൊന്നുമില്ലാത്ത
ആ രാത്രിക്കൊടുവിൽ..
രാവിലെ എന്ന സ്ഥലത്ത്,
ടവൽഎടുക്കുമ്പോൾത്തന്നെ
നിങ്ങളെയവൻ
കുളിപ്പിച്ചെടുക്കുന്നു
ഉച്ച എന്ന സ്ഥലത്ത്,
പ്ലേറ്റെടുക്കുമ്പോൾത്തന്നെ
ഏമ്പക്കമിടീപ്പിക്കുന്നു.
കാലിയായ അരിക്കലംകണ്ട്
നിങ്ങൾ അന്തംവിട്ട് നിൽക്കുന്നു.
രാത്രി എന്ന സ്ഥലത്തുവച്ച്,
നിങ്ങളെ തന്നെ ഭോഗിക്കുന്ന
നിങ്ങളെ
അയാളിൽ കണ്ടെത്തുന്നു.
സ്വപ്നങ്ങളിൽ
ഇത്തിളുപിടിച്ചമാവ്,
പാമ്പ്നിറഞ്ഞ
പഴുത്തമാങ്ങകൾ
അടുക്കളയിൽചെന്ന്
നിങ്ങൾ വിശപ്പ് തപ്പുന്നു
ദാഹിക്കാനായി
കിണറ്റിൽചാടുന്നു
പ്രണയിക്കാനായി
നിങ്ങളൊരു
സന്യാസിയാവുന്നു
ചിതല്മൂടിയ വീട്ടിൽ
സമാധിയിൽ
നിങ്ങളെ ചിലർ കണ്ടെത്തുന്നു
മരിച്ചെന്ന് കരുതി
അവസാനത്തെ മാവുംമുറിക്കുന്നു
വിറകട്ടികൾക്കിടയിൽനിന്ന്
നിങ്ങളുടെ
ശവശരീരം
കളവ്പോകുന്നു
അഥവാ
കണ്ടെത്താനാകാതെവരുന്നു
'ഈരാത്രിയിവിടെ
കഴിഞ്ഞോട്ടെ'
എന്നൊരു
ശരീരരഹിതശബ്ദം
പലവാതിലിലുംമുട്ടി
തെറിച്ചുതെറിച്ചുപോകുന്നു.
മഞ്ഞസ്കൂട്ടറിൽ
നാട്ചുറ്റാനിറങ്ങുകയാണ്
നമ്മളും പൂച്ചക്കുഞ്ഞും
വഴിയിലയഴിഞ്ഞഴിഞ്ഞങ്ങനെ
പെരുംമഴയില്
കുറ്റിച്ചെടികളെല്ലാം
എഴുന്നുനിന്ന്
പനമരങ്ങളാവുകയാണ്..
നാട്ടുവഴീലങ്ങിനെ
തടിച്ച
കാടുണ്ടാവുന്നു
പൂച്ചക്കുഞ്ഞ്
കൊമ്പനാകുന്നു,
വയസ്സറിയിക്കുന്നു,
എല്ലാ
കാട്ടരുവികളീന്നും
വെള്ളച്ചാട്ടങ്ങളിറങ്ങുന്നു..
നീ നിന്നെ ഒന്ന് രണ്ട് ന്ന്
പിളർത്തുന്നു.
ആന ആനയെ
മൂന്ന് നാല് ന്ന്
പിളർത്തുന്നു
തൂണോളംപോന്ന
അതുങ്ങളുടെ
ലിംഗത്തിൽ
കാട് പതിയെ
ഒരമ്പലമുയർത്തുന്നു
നാല് കല്ത്തൂണുകളിലും
മാറി മാറി
നീയെന്നെ
ചാരി നിർത്തുന്നുണ്ട്
നിന്റെ നാലുകണ്ണിലും
കൊമ്പനാനകളും..
ഓരോ മണിയടികളിലും
അവയ്ക്ക്
മദമിളകുന്നു
വിഗ്രഹങ്ങളെ
മാറ്റി
നീയെന്നെ
പ്രതിഷ്ഠിക്കുമ്പോൾ
പൂജാരിയെ
മാറ്റി
ഞാൻ
നിന്നെയും
പ്രതിഷ്ഠിക്കുന്നു
........
അമ്പലത്തിൽ
നിന്ന്
രണ്ടുപേർ,
ഒരു പൂജാരി
ഒരു ദൈവം,
മഞ്ഞസ്കൂട്ടറിൽ
നാട് കാണാനിറങ്ങുന്നു
ഒരു പൂച്ചയും ഒപ്പം കൂടുന്നു
പറക്കാനോങ്ങുന്ന
കസാലപ്പൂച്ചയുടെ 
അപൂർവദൃശ്യം
പകർത്താൻ
ചമ്രംപടിഞ്ഞിരിക്കുന്ന,
ഏഴെട്ട്
കയ്യുംകാലുമുള്ള
കുത്തിമറിച്ചിൽ
കുരങ്ങച്ചന്മാർ,
തുമ്മാൻമുട്ടിയിട്ടും
തുമ്മാതെ
പിടിച്ചുവച്ച
മൂക്കുകൾ
വളർന്നുണ്ടായ
തുമ്പിക്കയ്യുകൾ
എന്തൊരശ്ലീലമാണ്.
അയ്യേ!
പഴുത്തിട്ടും
പറിക്കാത്ത
നാരങ്ങകളാണ്
നക്ഷത്രങ്ങളെന്ന്
നീ
പ്രേമത്തിന്
ഒടുക്കത്തെ
പുളിയാണ്

Self Portraits

നിങ്ങളൊരു
രാജാവാണെന്ന്
നാലുവട്ടം 
നിങ്ങളെന്നോട്
പറഞ്ഞിരിക്കുന്നു
നാലാമത്തെവട്ടം
കണ്ണടച്ചാണ്
നിങ്ങളത് പറഞ്ഞത്
ഞാൻ
നിങ്ങളുടെ
ഉള്ളിലാണോ
ഞാൻ തന്നെ എന്റെയൊരു തോന്നലാണോ
എന്നൊക്കെയെനിക്ക്
തോന്നിപ്പോയി
എന്നിട്ടും
നിങ്ങളൊരു
രാജാവാണെന്ന്
എനിക്ക്
തോന്നുന്നേയില്ല

ഞാൻ(എവിടെ,എപ്പോൾ)

എന്നെ ഞാനൊരിക്കൽ
എവിടെയോ
എപ്പോഴോ
കണ്ടുമുട്ടിയെന്നോ
കണ്ണാടികൾ
വെറും
കൺകെട്ടുവിദ്യ
മാത്രമാണ് ഹേ..
അതിലെന്നെ
എവിടെ എപ്പോൾ
കണ്ടുവെന്നാണ്?
ഇതൊരു തെളിയിക്കപ്പെടാത്ത
സിദ്ധാന്തമാണ്
വെറും മായാജാലം
നിങ്ങളിത്
വിശ്വസിക്കരുത്

Tuesday 21 February 2017

കൈകൾ
മേലോട്ടുയർത്തി
നടന്നുപോകുന്ന
ഏണികളീന്ന്
ഉണക്കാനിട്ടയുടുപ്പുകൾ 
 പ്രാർത്ഥനപോലെ
പറന്നുപോകുന്നു.
'പോയവഴിയേ
പോകൂ..'ന്ന്
ചുമരുതുരക്കുന്ന
പല്ലികളുടെ
അശരീരി നാക്ക്
നീയെന്റെ
കൈപിടിച്ചു
വലിയോ വലി..
കാറ്റുപോലെ
കയ്യറ്റുപോകുന്നു.
കണ്ണിലെ
ക്യാരറ്റിന്റെ
വഴിപ്രശ്നം
ഓർത്തെടുത്ത്
നീ വീണ്ടും
എന്നോട് വഴക്കിടുന്നു.
ദേ നീ വഴിയറിയാത്ത
മുയലാണോ?
നമുക്ക്
വീടില്ലായെന്നതുതന്നെ
നീ മറന്നുപോയല്ലോ
അറ്റുപോയ
കയ്യെടുത്തോടിപ്പോകുന്ന
രണ്ടു പുഴകൾ
തമ്മിൽ പൊരിഞ്ഞയടി
കാലില്ലാത്ത മരം,
ചിറകില്ലാഞ്ഞ കിളി
എന്നിവർ
ഇരുപക്ഷം പിടിക്കുന്നു
അവരും വഴക്കിടുന്നു
കാറ്റ് വന്ന്
മരത്തിനെയും
കിളിയെയും
മായ്ച്ചുകളയുന്നു.
പുഴയെയും
പുഴയെയും
ഓടിച്ചുവിടുന്നു.
അറ്റുപോയ
കയ്യ്
പല്ലിപ്പശകൊണ്ട്
തേച്ചൊട്ടിച്ച്
കയ്യാട്ടി,നാവ് നീട്ടി-
ക്കാണിക്കുകയാണ്
ചുവരിടിഞ്ഞ
വീടുകൾ.
ഹോ..
പേടിച്ചുപമ്മിയ
നമ്മൾ
ഏണിക്കയ്യീന്ന്
ഉടുപ്പ് ചോദിക്കുന്നു.
എനിക്കാകെ
നാണം
നിനക്കും നാണം.
നീയിപ്പോൾ മുയലല്ല..
ഞാൻ ഞാനേ അല്ല.
ചുവരുപോലെ
പല്ലികൾ
തുരന്നുതിന്നുന്ന
തുണിയില്ലാത്ത
രണ്ടുക്യാരറ്റുകളാണ് നാം.
വാ കാറ്റുപോയ വഴി പോകാം

Monday 20 February 2017

മുറ്റം മുഴുവൻ
കുഴികളെടുത്ത്
പൂവിട്ട് മൂടി
കണ്ണുകെട്ടിയോടുകയാണ്
നാം..
ഒന്നിലെങ്കിലുമൊന്ന്
വീണുപോയെങ്കിലെന്ന്
പ്രാർത്ഥിക്കുകയുമാണ്..
കണ്ണുകളും
കവിതകൾ പോലും
ഒറ്റികൊടുക്കുന്ന
നഗരത്തിലിരുന്ന്
എങ്ങനെ പ്രേമിക്കാനാണ്..
ഒരു കളിയും
കളിക്കാനാവാത്ത വിധം
മുതിരുന്ന
വേഗതയിലോടുകയാണ്
കുട്ടികളും റോഡുകളും.
കിളിപ്പാട്ടക്കാറുകളിടിപ്പിച്ച്
ആത്മഹത്യചെയ്യുകയാണ്
പാവക്കുഞ്ഞുകൾ..
ഒന്നേ രണ്ടേ
എന്നെണ്ണി
തുറിച്ചുനോക്കുകയാണ്
കുട്ടിയല്ലാത്ത
നീയും..

