Monday 9 January 2017

അഭയാർത്ഥി

ഉപേക്ഷിക്കപ്പെട്ട രാജ്യത്തെ
അവശേഷിക്കുന്ന താമസക്കാരി.
വീട്ടുജോലിക്കാരൊഴിഞ്ഞ
കടൽത്തീരത്തെ അവളുടെ ബംഗ്ലാവ്.
അതിന്റെ അടച്ചുപൂട്ടപ്പെട്ട വാതിൽക്കൽ
സ്വർണത്തലമുടിയുള്ള ആൺകുട്ടി
പട്ടം പറത്തുന്നു.
വഴിതെറ്റിയ ഒരഭയാർത്ഥി.
നോട്ടത്തിന്റെ വെള്ളിനൂൽവലിഞ്ഞ്
അവന്റെ വിരല് പൊള്ളുമ്പോൾ
കടൽപെൻസിലുകളുടെ ഹൃദയംകൊണ്ട്
അവളൊരു ചുവന്ന കവിതയെഴുതുന്നു.
പിന്നെ എല്ലാനേരവും
അവൻ ബംഗ്ലാവിന്റെ ജനാലക്കണ്ണുകളിൽ
പറ്റിപ്പിടിക്കുന്നു.
അവൾ കർട്ടനുകൾ മാറ്റിമാറ്റിവിരിക്കുന്നു.
അവൻ വെളുത്തമേഘക്കുതിരകളുടെ
നൂൽക്കടിഞ്ഞാൺ മുറുക്കുമ്പോൾ
അവൾ ചുവരുകൾ നിറയെ
സ്വർണത്തലമുടിയുള്ള രാജകുമാരന്മാരുടെ
ചിത്രം വരയ്ക്കുന്നു.
ആംഗ്യങ്ങളാലവൻ ആകാശത്ത്
ഊടുംപാവും നെയ്യുന്നു.
അവൾ മഴവില്ലുടുപ്പുകൾ കാണുന്നു.
മാറിലിണപ്പ്രാവുകൾ അവൻ
മകനായെങ്കിൽ എങ്കിൽ
എന്ന് ചിറകടിക്കുന്നു.
വീഞ്ഞുചുരത്തുന്നു.
അവന്റെ പേരിട്ട കവിതയിൽ
പ്രണയമെന്ന്മാത്രം എഴുതിനിർത്തുന്നു.
അവസാനത്തെ രക്ഷാനൗകയും
പൊയ്ക്കഴിയുമ്പോൾ
അവൻ മഴവില്ലിൽ നൂലുവലിച്ചുകോർത്ത്
വിരലുമീട്ടുന്നു.
അവളുടെ കവിത ചൊല്ലുന്നു.
അവൾ മട്ടുപ്പാവിൽ കുന്തിരിക്കപ്പുകകൊള്ളുന്നു.
മുടിയിഴകൾ മുന്തിരിവള്ളികൾപോലെ പൂക്കുന്നു.
പുകച്ചുരുളുകൾ പട്ടങ്ങളോട്
ചുണ്ടുകോർക്കുന്നു.
കടൽ കെറുവിക്കുമ്പോൾ
പട്ടച്ചരട് പൊട്ടുന്നു.
അവൻ കല്ല്കോർത്തൊരു
മതിലു കെട്ടുന്നു.
പ്രളയമെത്തുമ്പോൾ
വിരലുകൊണ്ടോട്ടയടയ്ക്കുന്ന
ഡച്ചുകഥയിലെകുട്ടിയാവുന്നു.
നീ എന്റെ രാജ്യവും
ഞാൻ നിന്റെ പരിചയും
എന്നുരുവിട്ടുകൊണ്ടിരിക്കുന്നു.
വിള്ളലുകളിലേക്കവൻ
തന്നെത്തന്നെ ചേർക്കുമ്പോൾ
കടലെത്തും മുന്നേ
പട്ടം ജനാലക്കുള്ളിലൂടെ
ഒരു ചുവന്ന കവിത
കണ്ടെത്തുന്നു.
ഹൃദയത്തിൽ അത്
അവനോളംതന്നെ തണുത്തിരിക്കയും
മണ്ണ് വേർപെട്ട മുന്തിരിവള്ളിപോലെ
നരച്ചുപോവുകയും ചെയ്തിരിക്കുന്നു..
പ്രിയപ്പെട്ട ബാലകാ..
കടലുകൾക്കു
മതിലുകെട്ടുന്നോനെ
നീ തന്നെ രാജാവും
സൈന്യാധിപനുമായ
ഏകാംഗരാജ്യമാണ് ഞാൻ.
നിന്റെ ചുണ്ടുകൾ
അതിരിടുന്ന കടലിലെ
തിരമാലകൾ പറയുന്ന ഭാഷയിൽ
ഞാനൊരു കവിത എഴുതുന്നു.
നിന്റെ പേര് മാത്രമുള്ള ഒരൊറ്റവരിക്കവിത.

No comments:

Post a Comment