Monday 10 April 2017

നദിയിലേക്ക്
മുട്ടയിടുന്നൊരു
പക്ഷിയെയോ
മറ്റോ
ഞാനോർമ്മിപ്പിക്കുന്നുണ്ടോ
കടവത്തെ എല്ലാ വള്ളങ്ങളെയും
നീയിങ്ങനെ ഒഴുക്കിവിടുന്നു!
വേരുകൾക്കുള്ളിലേക്ക്
ശലഭങ്ങളെ
അടുക്കിവയ്ക്കുന്നു
കടന്നൽക്കൂടുകളെ
എരിച്ചുകളയുന്നു
നദിക്കടിയിലെ
ബലൂൺചെടീ
എന്നെന്നെ വിളിക്കുന്നു
എല്ലാ മീനുകളെയും
എല്ലാ പക്ഷികളെയും
ഭയപ്പെടാൻ
പറയുന്നു
നദിയോടൊപ്പം
നീയെന്റെ
ഗർഭകാലത്തെയും
ഒഴുക്കിക്കൊണ്ട് പോകുന്നു
കാമുകനൊപ്പം
പുറപ്പെട്ടുപോകുന്ന ഒരുത്തി
വീടിനെ
നോക്കുന്നപോലെ ഞാനീ കരയെ നോക്കുകയാണ്
നീ ഞങ്ങളെ
ഒരു മരപ്പൊത്തിലേക്ക്
ഒളിപ്പിച്ചുവക്കുന്നു
എത്രയെത്രകിളികളും
അത്രതന്നെകാറ്റുകളും
കടന്നുപോകുന്നു
എത്രയുണ്ട്
നിന്റെ ഗർഭകാലമെന്ന്
എല്ലാരാത്രിയിലും
നീ ചോദിക്കുന്നുണ്ട്
നാളെ വരെ നാളെ വരെ
എന്ന് ഞാൻ പറയുന്നുമുണ്ട്
...
നദിക്കടിയിലെ
ബലൂൺചെടീ
എന്ന് ഞാൻ നിന്നെ വിളിക്കുന്നു.
മീനുകളെയും കിളികളെയും
നിന്നെക്കരുതി
ഭയപ്പെടുന്നു.
ഇതാ, നിന്നെ ഞാൻ
എന്റെ ഉള്ളംകയ്യിൽ
രേഖപ്പെടുത്തിയിരിക്കുന്നു

സംശയം

പോലീസുകാരനെപ്പോലൊരാളെ
കവലയിൽ കാണുന്നു
അയാളെന്നോട്
കണ്ടോ
എന്ന് ചോദിക്കുന്നു.
കണ്ടോ കണ്ടോ
എന്ന് ഞാനെന്നോടും
ചോദിക്കുന്നു.
കണ്ടതുപോലെതന്നെ തോന്നുന്നു.
കണ്ടു; എന്ന് പറയുമ്പോൾ
ചെയ്തോ
എന്നയാൾ.
ചെയ്തോ ചെയ്തോ
എന്ന് ഞാനെന്നോടും
ചോദിക്കുന്നു.
ചെയ്തതുപോലെതന്നെ തോന്നുന്നു.
ചെയ്തു; എന്ന് ഞാനയാളോട്
പറയുമ്പോൾ
കണ്ടവരും ചെയ്തവരും
ഒരുമിച്ച് വരുന്നു.
അവരെല്ലാവരും പൊലീസുകാർ.
കണ്ടവരാരും കണ്ടവരും,
ചെയ്തവരാരും ചെയ്തവരും അല്ല
എന്ന് ഞാനുറപ്പിക്കുന്നു
കവല നിറയെ പൊലീസുകാർ
ചന്ത നിറയെ പൊലീസുകാർ
വേണ്ടേ, എന്നവർ ചിലതൊക്കെ
വില്പനയ്ക്ക് വയ്ക്കുന്നു.
എന്നെ അവർക്ക് വിറ്റ്
ഞാനതെല്ലാം വാങ്ങുന്നു.

ദൂരം എങ്ങിനെയൊരു തെളിവല്ലാതാകും?

ഇവിടുന്ന് പോയി
ഇവിടെത്തന്നെ
വന്നിരിപ്പുണ്ട്.
സ്ഥാനം സ്ഥിതി
ഒന്നും മാറിയിട്ടില്ല.
രണ്ട്
കുത്തുകൾക്കിടയിൽ
പ്രത്യേകിച്ചും,
ദൂരം സ്വപ്നം
പോലൊരളവാണ്
യാതൊരു
വിശ്വസനീയതയും
ഉണ്ടാവില്ല
(സമയം
വെറുതേ
ഒരു തോന്നലാണ്.
അതിനിവിടെ പണ്ടേ
പ്രസക്തിയില്ല)

കൂടുതൽ കൊഴുപ്പുള്ള ചായ എങ്ങനെയുണ്ടാക്കാമെന്നത് അത്ര ലളിതമൊന്നുമല്ല

നമ്മളാദ്യമീ തത്തയെയോ
പൂച്ചയെയോ
വാങ്ങുന്നില്ല,
നമ്മളിവിടുന്ന് ഒരു
കഴുതയെ വാങ്ങുന്നു.
ഉള്ളചുമട്
നമ്മളെടുത്ത് തെരുവിലൂടെ
നടത്തുന്നു
തീറ്റിപ്പോറ്റുന്നു.
എന്നിട്ട് നമ്മളീ
പശുവിനെ വാങ്ങുന്നു
കഴുതയോടൊപ്പം
കെട്ടുന്നു
പിന്നെയൊരു ദിവസം
കഴുതയെ വിറ്റ്
തത്തയെയും പൂച്ചയെയും
ആ നായയെയും
വാങ്ങുന്നു.

അലമാര

തലതാഴ്ത്തിത്തരുന്ന
തെങ്ങുകളുടെ
കാലത്തൊന്നുമല്ല..
ഈയിടെയായി,
ചില കാലങ്ങൾ
മറ്റുചില കാലങ്ങളിലേക്കും
അതിനുംപുറത്തെ കാലങ്ങളിലേക്കും
ഒഴുകാനും
മിണ്ടാനും
കേൾക്കാനും
തുടങ്ങിയിരിക്കുന്നു
തോന്നൽ
എന്ന കാലത്തിലിരുന്ന്
അയാളല്ലേയിതെന്ന്
തോന്നുമ്പോഴേക്കും
ഞാനല്ലയാളെന്നയാൾ
ഞെട്ടിക്കുന്നു
ഓർമ
എന്ന കാലത്തിരുന്ന്
എങ്ങനൊക്കെയായിരുന്നു
എന്നോർത്തുമുഴുമിച്ചില്ല
അപ്പോഴേക്കും
ചിലരൊക്കെവന്ന്
ഇപ്പോഴെന്തായീയെന്ന്
കളിയാക്കിചിരിക്കുന്നു
സ്വപ്നം
എന്നൊരു കാലത്തൂന്ന്
ഹാ.. എന്തൊക്കെയുണ്ട്,മനസിലായില്ലേ
എന്നൊക്കെ
തോളിൽ തട്ടുന്നു
................
ആരാണീ
അലമാരയിലിരുന്നതൊക്കെയിങ്ങനെ
അലങ്കോലമാക്കിയിട്ടതെന്ന്
ആരോ ഉറക്കെ ചോദിക്കുന്നു
ആരോ ആരോ ആരോ
എന്ന് അലമാരയ്ക്കകത്തൂന്ന്
ഞാനുത്തരം
പറയുന്നു
എല്ലാകാലത്തിലുമിരുന്ന്
എല്ലാവരും
അതുകേൾക്കുന്നു
എല്ലാഅറകളീന്നും
അവരിറങ്ങി
വരുന്നു
എല്ലാ അറകളിലേക്കും
എന്നെ വീതിച്ചു കൊണ്ടുപോകുന്നു
എല്ലാ അറകളും
ഒരുപോലെയാകുന്നു
എല്ലാ കാലങ്ങളും
ഒരുപോലെയാകുന്നു
...............
ആരാണീ
അലമാരയിലിരുന്നതൊക്കെയിങ്ങനെ
അലങ്കോലമാക്കിയിട്ടതെന്ന്
ആരോ ഉറക്കെ ചോദിക്കുന്നു
ആരോ ആരോ ആരോ
എന്ന്
എല്ലാവരും ഉത്തരം
പറയുന്നു

എത്രയുണ്ട് എന്ന് ചോദിച്ചാൽ..

ഇവിടെനിന്ന്
നോക്കുമ്പോൾ
ദേ..
ഇത്രയും
ഒന്നടുത്തോ
അകന്നോ
നിന്നാൽ
കൂടിയും
കുറഞ്ഞും.
അത്രേയുള്ളൂ
ഉറപ്പിച്ച്
ഉത്തരം
പറയാൻ
ഒരുനിലം
ഇല്ലാത്തതുകൊണ്ട്
ഉരുണ്ടുകളിക്കുകയാണ്

കുളി

അഞ്ച് മണിക്കൂറായി
നീ
കുളിക്കാൻ കയറിയിട്ട്
അഞ്ച് മണിക്കൂറായി
ഞാൻ
ഇവിടിങ്ങനെ
ഇരിക്കുകയാണ്
അഞ്ച് മണിക്കൂറായി
അത് തന്നെ
ആലോചിക്കുകയുമാണ്
ഇതൊക്കെ തന്നെ,
നിന്റെ കണ്ണ്
മൂക്ക്
ചെവി
കയ്യ്
കാല്
മുടി
ഹാ.. അങ്ങനെ വരട്ടെ!
അപ്പോൾ
അഞ്ച് മണിക്കൂറായി
ഞാൻ നിന്നെ വരയ്ക്കുകയാണ്
കുളിമുറിയിലേക്ക്
പോകാനായുന്ന നിന്നെ..
അപ്പോൾ
അഞ്ച് മണിക്കൂറായി
നീയെന്നെ വരയ്ക്കുകയാണ്
കുളിമുറിയിലേക്ക്
പോകാനായുന്ന നിന്നെ
വരയ്ക്കുന്നയെന്നെ
പരസ്പരം
പോസ് ചെയ്യുന്ന
ഞങ്ങൾ രണ്ടുനിശ്ചലചിത്രങ്ങളെ
ശല്യപ്പെടുത്താതെ ..
ശബ്ദം പോലും കേൾപ്പിക്കാതെ
നീ
ഒടുക്കത്തെ കുളിയാണ്

തിരനാവുകളുടെ ഖരാവസ്ഥ

തിരയെ,
നാവ്
എന്നൊരൊറ്റ-
യുൽപ്രേക്ഷയിൽ,
കടൽ
കടൽതന്നെയോ
നാവ്
നാവ്തന്നെയോ എന്നും,
ചലിക്കുന്നൊ
ജീവനുണ്ടോ
എന്നതൊക്കെ
വെറും മണ്ടൻ
ചോദ്യങ്ങളാണോ
അതോ അല്ലയോ
എന്നും
ഒരു ദ്രാവകവും
ഒരു ഖരവും
അത്രയൊന്നും
അങ്ങനൊന്നുമല്ലായെന്നുംവരെ
ആശങ്ക
തോന്നുന്ന

വൈകുന്നേരത്ത്, കടൽത്തീരത്ത്
ഏത് തീയിലാണ്
ഏത് മഞ്ഞിൽ
കാറ്റിൽ
മഴയിൽ
(അതോ
ഇനിയേതേലും
പ്രേമത്തിലോ)
ഉരുകിയോ
ഉറഞ്ഞോ
പറന്നോ
ഒഴുകിയോ
നിന്നെ
കാണാതാവാൻ
-നീയല്ലാതാവാൻ-
പോകുന്നത്?
നീയെപ്പോഴാണ്
ഒരു പുഴുവോ
പാറ്റയോ
മുയലോ
കുരങ്ങൊ
ചിലപ്പോൾ
ഒരു കുയിലോ
കല്ലോ
കായലോ
ആകുന്നത്?
വല്ലതിലും
വീണ്
അലിഞ്ഞോ
അലിയാതെയോ
ആകുന്നത്?
എന്നൊക്കെ
ആലോചിച്ച്,
നിന്നെ
ഇങ്ങനെ
പേരെടുത്ത്,
ഇപ്പോൾ ഇവിടെ
ഇങ്ങനെ നീയുണ്ടെന്ന്
ഉറപ്പിച്ച്,
പിന്നെയും
പേരെടുത്ത്
വിളിക്കാനാണ്
എനിക്കിഷ്ടം 😍