അവിടെയും ഇവിടെയും -രണ്ട് വീടുകളിൽ നേരമ്പോക്കുന്ന, ഭാരമുള്ള പക്ഷികൾ ഉച്ചയുറക്കത്തിനൊടുവിൽ കൂവിയുണ്ടാക്കുന്ന പുലർച്ചകൾ


അല്ലാതെ
നിങ്ങളിലെത്ര
നിങ്ങളില്ലാതായിയെന്ന്
നിങ്ങളെങ്ങനെ
തൂക്കിനോക്കുമെന്നാണ്..
മറവിയിൽ
എത്ര ഓർമകളെന്നോ
ഓർമയിൽ
എത്ര മറവികളെന്നോ
എങ്ങനെയാണത്
പറയേണ്ടത്?
അകത്തും
പുറത്തും
എന്ന്
രണ്ട്
കാലത്തിലിരുന്ന്
രണ്ടുപേർ
കാണുന്നതെങ്ങിനെയാണ്..
ആമയായി ഞാൻ 
നിന്നെ അരിച്ചരിച്ചുകൊണ്ടുപോകുന്നു...
ആനയായി നീ-
യെന്നെ എഴുന്നള്ളിച്ചോണ്ട് വരുന്നു...

ഒരുകൊച്ചു ലോകാവസാനം💞

കാറ്റ് കുഴച്ചുതിന്നാനെടുത്ത
മണ്ണുരുളയേൽ
ഭൂമിക്കും 
ആകാശത്തിനും
ഇടയ്ക്കരിപ്പവച്ച-
രിച്ചരിച്ചു നമ്മൾ..,
പ്രണയിച്ച പുഴുക്കൾ..
പേപിടിച്ച
സർപ്പങ്ങൾ..
ചുഴലിച്ച സീൽക്കാരം.
വാല് കുത്തിയുയരുന്ന ഭൂമി..
കൂർത്തയാകാശമുനമ്പ്
തട്ടിപ്പിളരുന്നനാവ്..
ചാലകങ്ങളുരുകി
നനഞ്ഞലമുറിച്ച്
നിറപ്പെട്ട്..
കാവ്തീണ്ടി
വിങ്ങിവിറച്ച്
വിഷപ്പെട്ട്..
മരണം നീന്തി
മയപ്പെട്ട
പാമ്പുകൾ..
പൂ(പേ)പിടിച്ച്
പ്രണയിക്കുന്ന
പുഴകൾ...

അത്താഴം

അരികുപൊട്ടിയ
പപ്പടം
ആരുടെ
പാത്രത്തിലിട്ടാണീയാകാശമിങ്ങനെ
അമ്മകളിക്കുന്നത്?
പ്ലാസ്റ്ററിട്ട
നക്ഷത്രക്കാലുകൾ
കുത്തിനിർത്തിയ
ബ്ലാക്ക്ഫോറസ്റ്റുകളെ,
ഉള്ളിത്തോലിൽ
പൊതിഞ്ഞുകൊടുത്താശംസിക്കുന്ന
ബേക്കറിക്കടകൾ.
കരഞ്ഞുവീണൊരു
മഴയേയും
സ്‌ട്രോയിട്ട്
വലിച്ചൂറ്റുന്ന
കെട്ടപഞ്ഞിമേഘങ്ങളുടെ
കാർണിവൽക്കാലം
ഇത്ര കറുത്തൊരാന
മറുകിന്റെ
ചതിയനാകാശമേ
മുട്ടുകുത്തിനിന്നയെന്റെ
മീൻകുഞ്ഞുങ്ങളെ
കുന്തത്തിൽ
കോർത്തനിന്റെ
വല്യപെരുന്നാളിന്റെ
പള്ളിമുറ്റത്ത്,
വെള്ളേപ്പംപോലൊരു
പകലിനെ
പകുത്ത്,പകുത്തട്ടത്തൊട്ടിച്ച്
പിന്നെയുമൂതിനിന്റെ
കറുത്തകാടെരിച്ച്
നിഴലില്ലാത്ത
നീലയല്ലാത്ത
നിന്നോടെനിക്കിതു
പകൽ
ചോദിക്കണം..
എന്റെയുരുണ്ടഭൂമിയെ
എന്തിനിങ്ങനെ
മുറിച്ചുതിന്നുന്നു..

പഴം

ചൊറിച്ചിലാന
കൊമ്പുരക്കുന്ന
ചുട്ടുപഴുത്ത
മൊട്ടക്കുന്നു
കായ്ക്കുന്ന
മരിച്ചമൺമരം
കല്ലെടുക്കുമ്പോഴേ
പച്ച,മഞ്ഞയോർമയിലക്കിളി
പറന്നെമ്പാടും..
കൂടെ നീയെങ്ങാനും
വീണോ..
തേഞ്ഞകൊമ്പനെ-
യിടംകണ്ണിട്ട്നോക്കി
ഓർമ ചുമ്മാ ചൊറിച്ചിലാണ്
എന്നാത്മഗതിച്ച്......
വിത്തില്ലാത്ത
പഴമേ..
പോയിട്ട് പിന്നെ വരാം..

Thursday 9 February 2017

IN/OUT

അവനവനെത്തന്നെ 
കോപ്പിയടിച്ച്
പുറത്താക്കപ്പെട്ട
പരീക്ഷകളുടെ
ജാതകഫലം,
10/10
പൊരുത്തത്തോടെ
കൂട്ടിക്കെട്ടുന്ന
വ്യവഹാരകേന്ദ്രങ്ങളുടെ,
തേർഡ്അമ്പയർ
കാണാത്ത
ഉമ്മറപ്പടികളിൽ,
കുളം-കര
കളിക്കുകയാണ്
രാശിയില്ലാത്ത
നമ്മുടെ ക്ലാസ്റൂം.

തുമ്മൽ

വല്ലാതെ 
കാല്പനീകരിഞ്ഞ്
ജലദോഷപ്പെട്ടുപോയേക്കാവുന്ന
ഒറ്റയാൻവൈറസുകളെ
തുമ്മിത്തെറിപ്പിക്കാനുള്ള
മൂക്കുകളുടെ
ആത്മഹത്യാക്കുറിപ്പുമാത്രമാണ്‌
പരാജയപ്പെട്ട കവിതകളും
ചില സിറപ്പുകളും.

പുക

അലമാരയിലിരിക്കുമ്പോൾ
തുറക്കാനും
തുറക്കുമ്പോൾ
കത്തിച്ചുകളയാനും
തോന്നിപ്പിക്കുന്ന
പ്രലോഭനത്തിന്റെ
ബൈബിളാണ് നീ.

മഞ്ഞ

കാടേ കടലേ ...ന്ന്
നീലയാൺപെൺ
മടിയൻകുതിരകൾ,
കാറ്റിൽ കെട്ടിവലിക്കുന്ന,
ജഡ്കയിൽ
നമ്മൾ..
നമുക്കിടയിൽ
നാരങ്ങയായുരുട്ടിയെടുത്ത
ചില നദികൾ..
മേലെ,
പുളിക്കണ്ണടയ്ക്കുന്ന
വെയിൽക്കുള്ളന്മാർ..
മഴക്കയറുപിരിയ്ക്കുന്നയവരുടെ
പെണ്ണുങ്ങൾ..
കുട്ടികൾ
കുലച്ച മാരിവിൽ
തറച്ചുതെറിക്കുന്ന
പഴമഞ്ഞ...
താഴെ പൂത്ത
ജമന്തിപ്പാടം..
പഴുത്ത പപ്പായത്തോട്ടം..
മണ്ണിൽ കൊഴിഞ്ഞ
പ്ലാവിലത്തോണികളുടെ
ഈർക്കിൽത്തുഴയിൽ
ചെമ്പൻതുമ്പികളുടെ
കഞ്ഞിസദ്യ..
കാടേ.. കടലേ..
ഞങ്ങളുടെ
പ്രഥമപ്രണയത്തിന്റെ
വിളറിയ
മഞ്ഞനദിക്കരയോരം
തുടുത്ത
നാരങ്ങാക്കാലത്തിലിത്തിരിപ്പതീയേ
നിങ്ങൾ നടക്കുക....

കറുത്ത പാട്ട്

പാട്ടിൽ വിഷം
കലർത്തി
കാറ്റിനാരോ
കൊടുക്കുന്നു
പുഴ വന്നെന്നെ
കഴുകിവിരിക്കുന്നു
ഉടലിന്റെ
പിയാനോക്കട്ടകളിൽ
പ്രണയപ്പൂച്ചകൾ
നിനച്ചിരിക്കാതെ
ചാടുമ്പോൾ
താഴെയുടഞ്ഞ്
വിഷക്കുപ്പിയിൽ
കറുത്ത പാട്ട്
പാലുപോലെ..

എന്നിട്ട്?

