Sunday 1 January 2017

നിനക്കറിയുമോ?

എന്നെ അറിയുമെന്നുപറയുമ്പോൾ
നീ എന്തൊരു നുണയനാണ്..

എന്റെ വീടിനുള്ളിൽ ഒരു വലിയ കാടുള്ളതും
വേനലിൽ പച്ചമരങ്ങൾ വിയർത്തുതീപിടിക്കുമ്പോൾ
മുടിവിരിച്ചിട്ടും കണ്ണുപിഴിഞ്ഞിട്ടും
ഞാനതണയ്ക്കാറുള്ളതും
ഇന്നുവരെ നീയറിഞ്ഞിട്ടുണ്ടോ..

എന്റെ മുയൽക്കുഞ്ഞുങ്ങളുടെ
പതുപതുത്ത വെള്ളക്കുപ്പായങ്ങൾ
മഞ്ഞിൽവാറ്റിയ അപ്പൂപ്പൻതാടികളാൽ
ഞാൻതന്നെ തുന്നിയതാണെന്നും
ഉടുപ്പിനടിയിൽ അവ പാമ്പുകളെ
തിന്നുചീർത്ത തവളകളാണെന്നും നിനക്കറിയുമോ...

നീലമരപ്പശകൊണ്ടുഞാൻ പാവകളെയുണ്ടാക്കാറുണ്ടെന്നും
ചെമ്മരിയാടിന്റെ കൊമ്പുകളിൽ ചേർത്തുകെട്ടിയ
അയകളിലിട്ടവയുണക്കാറുണ്ടെന്നും
നിലാവുള്ള രാത്രികളിൽ
അവയ്ക്കു ജീവൻ വയ്ക്കാറുണ്ടെന്നും
എന്റെ മുലകുടിക്കാറുണ്ടെന്നും
ഇവിടത്തെ കാറ്റുകൾക്കുപോലും അറിയാം..

എന്റെ മുടന്തനായ പൂച്ചക്കുട്ടിക്കു പാടാനറിയുമെന്നും
കുഴിയാനകൾ ചിത്രംവരയ്ക്കുമെന്നും
മഞ്ഞവരയുള്ള കറുത്തമീനുകൾ  ജലനൃത്തം ചെയ്യുമെന്നും
തുമ്പികൾ എന്റെ മേൽക്കൂരകൾക്കായി
വെള്ളമേഘങ്ങൾ
ചുമന്നുകൊണ്ടുവരാറുണ്ടെന്നതും
പരസ്യമായ രഹസ്യമാണ്..

എന്റെ മുന്തിരിവീഞ്ഞുകളുടെ
വയലറ്റുനിറവും
മഴമാത്രംനുകരുന്ന ചിത്രശലഭങ്ങളും
പാലുചുരത്തുന്ന പൂക്കളും
തേൻകുടിക്കുന്ന കടുവക്കുഞ്ഞും..
ഹാ..അവയ്‌ക്കൊന്നും നിന്റെ പേരുപോലും അറിയില്ല !

നിനക്കറിയുമോ..
പാമ്പുകളിലേക്ക് പരകായപ്രവേശംനടത്തുന്ന
മാലാഖമാരുണ്ടെനിക്ക്...
ചെകുത്താന്റെ കറുത്തശിശുവിന്
മാൻപേടയേക്കാൾ മൃദുലതയാണ്..
ആഭിചാരവും അഭിനയവിദ്യയും എനിക്കു മനഃപാഠമാണ്.
നിന്റെ നാടകങ്ങൾ എത്ര വിരസമാണെന്നു നിനക്കറിയുകയില്ലല്ലോ..

എന്റെ കണ്ണുകൾക്ക് ഇരുട്ടിലും കാണാമെന്നതും
നിന്റെ നായ്ക്കുട്ടിയുടെ വാലിൽ എന്റെ ചാരച്ചെള്ളുകളുള്ളതും
നീയെങ്ങനെ അറിയാനാണ്..
എന്റെ രക്തവും മാംസവും നിന്നെ പ്രണയിക്കുന്നുവെന്നും
എന്റെയാത്മാവ് നിന്നോട് ചേർന്നുനിൽക്കുന്നുവെന്നും
നിന്റെ തോന്നൽ മാത്രമാണ്...

മഴപെയ്യുന്നതും മഞ്ഞുണ്ടാവുന്നതും
ആകാശനീലിമയും കടൽത്തിരകളും
നിനക്കറിയാവുന്ന വിദ്യകളാവാം...
എങ്കിലെനിക്കു പനിയ്ക്കുന്നതും വിറയ്ക്കുന്നതും
എന്റെ കരച്ചിലും കവിതയും
പ്രണയവും മരണവും
എന്റെ മാത്രം രഹസ്യങ്ങളാണ്..

എന്നെ അറിയുമെന്നു പറയുമ്പോൾ നീയെന്തൊരു നുണയനാണ്..

1 comment: