Monday 9 January 2017

വീട് നടക്കുമ്പോൾ

ഉപേക്ഷിക്കപ്പെട്ട ഓരോ വീടുകളും
ആയിരം കാലുകളുള്ളിലൊളിപ്പിച്ച
ആമത്തോടുകളാണ്.

രാത്രിമരങ്ങളാകാശങ്ങളിലുരിച്ച
നിലാവിലകളിലവയൊച്ചയുണ്ടാക്കാതെ
പൂച്ചക്കാലിൽ നടക്കും.
ആമത്തോടിൽ
നക്ഷത്രങ്ങളുരഞ്ഞൊട്ടിയിരിക്കും.

നടന്നുനടന്ന്
അവരോരോ ഗൃഹസ്ഥന്റെയും
സ്വപ്നങ്ങളിലെത്തും.
നിങ്ങളാണോ നിങ്ങളാണോ
ഉടമയെന്നു ചോദിക്കും.
ഓരോ മുറിയിലും
അയാളിറങ്ങിനോക്കും.
എന്നിട്ടീർഷ്യയോടെ
പോ നാശംന്ന് പറഞ്ഞ്
തിരിഞ്ഞുകിടക്കും.

പാതിയഴിച്ചിട്ടെറിഞ്ഞ സമ്മാനപ്പൊതിപോലെ
വീടിറങ്ങിനടക്കും.
കിലുക്കമില്ലാത്ത പാദസരം
കിടക്കയിലഴിഞ്ഞങ്ങനെ കിടക്കും.

ഓരോ രാത്രിമരവും
ഇലപൊഴിക്കുമ്പോൾ
കൊലുസുകളോരോന്നഴിഞ്ഞഴിഞ്ഞുപോകും.
വീട് കരഞ്ഞുകൊണ്ടേയിരിക്കും.
നക്ഷത്രങ്ങളൊക്കെ അടർന്നുവീഴും.
കണ്ണീരുവീണ് കാട് മുളയ്ക്കാൻതുടങ്ങും.

കാട് കാണുമ്പോഴൊക്കെ
അവർ
മീശയുള്ള
കുഞ്ഞുങ്ങളാവും.
എവിടെയോ കണ്ടപോലെയെന്നുഴറും.
ഓർത്തെടുക്കാനാവാതെ കുഴങ്ങും.

കാട് ചിരിച്ചോണ്ടങ്ങനെ നില്ക്കും.
കണ്ണിൽ പുഴ കിലുങ്ങിയൊഴുകും.
ഉറച്ചുപോയ കാലുകളിൽ
കറുത്ത പാദസരങ്ങളിഴയും.

No comments:

Post a Comment