-എന്നിട്ട്?
കൈരണ്ടുംപൂട്ടി
വീണ്ടും
കവിളിലേക്കായുമ്പോൾ
കുതറിയൊരൊറ്റക്കടി
-എന്നിട്ടോ?
പിന്നെയോട്ടം..
വീട്ടിലെത്തി
കതകിലടിച്ചു
നീട്ടിവിളിച്ചു..
'ഞാനേ..എന്റെ ഞാനേ..'ന്ന്
പടിക്കലെത്തുമ്പൊഴേ
ഓടിവന്നുതുറക്കുന്നതായിരുന്നു.
കണ്ടില്ല.
-എന്നിട്ട്?
എന്നിട്ടൊന്നുമില്ല സർ..
കഴുകാൻമറന്ന ചായഗ്ലാസിൽ
ഉരുമ്പരിച്ചുകാണുമല്ലോയെന്നോർത്തു.
അന്നേരം എനിക്ക്
ചായ കുടിക്കാൻ തോന്നി.
പക്ഷേ ഞാനൊരു സിഗരറ്റുവലിച്ചു.
പിന്നെയിരുന്നുറങ്ങി
-നിങ്ങൾക്ക് ചായ പറയട്ടെ?
വേണ്ട സർ..
എല്ലാഗ്ലാസ്സുകളും ഉറുമ്പരിച്ചതാണ്.
എല്ലാ മധുരപ്പതയിലും
ചത്തുകിടക്കുന്ന
ഒരുറുമ്പെങ്കിലുമുണ്ടാകും
-തിരിച്ചെങ്ങനെ? ഒറ്റയ്ക്ക് പോകുമോ?
എനിക്കിന്നലെ
വീടില്ലായിരുന്നു.
നഗ്നയായിരുന്നു
വിശപ്പുണ്ടായിരുന്നു
ഒരിക്കൽ മാത്രമേ
നിങ്ങൾക്കത്രയ്‌ക്കൊറ്റയ്ക്കാവാനൊക്കൂ.

കഥ

മരങ്ങളിത്ര
പച്ചയല്ലാതിരുന്നൊരു
കാലത്ത്
നദികളത്ര
നീലയല്ലാതിരുന്നൊരു
കാലത്ത്
ചൊല്ലിപ്പഠിപ്പിച്ചു
കളവുകളില്ലാതാക്കും
മുൻപ്
പണ്ട് പണ്ട്..
അതിനും പണ്ട്..
തുപ്പിയും
തുള്ളിയും
മേല്പോട്ടൊഴുകുന്നൊരു
നദിയും....,
മദിച്ചും
മഞ്ഞിച്ചും
കീഴ്പ്പോട്ടൊരു
മരവും...
അല്ലല്ല
ഇതൊരു
കളവേയല്ല

കേളെടീ കട്ടിലേ,😣

കേളെടീ കട്ടിലേ,😣
കഥയിലെ കൂനന്റെ പ്രേതം
കൂനുള്ള ശവപ്പെട്ടി തേടിനടപ്പുണ്ട്
തെറ്റുവയ്ക്കാൻ
മറന്നകോപത്തിലാണ്
ഭഗവതിയും
കണിയാന്റെ കാലൻപട്ടി
ഭാവിക്കപ്പുറത്തൂന്ന്
ഓരിയിടുന്നുണ്ടോ
പഴച്ചോരകുടിക്കാനായ്
വാവലും
പടം പൊഴിച്ചുടുക്കാനായ്
പാമ്പും
തോട്ടത്തിൽത്തന്നെയുണ്ട്
ഹോ
കയ്യും കാലും കഴുത്തും
വഴങ്ങാത്തയെന്റെ
കുറുമ്പിക്കട്ടിലേ..
ഉണക്കപ്പുല്ലിന്റെ
മുള്ളുമെത്തയിൽ
പുറംകുത്തിനോവുന്ന-
യെന്റെ കുറിഞ്ഞിപ്പയ്യിനെ
ഏതുപുന്നാരപിണ്ണാക്ക്
കൊടുത്തിട്ടേലു-
മൊന്നുറക്കിത്തരുവോ?

പ്രതി-കരണം

ഓരോ ആൾക്കൂട്ടവും
ഒരു ഗൂഢാലോചനയാണ്..
ചേരിചേരായ്മ
ചേലുള്ള
അന്യഗ്രഹജന്തുവും.
കറുത്ത പ്ലാസ്റ്റിക് കുപ്പി
കാലുകൊണ്ട്
തട്ടിത്തട്ടി
അരാഷ്ട്രീയവാദിയുടെ
ദൈവം കവലയിലൂടെനടന്നു.
കനച്ചയെണ്ണക്കട്ടി
തുരുമ്പുവഴിയുടെ
ഓരങ്ങളിലൂടെ
കുപ്പിയിലുരുണ്ടൊരു
മുദ്രാവാക്യവുംവിളിച്ചു.

ബ്ലും...

ഏതുപാത്രത്തിലിരുന്നും
തിളച്ചുതൂവാൻ 
തുടങ്ങിയതിൽപ്പിന്നെയാണ്
നിന്നെയെടുത്തുഞാൻ
കിണറ്റിലിട്ടത്
എല്ലാ കടമുറികളും 
എന്നേക്കുമായി 
അടച്ചിട്ട്
ഒരുഹർത്താലിന്റെ 
പടുമരണത്തോട്
പ്രതിഷേധിക്കുന്ന
നഗരത്തോടാണ്,
ഓർക്കുമ്പോഴൊക്കെ
ഉറങ്ങുവാൻ
നിങ്ങളുപദേശിക്കുന്നത്..

ഓർമയുടെ നിയമം

കാറ്റുകളുടെ
യുദ്ധകാലത്ത് 
വീർപ്പിക്കപ്പെടുന്ന
ബലൂണുകൾ,
ഒച്ചയറിയിക്കാതെ
പൊട്ടണമെന്നതാണ്
ഓർമയുടെ നിയമം.

അകം-പുറം

നീയെന്റെ
താക്കോൽപ്പഴുതിലെ
ഉഭയജീവി..
രാത്രിക്കും പകലിനും
ഇടയിലുള്ള
ദശാംശസംഖ്യ..

വൺവേ....

ഭൂമിയുടെ
ആത്മാവിലേക്ക്
ധ്യാനിക്കുന്ന
അഞ്ചുവൺവേകളുടെ
തെറ്റിദ്ധരിപ്പിയ്ക്കുന്ന
സൈൻബോർഡുകൾ
മാത്രമേ
നിങ്ങൾക്കറിയൂ..
ഏകാന്തതയെന്ന
വിശന്നമൃഗത്തിന്റെ
ഇരുണ്ടകാട്
അത്ര ഗുരുത്വത്തോടെ
വലിച്ചു തിരിച്ചുവച്ചിരിക്കുന്ന
പൊട്ടക്കിണറുകളുടെ
വയർവഴികൾ മാത്രമാണവ..

ഞങ്ങളുടെ ഗ്രാമത്തിലെ പ്രാവുകൾ

ഞങ്ങളുടെ ഗ്രാമത്തിലെ പ്രാവുകൾ
കതിരുകൊത്തിത്തിന്നുകയോ
സമാധാനംചുമന്ന് പറക്കുകയോ ചെയ്യാറില്ല.
പിന്നെയോ..
അവർ ഞങ്ങളുടെ വീടുകളുടെ 
മേൽക്കൂര റാഞ്ചുന്നവരാണ്.
അതിനാൽ ഞങ്ങൾ
വീടാകെ വെളുത്തചായം തേക്കുന്നു.
മുകളിൽനിന്നവ തടിച്ച ചിറകുകളുള്ള
പ്രാവുകളായി തോന്നിച്ചേക്കും.
കാലുകളുള്ള കാടിനെ ഭയന്നാണ്
ഞങ്ങൾ ചിറകുമുളച്ചേക്കാവുന്ന
വീടുകളുണ്ടാക്കിയത്.
ഭയത്താൽ ഭയത്തിന്
കാവലിരിക്കുന്നവരാണ് ഞങ്ങൾ.
ചിറകുവിരിയാത്തിടത്തോളം
ഞങ്ങളുടെ ഗ്രാമം വീടുകൾക്ക്
അടയിരിക്കും.
ഞങ്ങളുടെ മേൽക്കൂരകൾ
ആകാശം കണ്ടിട്ടേയില്ല.
ഞങ്ങളാകട്ടെ ഉറങ്ങാറുമില്ല.
കാലൊടിഞ്ഞ കാടുകളെ മറന്ന്
പ്രാക്കളെ പേടിക്കുകയാണ് ഞങ്ങൾ.
പ്രിയനേ..
സ്നേഹമില്ലായ്മയിൽ
ഞാനൊരു മുൾച്ചെടിയാണ്.
എന്റെ മരുഭൂമിയുടെ
അരികത്തിരുന്ന്
ചെണ്ടകൊട്ടരുതേ.
ഉത്സവങ്ങളുടെ
തെരുവ് നേരത്തെ
മരണപ്പെട്ടിരിക്കുന്നു.
മരിച്ചവരുടെ
മെതിയടികൾ
അൾത്താരയിൽ
കത്തിച്ചുതീകായുകയായിരുന്നു നാം.
ഇരുട്ടിനു തീപിടിച്ചപ്പോൾ,
കുരിശുവിട്ടിറങ്ങിയ
ദൈവത്തോടൊപ്പം
പുലർച്ചത്തെവണ്ടിക്ക്
നീയും നാടുവിട്ടിരുന്നു.
ഇപ്പോൾ,
പള്ളിനിറയെ
മരിച്ചവർ നടന്നവഴികൾ
നിറയുകയാണ്..
ഇനിയിവിടെ
മെഴുകുതിരി കത്തിക്കരുതേ..
മരണശേഷമെന്നെ
വിശുദ്ധയാക്കയുമരുത്.
എന്റെ കറുത്തപട്ടത്തെ
മഴവില്ലിൽ തൂക്കിയിടല്ലേ..
മുന്തിരിവള്ളികളിൽ
കൊരുക്കല്ലേ,
ഞാനൊരു
കിഴിയാത്ത മുത്താണ്.
നാം വളർത്തിയ ഓന്തുകൾ
കരച്ചിൽ നിർത്തി
കൊഞ്ഞനംകുത്തുന്നുണ്ട്.
ബൊമ്മകളുടെ
നേതാവായ
മരക്കുതിര നോക്കിനോക്കി
ചിരിക്കുന്നുമുണ്ട്.
ചീഞ്ഞുപോയ
സ്നേഹത്തെ
വീഞ്ഞെന്നവണ്ണം
കുടിച്ചവരാണ് നാം.
എന്നിട്ടും നീയെന്റെ ദാഹത്തെ
ഒറ്റുകൊടുത്തിരിക്കുന്നു.
വിശപ്പുമൂത്ത്
വിഷമെന്നപോലെ
നാം പരസ്പരം
ഭക്ഷിച്ചിരുന്നു.
എന്നിട്ടും നിന്റെഗ്രാമം
എന്റെ ദേഹത്തെ
ജനൽവഴി പുറത്തേക്കെറിയുകയാണ്.
കറുപ്പും വെളുപ്പുമെന്ന്
കീറിയിട്ട ആകാശത്തിൽ
മഴകഴിയുന്നേരം
നാം രണ്ടുഗ്രഹങ്ങളിലാണ്.
******
ഓർമകളുടെ ദരിദ്രരാജ്യത്തു
യുദ്ധമുണ്ടാവുമ്പോൾ,
ഇനിയുംമുളച്ചിട്ടില്ലാത്ത
കാപ്പിച്ചെടികൾക്കിടയിലിരുന്ന്
നീയെന്നെയോർത്തും
കരയുകയാവാം..
എങ്കിലും,
കടലുപേക്ഷിച്ച നിന്റെപുഴയിലെ
അവസാനത്തെ
മീനിനെയും എന്റെമുൾച്ചൂണ്ട
കൊന്നുകോർത്തല്ലോ..
ഞാനെന്തൊരു
ശപിക്കപ്പെട്ട മുൾച്ചെടിയാണ്.
നീയെന്നെയെന്തിനു
തിരഞ്ഞെടുത്തു.
കണ്ണുകാണാത്ത
രണ്ടുഗ്രഹങ്ങളിലിരുന്ന്
ഓന്തുകൾ പിന്നെയും
കരയുന്നു.

