Sunday 1 January 2017

മട്ടത്രികോണം

ആനിടീച്ചറിന്റെ 
മെക്കാനിക്സ് പീരിയഡിൽ
എൻജിനുകളെപ്പറ്റിയാണ് 
നമ്മൾ പഠിച്ചത്.
അവസാനത്തെ  
ക്ലാസ്സുംകഴിയുമ്പോൾ
ആകാശത്തൂന്ന് 
തൂക്കിയിട്ടിരിക്കുന്ന
കയറുഗോവണിയുടെ
താഴത്തെ പടിയിലാണ്
നീ നിൽക്കുന്നത്.
കയറിത്തുടങ്ങുമ്പോൾ
ഗോവണി മേലോട്ട് 
വലിക്കപ്പെടും.
പച്ചസിഗ്നൽലൈറ്റ് തെളിയും. 
പേരറിയാത്തമൃഗം ഓരിയിടും.
നീയൊരു തീവണ്ടിയിലാണ്.
ലംബമായ തീവണ്ടിയുടെ
മുകളറ്റത്താണ്
നിന്റെ റിസെർവ്ഡ് സീറ്റ്.
ആരാണ് നിന്റെ ആകാശം
തിരിച്ചുവച്ചത്.
തീവണ്ടിഎൻജിന്റെ 
പ്രവർത്തനതത്വം എന്താണ്..
നിനക്കതൊന്നും മനസ്സിലാകില്ല.

നീയിപ്പോൾ കണക്കുപുസ്തകത്തിലെ
മട്ടത്രികോണത്തിലാണ്.
തീവണ്ടി മുകളിലെത്തുമ്പോൾ
മാത്രമാണ്
നിനക്കത് ബോധ്യപ്പെടുക.
പൈഥഗോറസ് സിദ്ധാന്തം 
അപ്പോഴേക്കും 
നീ മറന്നിരിക്കും.
നടന്നുവന്ന പാദദൂരം..
വലിഞ്ഞുകയറിയ ലംബദൂരം..
ഗുണനപ്പട്ടികയുടെ 
പടിക്കൽവന്നു കിതച്ചുനില്ക്കും.
വർഗ്ഗവും വർഗ്ഗമൂലവും 
അപ്രസക്തമാവും.

നീളത്തിൽ ഒരു മുളവടി
കരുതേണ്ടതാണ്.
കർണമാക്കാൻ,
ചാരിവച്ച് 
മണ്ണിലിറങ്ങാൻ...
സമവാക്യങ്ങൾ 
കുഴിച്ചിട്ടിടത്തു 
മുളവിത്തു പാകുക.
മണ്ണിലി(ലു)റങ്ങേണ്ട സ്ഥലം 
അടയാളപ്പെടുത്തുക.
എൻജിനുകൾക്കും
ഊന്നുവടികൾക്കും 
ഒരേതത്വമാണ്..

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. നീളത്തിൽ ഒരു മുളവടി
    കരുതേണ്ടതാണ്.
    കർണമാക്കാൻ,
    ചാരിവച്ച്
    മണ്ണിലിറങ്ങാൻ..
    😍😍 ഒരുപാടിഷ്ടം

    ReplyDelete
  3. സമവാക്യങ്ങൾ
    അസമചലനങ്ങൾ
    ചാരുകോണിയിലൂർന്നിറങ്ങൽ
    വീണ്ടും കയറ്റം, അതിലേക്കൊരൂറ്റം.

    ReplyDelete