ടോസ്

ഏതോ പുരാതനഗ്രഹത്തിൽ
രണ്ടുപേർ ടോസ് ചെയ്യുന്ന
നാണയത്തിന്റെ
ആകാംക്ഷമുറ്റിയ
ആയുസ്സിനെ...
അപഹരിച്ചോടിപ്പോകുന്ന
വെളുത്തകുതിരയെ...
ഒരമ്പിന്റെ മുനമ്പിലേക്ക്
ആവാഹിച്ചെടുക്കുന്ന
ഭ്രാന്തനായ
നായാടിയെ...
ഒറ്റനോട്ടം
കൊണ്ടപ്രത്യക്ഷമാക്കുന്ന
നാടോടിയായൊരു
മായാജാലക്കാരനെ...
അതിനെ അവരെയൊക്കെ
അവിടെത്തന്നെ
സ്തംഭിപ്പിച്ചുനിർത്തി,
ഹെഡ് / ടെയിൽ
എന്ന നിന്റെചോദ്യത്തിലെ
കുത്തുംകോമയും
മാറ്റിയും തിരിച്ചുമിടുന്ന
കളി മതിയാക്കി,
എത്ര സഞ്ചാരിയായ
നദിയാണു നീ,
അത്ര വേരാഴമുള്ള
മരമാണു ഞാൻ..
എന്നൊരുത്തരത്തിൽ
ഭൂമിയിലെ സകലജീവജാലങ്ങളുടെ
സകലകുഞ്ഞുങ്ങളെയും
ഒന്നിച്ചുറക്കാൻ
ഒരു താരാട്ടുജപിച്ചിട്ട്,
നിന്നെയും എന്നെയും
ആ നാണയത്തിന്റെ
രണ്ടുമുഖങ്ങളിലൊട്ടിച്ചുവച്ച്
അതിനെ അങ്ങനെതന്നെയുപേക്ഷിച്ച്...
മോചിപ്പിച്ച്...
നിന്റെ പൂന്തോട്ടത്തിന്റെതാക്കോൽ
ഒഴിഞ്ഞതൊട്ടിലിലിട്ട്
കടന്നുകളയുകയാണ് ഞാൻ.
നമ്മളിനി കാണുകയേയില്ല.

ബലൂൺ

വല്ലാതെ ബഹളംവച്ചോണ്ടിരുന്ന
നഗരത്തെ ചുരുട്ടിയെടുത്തു
കുമിളയ്ക്കുള്ളിലാക്കി
പറത്തിവിടുമ്പോഴുള്ള
ശാന്തതയിന്മേലാണ്;
വഴിയരികിൽ ടാർപ്പാടെന്റിട്ടിരുന്ന
 ചെരുപ്പുകുത്തി,
ഒരുവയസ്സന്റെയൊടിഞ്ഞകാൽവിരലുകൾ
തുന്നിക്കെട്ടുന്നകാഴ്ച്ച
ഓടിക്കേറിവന്നത്.
അതേയിന്നലെയുടെ
അവസാനത്തിലാണ്
ഭാര്യാജാരന്റെ
കഴുത്തറുത്തേന്
ബാർബർ തങ്കൂനെ
പോലീസുപിടിച്ചത്.
ഇന്ന് ഹർത്താലാൽ ദിവസം
നഗരം നിശ്ശബ്ദമൊരു
കുമിളയിലേക്കിറങ്ങുമ്പോൾ
ഷട്ടറില്ലാത്തയെന്റെ
ബലൂൺകട കത്തിച്ചുകളഞ്ഞിട്ട്,
കുമിളകൾ പൊട്ടിക്കാൻ
വേണ്ടിമാത്രമൊരു
തോക്കെടുത്ത്
ഞാൻ നടക്കാനിറങ്ങും..

പിണങ്ങിപ്പോയിരിക്കാൻ വീടില്ലാത്തോർക്ക്

ഒരു മരം
അതിന്റെ മണ്ണിനോട്
പിണങ്ങുമ്പോൾ
എങ്ങോട്ട്പോണം?
ഒരു മീൻ
പുഴയോട്
പിണങ്ങുമ്പോളോ?
അപ്പോഴാണ്
നമുക്ക് പക്ഷികളോടും
തവളകളോടും അസൂയ തോന്നുക.
ക്ലൈമാക്സ്:
നീന്തുന്ന മരവും
പറക്കുന്ന മീനും 😍
ശുഭം!
മുടിവെട്ടുന്ന ഒരാൾ
കത്രികയാവുന്നു.
ചെത്തുകാരൻ
കള്ളുകുടമാവുന്നു.
കുഴിവെട്ടുന്നവൻ
മൺവെട്ടിയാവുന്നു.
അപ്പോൾ നിങ്ങൾ
കലപ്പയുംപിന്നെ,
കലവുംകൂടി
നദിയിലെറിയില്ലേ?
പാട്ടുപാടിക്കൊണ്ടിരുന്ന
ഒരുപെൺകുട്ടിക്ക്
തീപിടിക്കുന്നു.
പാട്ടുംകൂടെ കത്തുന്നു.
പിന്നത്തെയെല്ലാ
കോട്ടുവായകൾക്കും
നിങ്ങടെ ചെവീന്ന്
വെള്ളം വരൂല്ലേ?
നടന്നോണ്ടിരിക്കുമ്പോൾ
കാലൊക്കെ
ദേഹത്തൂന്നൂരിപോകുന്ന
രാജ്യത്ത്,
ചിരിച്ചോണ്ടിരിക്കുമ്പോൾ
പല്ലുകൊഴിഞ്ഞു
പൂമുളയ്‌ക്കണ കാലത്ത്
ഉറങ്ങാതിരിക്കാനല്ലാതെ
നിങ്ങളെന്തു തീരുമാനിക്കും?
അതുകൊണ്ടാണ്
പ്രണയിച്ചുകൊണ്ടിരിക്കെ
ഞാനവനെ
കൊന്നുകളഞ്ഞത്...

Monday 9 January 2017

കടലിൽ നിന്നെ വരയ്ക്കുമ്പോൾ

കടലിന്റെ
പച്ചിച്ചയൊരുതുണ്ട്
വെയിൽക്കണ്ണാടിയിൽത്തട്ടി
എന്റെയാകാശത്തിലേക്കൊഴുകുന്നു.
ഇടയ്ക്കു വെയിൽമാറി
മഴവരുന്നു.
പച്ചയുടുപ്പ്
അലിഞ്ഞുവീഴുന്നു.
കടൽ വെളുത്തിട്ടാണ്!
ഞാനതിനെ
നീലയുടുപ്പിട്ട
എന്റെയാകാശഭിത്തിയിൽ
ഒട്ടിച്ചുവയ്ക്കുന്നു.

ഒരു മരം കണ്ണാടിയിൽ
നിന്നിറങ്ങുന്നു.
ചുവന്ന പൂവ്
കാടിന്റെ ഒരില
വെയിലിന്റെ നരച്ചവേര്
നിലാവിന്റെ തളിർഞരമ്പ്..

ഒക്കെപ്പിഴിഞ്ഞ്
നിറക്കോപ്പയിലാക്കുന്നു.
പൂവിൽ വിരല് മുക്കി
കടൽക്യാൻവാസിൽ
ഞാൻ നിന്നെ വരച്ചു തുടങ്ങുന്നു.
നിന്റെ നിറഞ്ഞ ചുണ്ട്...

ഇലതൊട്ട്
കൈനിഴലത്തുകറുപ്പിച്ച്
കണ്ണുവരയ്ക്കുമ്പോൾ,
വിരൽത്തുമ്പത്ത്
ചോന്നനിന്റെചുണ്ടുമ്മവയ്ക്കുന്നു.
കണ്ണുമറന്ന്
ഞാൻ പിന്നെയും ചുണ്ടുതന്നെവരയ്ക്കുന്നു.
പച്ചച്ചുണ്ട്.

വേരുതൊട്ടുതിരികെവരയ്ക്കുമ്പോൾ
കടലിന്റെ കടലാസ്സീന്ന്
നീ വിരലിൽ കടിക്കുന്നു.
ഞാൻ പിന്നെയും
വര മറക്കുന്നു..
വെളുത്ത കടൽ..
വെളുത്ത നിന്റെ ചുണ്ട്..

നിലാവുതൊടുമ്പോൾ
നീലിച്ചുപോയനിന്റെ ചുണ്ടുകളിലെല്ലാം
ഞാനുമ്മ വയ്ക്കുന്നു.
എനിക്ക്,
പൂവിന്റെ
കാടിന്റെ
വെയിലിന്റെ മണം.

പച്ച നീല ഉടലുടുപ്പുകൾ..
മാറി മാറി നമ്മളഴിയുന്നു...
നീ അലിഞ്ഞൊഴുകിയിറങ്ങുന്നു.

അടുത്ത വെയിലിൽ
ചായങ്ങളുടെമരം കണ്ണാടിയിലെത്തുമ്പോൾ
ഞാൻ വീണ്ടും
നിന്നെ കടലിൽ വരയ്ക്കുന്നു.

ചെമ്പരത്തി

പിരിയുമ്പോൾ...
നമ്മുടെ
ചെമ്പരത്തി
ഇതളുകൾ
ഊരിവച്ചുചിരിക്കുന്നു.
ഒരു മഴ
പാതിവഴിയിൽ
തിരിച്ചുപോകുന്നു.

മഷിത്തണ്ട്

ഇളകുന്നചതുരമരപ്പിടി-
ക്കിടയിൽ
പാൽപ്പെൻസിൽത്തുണ്ടുകളുള്ള
കുഞ്ഞുസ്ളേറ്റിൽ
കുന്തമുനയുള്ള
കല്ലുപെൻസിൽ
ആഴത്തിൽ പോറുന്നു.
ബാഗ് ചെവിപൊത്തുന്നു.
ചുവപ്പുറഞ്ഞയെഴുത്തുപാടിൽ
മഷിത്തണ്ടുരഞ്ഞുതളരുന്നു.
പിന്നെയെല്ലാമഴയത്തും
പിടിയെറിഞ്ഞിട്ടൊരുസ്ളേറ്റ്
ചുവന്നമഷിത്തണ്ടുകളെ
തിരയുന്നു.

ആമേൻ

നീ അവനോടുകൂടെ
ക്രൂശിതനായിരിക്കുമ്പോൾ,
ഞാൻ നമ്മുടെ
സ്നേഹത്തിന്റെ
ദിവ്യഗർഭം ചുമക്കുന്നു.

നമ്മുടെ രക്ഷകൻ
പ്രണയത്തിൽ
ഉരുവാകയും
നാം നമ്മളിൽ
കന്യകരല്ലാതിരിക്കയും
ചെയ്യട്ടെ.
അവർ നമ്മുടെ
ശിശുവെ
ക്രിസ്തുവെന്നുതന്നെ
വിളിക്കട്ടെ.

അവൻ
നിന്നെ എന്റെ ആത്മാവിൽ
ഉയിർപ്പിക്കയും
നാം അന്യോന്യം അപ്പവും
വീഞ്ഞുമായിരിക്കയും
ചെയ്യട്ടെ.
കുന്തിരിക്കത്തിന്റെ മരങ്ങളിലേക്ക്
കിളികൾ ചേക്കേറാനെന്നപോലെത്തുമ്പോൾ
വസന്തത്തിന്റെ മണമുള്ളൊരൊച്ച
വാതിലിൽ മുട്ടുന്നു.
ഒളിച്ചുനോക്കിയ കൺപീലി
ജാലകത്തിൽ
ഒട്ടിപ്പിടിക്കുമ്പോൾ
ചെരിപ്പഴിച്ചിട്ട്
ഒരാൾ തിരിഞ്ഞുനിൽക്കുന്നു.
ഉറങ്ങിക്കിടന്ന ഒരു വീട്
ധൃതിപിടിച്ച് താനേ കുളിക്കുന്നു
നിലക്കണ്ണാടി പൊട്ടുതൊടുന്നു
പൊട്ടിയകുപ്പി പഴമ്പായ
പൊടിപിടിച്ചതെല്ലാം താനേ ഇറങ്ങിപ്പോകുന്നു.
മുറ്റത്തെ മഞ്ഞമരങ്ങൾ
ഉണക്കയിലകൾ
പൊഴിക്കുന്നു.
ചുള്ളിക്കമ്പുകൾ അടിച്ചുവാരുന്നു.
ഉറുമ്പുകൾ ചിതലുകൾ
പാറ്റകൾ പല്ലികൾ
എലികൾ അരണകൾ
ഒക്കെയും ഒളിക്കുന്നു.
ധ്യാനിച്ചിരുന്നൊരൊച്ച
പാട്ടുപെട്ടിതുടയ്ക്കുന്നു.
ഒക്കത്തിരുന്നൊരിരുട്ടൂതിയകറ്റി
ഓടിത്തുള്ളിയൊരുകിതപ്പ്
വാതിൽ തുറക്കുമ്പോഴേക്കും
അയാളിറങ്ങിപ്പോകുന്നു.
കിളികളും കൂടെയിറങ്ങുന്നു.
ചെരിപ്പിലേക്കൊരു വീട്
ചുരുങ്ങിയിറങ്ങിയിരിക്കുമ്പോൾ
മണ്ണെഴുതുന്ന
വസന്തങ്ങളിൽ
കുന്തിരിക്കമരം
കിളികളെ കാക്കുന്നു.

അഭയാർത്ഥി

ഉപേക്ഷിക്കപ്പെട്ട രാജ്യത്തെ
അവശേഷിക്കുന്ന താമസക്കാരി.
വീട്ടുജോലിക്കാരൊഴിഞ്ഞ
കടൽത്തീരത്തെ അവളുടെ ബംഗ്ലാവ്.
അതിന്റെ അടച്ചുപൂട്ടപ്പെട്ട വാതിൽക്കൽ
സ്വർണത്തലമുടിയുള്ള ആൺകുട്ടി
പട്ടം പറത്തുന്നു.
വഴിതെറ്റിയ ഒരഭയാർത്ഥി.
നോട്ടത്തിന്റെ വെള്ളിനൂൽവലിഞ്ഞ്
അവന്റെ വിരല് പൊള്ളുമ്പോൾ
കടൽപെൻസിലുകളുടെ ഹൃദയംകൊണ്ട്
അവളൊരു ചുവന്ന കവിതയെഴുതുന്നു.
പിന്നെ എല്ലാനേരവും
അവൻ ബംഗ്ലാവിന്റെ ജനാലക്കണ്ണുകളിൽ
പറ്റിപ്പിടിക്കുന്നു.
അവൾ കർട്ടനുകൾ മാറ്റിമാറ്റിവിരിക്കുന്നു.
അവൻ വെളുത്തമേഘക്കുതിരകളുടെ
നൂൽക്കടിഞ്ഞാൺ മുറുക്കുമ്പോൾ
അവൾ ചുവരുകൾ നിറയെ
സ്വർണത്തലമുടിയുള്ള രാജകുമാരന്മാരുടെ
ചിത്രം വരയ്ക്കുന്നു.
ആംഗ്യങ്ങളാലവൻ ആകാശത്ത്
ഊടുംപാവും നെയ്യുന്നു.
അവൾ മഴവില്ലുടുപ്പുകൾ കാണുന്നു.
മാറിലിണപ്പ്രാവുകൾ അവൻ
മകനായെങ്കിൽ എങ്കിൽ
എന്ന് ചിറകടിക്കുന്നു.
വീഞ്ഞുചുരത്തുന്നു.
അവന്റെ പേരിട്ട കവിതയിൽ
പ്രണയമെന്ന്മാത്രം എഴുതിനിർത്തുന്നു.
അവസാനത്തെ രക്ഷാനൗകയും
പൊയ്ക്കഴിയുമ്പോൾ
അവൻ മഴവില്ലിൽ നൂലുവലിച്ചുകോർത്ത്
വിരലുമീട്ടുന്നു.
അവളുടെ കവിത ചൊല്ലുന്നു.
അവൾ മട്ടുപ്പാവിൽ കുന്തിരിക്കപ്പുകകൊള്ളുന്നു.
മുടിയിഴകൾ മുന്തിരിവള്ളികൾപോലെ പൂക്കുന്നു.
പുകച്ചുരുളുകൾ പട്ടങ്ങളോട്
ചുണ്ടുകോർക്കുന്നു.
കടൽ കെറുവിക്കുമ്പോൾ
പട്ടച്ചരട് പൊട്ടുന്നു.
അവൻ കല്ല്കോർത്തൊരു
മതിലു കെട്ടുന്നു.
പ്രളയമെത്തുമ്പോൾ
വിരലുകൊണ്ടോട്ടയടയ്ക്കുന്ന
ഡച്ചുകഥയിലെകുട്ടിയാവുന്നു.
നീ എന്റെ രാജ്യവും
ഞാൻ നിന്റെ പരിചയും
എന്നുരുവിട്ടുകൊണ്ടിരിക്കുന്നു.
വിള്ളലുകളിലേക്കവൻ
തന്നെത്തന്നെ ചേർക്കുമ്പോൾ
കടലെത്തും മുന്നേ
പട്ടം ജനാലക്കുള്ളിലൂടെ
ഒരു ചുവന്ന കവിത
കണ്ടെത്തുന്നു.
ഹൃദയത്തിൽ അത്
അവനോളംതന്നെ തണുത്തിരിക്കയും
മണ്ണ് വേർപെട്ട മുന്തിരിവള്ളിപോലെ
നരച്ചുപോവുകയും ചെയ്തിരിക്കുന്നു..
പ്രിയപ്പെട്ട ബാലകാ..
കടലുകൾക്കു
മതിലുകെട്ടുന്നോനെ
നീ തന്നെ രാജാവും
സൈന്യാധിപനുമായ
ഏകാംഗരാജ്യമാണ് ഞാൻ.
നിന്റെ ചുണ്ടുകൾ
അതിരിടുന്ന കടലിലെ
തിരമാലകൾ പറയുന്ന ഭാഷയിൽ
ഞാനൊരു കവിത എഴുതുന്നു.
നിന്റെ പേര് മാത്രമുള്ള ഒരൊറ്റവരിക്കവിത.

വീട് നടക്കുമ്പോൾ

ഉപേക്ഷിക്കപ്പെട്ട ഓരോ വീടുകളും
ആയിരം കാലുകളുള്ളിലൊളിപ്പിച്ച
ആമത്തോടുകളാണ്.

രാത്രിമരങ്ങളാകാശങ്ങളിലുരിച്ച
നിലാവിലകളിലവയൊച്ചയുണ്ടാക്കാതെ
പൂച്ചക്കാലിൽ നടക്കും.
ആമത്തോടിൽ
നക്ഷത്രങ്ങളുരഞ്ഞൊട്ടിയിരിക്കും.

നടന്നുനടന്ന്
അവരോരോ ഗൃഹസ്ഥന്റെയും
സ്വപ്നങ്ങളിലെത്തും.
നിങ്ങളാണോ നിങ്ങളാണോ
ഉടമയെന്നു ചോദിക്കും.
ഓരോ മുറിയിലും
അയാളിറങ്ങിനോക്കും.
എന്നിട്ടീർഷ്യയോടെ
പോ നാശംന്ന് പറഞ്ഞ്
തിരിഞ്ഞുകിടക്കും.

പാതിയഴിച്ചിട്ടെറിഞ്ഞ സമ്മാനപ്പൊതിപോലെ
വീടിറങ്ങിനടക്കും.
കിലുക്കമില്ലാത്ത പാദസരം
കിടക്കയിലഴിഞ്ഞങ്ങനെ കിടക്കും.

ഓരോ രാത്രിമരവും
ഇലപൊഴിക്കുമ്പോൾ
കൊലുസുകളോരോന്നഴിഞ്ഞഴിഞ്ഞുപോകും.
വീട് കരഞ്ഞുകൊണ്ടേയിരിക്കും.
നക്ഷത്രങ്ങളൊക്കെ അടർന്നുവീഴും.
കണ്ണീരുവീണ് കാട് മുളയ്ക്കാൻതുടങ്ങും.

കാട് കാണുമ്പോഴൊക്കെ
അവർ
മീശയുള്ള
കുഞ്ഞുങ്ങളാവും.
എവിടെയോ കണ്ടപോലെയെന്നുഴറും.
ഓർത്തെടുക്കാനാവാതെ കുഴങ്ങും.

കാട് ചിരിച്ചോണ്ടങ്ങനെ നില്ക്കും.
കണ്ണിൽ പുഴ കിലുങ്ങിയൊഴുകും.
ഉറച്ചുപോയ കാലുകളിൽ
കറുത്ത പാദസരങ്ങളിഴയും.
നീ എന്റെ മുടിനൂലുകളിൽ
ചിത്രശലഭങ്ങളെ തൂക്കിയിടുന്നു.
ഞാൻ നിന്റെ കൈരേഖകളിൽ
പൂവള്ളികളെ തെരുപ്പിടിക്കുന്നു.
നോക്കൂ..നാം പാപത്തിന്റെ
ഒരു പറുദീസ തന്നെ സൃഷ്ടിച്ചിരിക്കുന്നു.

എങ്കിലും നമ്മൾ
ഒരേ കുരിശിന്റെ ഭാരം ചുമക്കുന്നു.
ആരാദ്യം ആരാദ്യം
എന്നു ദിനവും
ക്രൂശിക്കപ്പെടുന്നു.

ഒടുവിൽ ഞാൻ
നിന്റെ പ്രണയം കൊണ്ടുയിർക്കയും
നിന്റെ ഉമിനീരിനാൽ
ജ്ഞാനസ്നാനപ്പെടുകയും
ചെയ്യുന്നു.

നീ എന്റെ വാഗ്ദത്ത ഭൂമി.
നിന്റെ ചുണ്ടുകൾ
കൊണ്ടളന്നെടുക്കപ്പെട്ട
സ്വർഗ്ഗരാജ്യമാണ് ഞാൻ.

പാമ്പിൻതോലിട്ട മാലാഖമാരേ..
ഞങ്ങളുടെ പീഡനസർഗങ്ങളെ
സ്വർഗാരോഹണങ്ങളെ
നിങ്ങളേതു സങ്കീർത്തനങ്ങളിൽ
ഒളിപ്പിച്ചുവച്ചിരുന്നു.

പ്രേമം

നീലമീൻമുട്ടകൾ
ആകാശങ്ങളിൽ
വിതയ്ക്കാനയയ്ക്കപ്പെടുന്ന
ആദ്യത്തെ പെണ്ണാണ് ഞാൻ.
കടലിന്റെയും
രാത്രിയുടെയും
വിളഞ്ഞമുന്തിരികളുടെയും
നിറമുള്ളവൾ.

നീ ചക്രവാളങ്ങളിലെ
കടത്തുകാരൻ.
നിനക്ക് പകലിന്റെയും
തീയുടെയും
കൊഴിഞ്ഞയിലകളുടെയും
നിറം.

കാറ്റിൽ നീയൊരു പമ്പരം
കറക്കുമ്പോൾ
മഴവില്ലിലൂടെ
നമ്മുടെ തോണി
മുന്നോട്ടുനീങ്ങുന്നു.
നീ മേഘങ്ങളുടെ
വെളുത്തകുഞ്ഞിനെപ്പോലെ..
എനിക്ക് മകനെപ്പോലെ.

വെയിലു തിളയ്ക്കുമ്പോൾ
നാം നഗ്നരാവുന്നു.
കാറ്റിൽ പമ്പരം വെളുക്കുന്നു.
തോലിലെ മഞ്ഞയുരുകുമ്പോൾ
തിളങ്ങുന്ന നിന്റെ നീല..
നീ കൃഷ്ണനാവുന്നു.

തോണിക്കുള്ളിലൊരു
പെൺചിലന്തി
വലനെയ്യുന്നു.
അവൾ അവനെ
സ്നേഹിക്കുകയും
അവനുവേണ്ടി
വിശക്കുകയുംചെയ്യുന്നു.

നീ കണ്ണുകളിലെ
കറുത്ത മീൻമുട്ടകൾ
എന്റെ നാഭിയിലേക്കെറിയുന്നു.
എന്റെ പൊക്കിൾച്ചുഴിയിൽ
കടലൂറിനിറയുന്നു.
നീല മഞ്ഞ മീൻകുഞ്ഞുങ്ങൾ..

ഹാ..പ്രേമം
ആകാശംപോലെയും
കടലുപോലെയും..

എന്റെ കടലുതൊട്ട്
കാൽ നനഞ്ഞുതുടങ്ങുമ്പോൾ
ആൺചിലന്തി ആഞ്ഞൂതി
വല പൊട്ടിക്കുന്നു.
അവൻ തോണിയിറങ്ങുന്നു,
ഭാഗ്യവാൻ.
അവൾ വിശന്നും
നനഞ്ഞും ...

കാറ്റുവരുമ്പോൾ
എനിക്ക് വീണ്ടും വിശക്കുന്നു.
എന്റെ പൂച്ചക്കണ്ണുകൾ
നിന്റെ മഞ്ഞിച്ച മീൻകാലുകളിലേക്കു
നീളുമ്പോൾ
നീ തോണി മറിക്കുന്നു.

പ്രേമം വിശപ്പുപോലെയും
നനഞ്ഞ തോണിപോലെയും..

ദൈവമേ
എന്റെ കടലുകൾ
എന്നിലേക്കൊതുങ്ങുന്നില്ലല്ലോ...
പാടത്തെ ചേറീന്ന്
പുഴക്കണ്ണിൽ വീണത്..
ഇറയത്തെ മാക്രിയോട്
കടലാമ പറഞ്ഞത്..
തളിരേലെ തുള്ളിക്ക്
മഴവില്ല് കൊടുത്തത്..
നിന്റെ കണ്ണുകൾ എനിക്ക് തന്നത്...

കടൽ ആകാശത്തിന്റെ
തുമ്പത്ത് ചെയ്തത്..
സൂര്യൻ മലയുടെ
സന്ധ്യയിൽ താണത്..
കാറ്റ് പൂവിന്റെ
കണ്ണിലേക്കൂതിയത്..
എന്റെ ചുണ്ടുകൾക്ക് നിന്നോട് പാടാനുണ്ടായിരുന്നത്..

അകത്തേക്ക് തുറക്കുന്ന ജനലിന്
ആകാശത്തോട് തോന്നിയത്...
വിധവേടെ നരച്ചമുടി
പൂവിനോട് മിണ്ടാഞ്ഞത്...
കാലൊടിഞ്ഞ കൊറ്റിക്ക്
ആമ്പലിനോടുള്ളത്...
എന്റെ പ്രണയമത്സ്യം നിന്റെ കരയോടു ചെയ്തത്...
ചത്തമീൻകണ്ണുകൾക്ക്
പീലികൊടുക്കുക...

ഋതു പറഞ്ഞ കഥ

തടാകത്തിന്റെ
ഹൃദയഘടനയറിയാൻ
സൂത്രവിദ്യകളോ
കൈപ്പുസ്തകങ്ങളോ ഇല്ല.

അവയുടെ സുതാര്യമായ ഹൃദയത്തിന്
വീർത്ത രണ്ടറകളാണ്.
ഭൂമി ഉറങ്ങിയും ഉണർന്നും
ശ്വസിക്കുന്ന നേരത്ത്
നിലാവും വെയിലും
മുറതെറ്റാതെയറകളിൽ
മാറിമാറിനിറച്ചും അരിച്ചും
നീലരക്തമൊഴുക്കിവിടുന്നവ..

തടാകം ഒരു ദ്വിലിംഗപദമാണ്.
അവൾ,
കൈരേഖകൾ മോഷ്ടിക്കുന്ന
കാക്കാലത്തിയാണ്.
രാത്രിയും പകലും
നീലയറകളിൽ
നോവലെഴുത്തുകാരനായ
കാമുകനെ
ബന്ധനസ്ഥനാക്കിയ ഒരുവൾ.
ത്യാഗാഭിനയങ്ങളിലിമയടയ്ക്കാത്ത
മീൻകണ്ണുള്ള
കൈനോട്ടക്കാരി.
അവനോ,
പൊന്മാൻ കൊത്തിയാൽപോലും
തുറക്കുന്ന
ചാവികളില്ലാത്ത പൂട്ടിൽ
വ്യാജമായൊരു ദുഃഖഭാരത്തോടെ
നിത്യമായ പ്രണയമെഴുത്തിലേർപ്പെട്ടിരിക്കുന്ന
ബന്ധനസ്ഥനാക്കപ്പെട്ട
കാമുകൻ

അയാൾക്കെഴുതാനായി
കൈരേഖകളിലെ കഥകൾ
കൊള്ളയടിക്കപ്പെട്ടു.
അവനാകട്ടെ കഥകളത്രയും
നീരിലെഴുതിക്കൊണ്ടിരുന്നു.

ഇരട്ടയറകളിൽ അവരുടെ ഹൃദയമാണ്,
മഞ്ഞയിലഞരമ്പുകളുടെ
നാഡീജ്യോത്സ്യൻ ചമഞ്ഞ്
മരങ്ങളുടെ കഥകൾ
നീലമഷിയിലെഴുതുന്ന
തടാകത്തിന്.

തടാകങ്ങൾ നമ്മുടേതാകുമ്പോൾ
കൈനോട്ടക്കാരിയും കാമുകനും,
നിലാവും വെയിലും
നീയും ഞാനുംതന്നെയാകുമ്പോൾ
പ്രണയം ഒരേസമയം
സ്വാർത്ഥവും
ദിവ്യവുമാകുന്നതെങ്ങനെയാണ്?

Monday 2 January 2017

തുറക്കുമ്പൊഴോ 
അടയ്ക്കുമ്പൊഴോ
കൂടുതലൊറ്റയ്ക്കെന്ന്
വാതിൽപ്പടിയിലൊരു
കാക്കപ്പുള്ളി 
കണ്ണാടിനോക്കുന്നു..

Sunday 1 January 2017

ഇത്രമാത്രം അലസമായി
ഒരുമഴത്തുള്ളിക്കപ്പ്
താഴെവീണുപൊട്ടുന്ന
ഉറപ്പിന്മേലാണ്,
ഞാനെന്റെ
ഓർമ്മയെ
ഭദ്രമായി ആകാശങ്ങളെ
ഏൽപ്പിച്ചിട്ടീയുച്ചയ്ക്ക്
കണ്ണടച്ചുറങ്ങുന്നത്.

പേരില്ല

എലികളെ പേടിച്ചുമാത്രമല്ല
കണ്ണുതെറ്റിയാൽ
എണീറ്റൊളിച്ചോടിപ്പോവുന്നോണ്ടൂടിയാണ്
ഞാനെന്റെ പാട്ടിനെ
നിന്റെചുണ്ടിലേക്കുതന്നെ
തരുന്നത്.

സ്ഥാനംതെറ്റിയ
നമ്മുടെ ചുംബനങ്ങളാണ്
അലഞ്ഞുതിരിയുന്ന
സംഗീതവും
കരണ്ടുതിന്നപ്പെട്ട
കവിതകളും.

വരൂ നമുക്ക് തെരുവിൽനിന്നുമ്മവയ്ക്കാം... എലികളുടെയും
അന്ധഗായകരുടെയും
ഇടയിലിരുന്ന്.
ഇപ്പോൾ
നമുക്ക്പുറത്തും നമുക്കകത്തും
ചുംബനങ്ങൾ മാത്രം.

രാത്രിവിരുന്ന്

പൂച്ചട്ടികളിൽ ചത്തകുഞ്ഞുങ്ങളെ
കുഴിച്ചിട്ട ഒരുവൾ
പൂക്കളെ പ്രസവിച്ച
രാത്രിയാണിന്ന്..
കിളികളെ നിറച്ച കുട്ടയോടൊരുത്തി
മീനേ മീനേ എന്ന്
നീട്ടിവിളിക്കുന്നുണ്ട് രാത്രിച്ചന്തയിൽ.
ഇനിയും പോകാത്ത  വിരുന്നുകാരാ...
ചത്തുപോയ പാമ്പുകളെ
തൂക്കിയിട്ട പന്തലുകളിൽ
കീരികൾ തവളകളെ മിന്നുകെട്ടുന്ന നേരം
ആസൂത്രിതമായ
ഒരു കൊലപാതകത്തിന്
സാക്ഷ്യപ്പെട്ട് സഹായിയാവുക.

വഴികൾ അവസാനിക്കുന്ന
കൊക്കകളുടെയോരത്ത്
ഭൂപടങ്ങൾ വിൽക്കുന്നയൊരുവനാണ്
എന്റെയീ കാമുകൻ.
ഉടലിൽ തളച്ചിട്ട
നിന്റെ പാമ്പിനെ
അരയാലുകളിൽ
കെട്ടിയിട്ട്
ഞങ്ങളുടെ വിവാഹത്തിന്
കാർമ്മികനാവുക.

എന്റെ വരൻ,
കിളിയാണെന്നറിയാത്ത
ഒരുമീനാണ്.
അവനെ ഞാൻ കടലുകളിൽ
മുക്കിക്കൊല്ലുന്ന രാത്രിയാണിന്ന്.
ഇണചേരുമ്പോൾ
ഞങ്ങളുടെ ഗ്രാമത്തിന്
പച്ചമരത്തൊലികളുരിയുന്ന
മണമാണ്.
കാറ്റുകളെ വിശ്വസിക്കരുത്.
അവർ പാമ്പുകളുടെ ചാരന്മാരാണ്.
ഞങ്ങളുടെ മുറിയുടെ
ശ്വാസവും ശബ്ദവും
വെളുത്തുള്ളികളുടെവേലി കടക്കാതെ തടയണം.

പുലർച്ചെയെന്റെ പിങ്ക്റോസയുടെ
വേരുകളുടെ അറ്റത്ത്
നീയൊരു കുഴിയെടുക്കുക.
ഭൂപടങ്ങൾ വരയ്ക്കാൻ
സമർത്ഥനായ
എന്റെ പ്രിയപ്പെട്ടവനെ
ഉമ്മകളുടെ അടയാളങ്ങളോടൊപ്പം
അടക്കം ചെയ്യുക.
പിന്നെ ഉപചാരംചൊല്ലി നമുക്ക് പിരിയാം.

അടുത്ത സായന്തനത്തിൽ
ഒന്നുകിൽ നീയവനെ
പിങ്ക് ചുണ്ടുകളുടെ ചിത്രം വിൽക്കുന്നയൊരു
ചിത്രകാരനായി
ചന്തയിൽ കാണുക.
അല്ലെങ്കിൽ ഞാനൊരു
പനിനീർപ്പൂവിനെ പ്രസവിക്കട്ടെ !

രണ്ടെലികൾ

രണ്ടെലികൾ
ഒന്ന് വെളുപ്പും കറുപ്പും
മറ്റേത് കറുപ്പും വെളുപ്പും

അവർ
പൂച്ചകളുടെ ഒരു ഗുസ്തിമത്സരം
കാണുന്നു.
നാലുവെണ്ണക്കട്ടികൾ
വച്ചൊരു പന്തയംവയ്ക്കുന്നു.
നീലക്കണ്ണുള്ള പൂച്ചയുടെപക്ഷം
ഒന്നാമൻ
നീണ്ടവാലുള്ള പൂച്ചയോടൊപ്പം
രണ്ടാമൻ.

രണ്ടുപേരും
അവരവരുടെ
പൂച്ചകൾക്കായി വാദിക്കുന്നു.
ഉപജാപകർ ഏറ്റുപിടിക്കുന്നു.
വാദം മൂക്കുമ്പോൾ
മത്സരം എലികൾ തമ്മിലാവുന്നു.
പൂച്ചകൾ കാഴ്ചക്കാരാവുന്നു,
കയ്യടിക്കുന്നു,
ഒരേ പായ്ക്കറ്റിലെ
പോപ്കോൺ കഴിക്കുന്നു.

യജമാനൻ എത്തുമ്പോൾ
പൂച്ചകൾ അപ്രത്യക്ഷരാവുന്നു.
ഗോദയ്ക്കുചുറ്റും
അയാൾ
കെണിക്കമ്പി ചുറ്റുന്നു.
ഇപ്പോൾ എലികൾ മാത്രം

കാഴ്ചക്കാർ
ഉറങ്ങികഴിഞ്ഞു
പന്തയപ്പൂച്ചകൾ
വേദിവിട്ടുകഴിഞ്ഞു
ഒരേ എലിപ്പെട്ടിക്കുള്ളിൽ
കിടന്നുകൊണ്ട്
രണ്ടെലികൾ
ഇപ്പോഴും
ഗുസ്തിയിലാണ്

നിനക്കറിയുമോ?

എന്നെ അറിയുമെന്നുപറയുമ്പോൾ
നീ എന്തൊരു നുണയനാണ്..

എന്റെ വീടിനുള്ളിൽ ഒരു വലിയ കാടുള്ളതും
വേനലിൽ പച്ചമരങ്ങൾ വിയർത്തുതീപിടിക്കുമ്പോൾ
മുടിവിരിച്ചിട്ടും കണ്ണുപിഴിഞ്ഞിട്ടും
ഞാനതണയ്ക്കാറുള്ളതും
ഇന്നുവരെ നീയറിഞ്ഞിട്ടുണ്ടോ..

എന്റെ മുയൽക്കുഞ്ഞുങ്ങളുടെ
പതുപതുത്ത വെള്ളക്കുപ്പായങ്ങൾ
മഞ്ഞിൽവാറ്റിയ അപ്പൂപ്പൻതാടികളാൽ
ഞാൻതന്നെ തുന്നിയതാണെന്നും
ഉടുപ്പിനടിയിൽ അവ പാമ്പുകളെ
തിന്നുചീർത്ത തവളകളാണെന്നും നിനക്കറിയുമോ...

നീലമരപ്പശകൊണ്ടുഞാൻ പാവകളെയുണ്ടാക്കാറുണ്ടെന്നും
ചെമ്മരിയാടിന്റെ കൊമ്പുകളിൽ ചേർത്തുകെട്ടിയ
അയകളിലിട്ടവയുണക്കാറുണ്ടെന്നും
നിലാവുള്ള രാത്രികളിൽ
അവയ്ക്കു ജീവൻ വയ്ക്കാറുണ്ടെന്നും
എന്റെ മുലകുടിക്കാറുണ്ടെന്നും
ഇവിടത്തെ കാറ്റുകൾക്കുപോലും അറിയാം..

എന്റെ മുടന്തനായ പൂച്ചക്കുട്ടിക്കു പാടാനറിയുമെന്നും
കുഴിയാനകൾ ചിത്രംവരയ്ക്കുമെന്നും
മഞ്ഞവരയുള്ള കറുത്തമീനുകൾ  ജലനൃത്തം ചെയ്യുമെന്നും
തുമ്പികൾ എന്റെ മേൽക്കൂരകൾക്കായി
വെള്ളമേഘങ്ങൾ
ചുമന്നുകൊണ്ടുവരാറുണ്ടെന്നതും
പരസ്യമായ രഹസ്യമാണ്..

എന്റെ മുന്തിരിവീഞ്ഞുകളുടെ
വയലറ്റുനിറവും
മഴമാത്രംനുകരുന്ന ചിത്രശലഭങ്ങളും
പാലുചുരത്തുന്ന പൂക്കളും
തേൻകുടിക്കുന്ന കടുവക്കുഞ്ഞും..
ഹാ..അവയ്‌ക്കൊന്നും നിന്റെ പേരുപോലും അറിയില്ല !

നിനക്കറിയുമോ..
പാമ്പുകളിലേക്ക് പരകായപ്രവേശംനടത്തുന്ന
മാലാഖമാരുണ്ടെനിക്ക്...
ചെകുത്താന്റെ കറുത്തശിശുവിന്
മാൻപേടയേക്കാൾ മൃദുലതയാണ്..
ആഭിചാരവും അഭിനയവിദ്യയും എനിക്കു മനഃപാഠമാണ്.
നിന്റെ നാടകങ്ങൾ എത്ര വിരസമാണെന്നു നിനക്കറിയുകയില്ലല്ലോ..

എന്റെ കണ്ണുകൾക്ക് ഇരുട്ടിലും കാണാമെന്നതും
നിന്റെ നായ്ക്കുട്ടിയുടെ വാലിൽ എന്റെ ചാരച്ചെള്ളുകളുള്ളതും
നീയെങ്ങനെ അറിയാനാണ്..
എന്റെ രക്തവും മാംസവും നിന്നെ പ്രണയിക്കുന്നുവെന്നും
എന്റെയാത്മാവ് നിന്നോട് ചേർന്നുനിൽക്കുന്നുവെന്നും
നിന്റെ തോന്നൽ മാത്രമാണ്...

മഴപെയ്യുന്നതും മഞ്ഞുണ്ടാവുന്നതും
ആകാശനീലിമയും കടൽത്തിരകളും
നിനക്കറിയാവുന്ന വിദ്യകളാവാം...
എങ്കിലെനിക്കു പനിയ്ക്കുന്നതും വിറയ്ക്കുന്നതും
എന്റെ കരച്ചിലും കവിതയും
പ്രണയവും മരണവും
എന്റെ മാത്രം രഹസ്യങ്ങളാണ്..

എന്നെ അറിയുമെന്നു പറയുമ്പോൾ നീയെന്തൊരു നുണയനാണ്..

മട്ടത്രികോണം

ആനിടീച്ചറിന്റെ 
മെക്കാനിക്സ് പീരിയഡിൽ
എൻജിനുകളെപ്പറ്റിയാണ് 
നമ്മൾ പഠിച്ചത്.
അവസാനത്തെ  
ക്ലാസ്സുംകഴിയുമ്പോൾ
ആകാശത്തൂന്ന് 
തൂക്കിയിട്ടിരിക്കുന്ന
കയറുഗോവണിയുടെ
താഴത്തെ പടിയിലാണ്
നീ നിൽക്കുന്നത്.
കയറിത്തുടങ്ങുമ്പോൾ
ഗോവണി മേലോട്ട് 
വലിക്കപ്പെടും.
പച്ചസിഗ്നൽലൈറ്റ് തെളിയും. 
പേരറിയാത്തമൃഗം ഓരിയിടും.
നീയൊരു തീവണ്ടിയിലാണ്.
ലംബമായ തീവണ്ടിയുടെ
മുകളറ്റത്താണ്
നിന്റെ റിസെർവ്ഡ് സീറ്റ്.
ആരാണ് നിന്റെ ആകാശം
തിരിച്ചുവച്ചത്.
തീവണ്ടിഎൻജിന്റെ 
പ്രവർത്തനതത്വം എന്താണ്..
നിനക്കതൊന്നും മനസ്സിലാകില്ല.

നീയിപ്പോൾ കണക്കുപുസ്തകത്തിലെ
മട്ടത്രികോണത്തിലാണ്.
തീവണ്ടി മുകളിലെത്തുമ്പോൾ
മാത്രമാണ്
നിനക്കത് ബോധ്യപ്പെടുക.
പൈഥഗോറസ് സിദ്ധാന്തം 
അപ്പോഴേക്കും 
നീ മറന്നിരിക്കും.
നടന്നുവന്ന പാദദൂരം..
വലിഞ്ഞുകയറിയ ലംബദൂരം..
ഗുണനപ്പട്ടികയുടെ 
പടിക്കൽവന്നു കിതച്ചുനില്ക്കും.
വർഗ്ഗവും വർഗ്ഗമൂലവും 
അപ്രസക്തമാവും.

നീളത്തിൽ ഒരു മുളവടി
കരുതേണ്ടതാണ്.
കർണമാക്കാൻ,
ചാരിവച്ച് 
മണ്ണിലിറങ്ങാൻ...
സമവാക്യങ്ങൾ 
കുഴിച്ചിട്ടിടത്തു 
മുളവിത്തു പാകുക.
മണ്ണിലി(ലു)റങ്ങേണ്ട സ്ഥലം 
അടയാളപ്പെടുത്തുക.
എൻജിനുകൾക്കും
ഊന്നുവടികൾക്കും 
ഒരേതത്വമാണ്..

ഗിറ്റാർ 🎼🎼🎼

വെട്ടംവിഴുങ്ങി
വയർചീർത്തിരിക്കുന്ന
രണ്ടുമരങ്ങൾ
ചേർത്തുകെട്ടിയയകളിൽ
ഉടുപ്പുകൾ ഉണക്കാനിട്ട്
നമ്മളുറങ്ങുന്നു.
ഉണങ്ങുന്തോറും നനയുകയും
നനയുന്തോറും ഉണങ്ങുകയുംചെയ്യുന്ന
നൂലിൽ ഇരുട്ടുകൊണ്ടാണ്
നമ്മുടെ പേര് പ്രിന്റ്ചെയ്തിരിക്കുന്നത്.
ഉടുപ്പുകളുടെ ഓർമകളിൽ
നമ്മളുടെ പേരുകൾ
മാഞ്ഞുപോകുന്ന
ദിവസമാണ്
അയകൾ പൊട്ടുന്നതെന്ന്
നമുക്കറിയാം.
പൊട്ടിപ്പോയ ഗിറ്റാറിന്റെ
വള്ളികളിൽ
ഒരുപാട്ടുടുപ്പ്
മണ്ണ്തിന്നുന്നത്
നമ്മൾ സ്വപ്നംകാണുകയാണ്..
അതേരാത്രി,
വെട്ടംതിന്നുന്ന മരങ്ങൾ
ഗിത്താറിനെ പ്രസവിക്കുന്ന
അതേനേരം
ഉണങ്ങിയ നമ്മുടെയുടുപ്പുകൾ
ഒളിച്ചോടുന്നു!
അയകളുടെ ഇരുട്ടിൽ
ഓർമ്മകൾ തൂങ്ങിക്കിടക്കുമ്പോൾ
നഗ്നരായി നമ്മളൊരു
നനഞ്ഞപാട്ടുകേൾക്കുന്നു.