Monday 9 January 2017

കടലിൽ നിന്നെ വരയ്ക്കുമ്പോൾ

കടലിന്റെ
പച്ചിച്ചയൊരുതുണ്ട്
വെയിൽക്കണ്ണാടിയിൽത്തട്ടി
എന്റെയാകാശത്തിലേക്കൊഴുകുന്നു.
ഇടയ്ക്കു വെയിൽമാറി
മഴവരുന്നു.
പച്ചയുടുപ്പ്
അലിഞ്ഞുവീഴുന്നു.
കടൽ വെളുത്തിട്ടാണ്!
ഞാനതിനെ
നീലയുടുപ്പിട്ട
എന്റെയാകാശഭിത്തിയിൽ
ഒട്ടിച്ചുവയ്ക്കുന്നു.

ഒരു മരം കണ്ണാടിയിൽ
നിന്നിറങ്ങുന്നു.
ചുവന്ന പൂവ്
കാടിന്റെ ഒരില
വെയിലിന്റെ നരച്ചവേര്
നിലാവിന്റെ തളിർഞരമ്പ്..

ഒക്കെപ്പിഴിഞ്ഞ്
നിറക്കോപ്പയിലാക്കുന്നു.
പൂവിൽ വിരല് മുക്കി
കടൽക്യാൻവാസിൽ
ഞാൻ നിന്നെ വരച്ചു തുടങ്ങുന്നു.
നിന്റെ നിറഞ്ഞ ചുണ്ട്...

ഇലതൊട്ട്
കൈനിഴലത്തുകറുപ്പിച്ച്
കണ്ണുവരയ്ക്കുമ്പോൾ,
വിരൽത്തുമ്പത്ത്
ചോന്നനിന്റെചുണ്ടുമ്മവയ്ക്കുന്നു.
കണ്ണുമറന്ന്
ഞാൻ പിന്നെയും ചുണ്ടുതന്നെവരയ്ക്കുന്നു.
പച്ചച്ചുണ്ട്.

വേരുതൊട്ടുതിരികെവരയ്ക്കുമ്പോൾ
കടലിന്റെ കടലാസ്സീന്ന്
നീ വിരലിൽ കടിക്കുന്നു.
ഞാൻ പിന്നെയും
വര മറക്കുന്നു..
വെളുത്ത കടൽ..
വെളുത്ത നിന്റെ ചുണ്ട്..

നിലാവുതൊടുമ്പോൾ
നീലിച്ചുപോയനിന്റെ ചുണ്ടുകളിലെല്ലാം
ഞാനുമ്മ വയ്ക്കുന്നു.
എനിക്ക്,
പൂവിന്റെ
കാടിന്റെ
വെയിലിന്റെ മണം.

പച്ച നീല ഉടലുടുപ്പുകൾ..
മാറി മാറി നമ്മളഴിയുന്നു...
നീ അലിഞ്ഞൊഴുകിയിറങ്ങുന്നു.

അടുത്ത വെയിലിൽ
ചായങ്ങളുടെമരം കണ്ണാടിയിലെത്തുമ്പോൾ
ഞാൻ വീണ്ടും
നിന്നെ കടലിൽ വരയ്ക്കുന്നു.

ചെമ്പരത്തി

പിരിയുമ്പോൾ...
നമ്മുടെ
ചെമ്പരത്തി
ഇതളുകൾ
ഊരിവച്ചുചിരിക്കുന്നു.
ഒരു മഴ
പാതിവഴിയിൽ
തിരിച്ചുപോകുന്നു.

മഷിത്തണ്ട്

ഇളകുന്നചതുരമരപ്പിടി-
ക്കിടയിൽ
പാൽപ്പെൻസിൽത്തുണ്ടുകളുള്ള
കുഞ്ഞുസ്ളേറ്റിൽ
കുന്തമുനയുള്ള
കല്ലുപെൻസിൽ
ആഴത്തിൽ പോറുന്നു.
ബാഗ് ചെവിപൊത്തുന്നു.
ചുവപ്പുറഞ്ഞയെഴുത്തുപാടിൽ
മഷിത്തണ്ടുരഞ്ഞുതളരുന്നു.
പിന്നെയെല്ലാമഴയത്തും
പിടിയെറിഞ്ഞിട്ടൊരുസ്ളേറ്റ്
ചുവന്നമഷിത്തണ്ടുകളെ
തിരയുന്നു.

ആമേൻ

നീ അവനോടുകൂടെ
ക്രൂശിതനായിരിക്കുമ്പോൾ,
ഞാൻ നമ്മുടെ
സ്നേഹത്തിന്റെ
ദിവ്യഗർഭം ചുമക്കുന്നു.

നമ്മുടെ രക്ഷകൻ
പ്രണയത്തിൽ
ഉരുവാകയും
നാം നമ്മളിൽ
കന്യകരല്ലാതിരിക്കയും
ചെയ്യട്ടെ.
അവർ നമ്മുടെ
ശിശുവെ
ക്രിസ്തുവെന്നുതന്നെ
വിളിക്കട്ടെ.

അവൻ
നിന്നെ എന്റെ ആത്മാവിൽ
ഉയിർപ്പിക്കയും
നാം അന്യോന്യം അപ്പവും
വീഞ്ഞുമായിരിക്കയും
ചെയ്യട്ടെ.
കുന്തിരിക്കത്തിന്റെ മരങ്ങളിലേക്ക്
കിളികൾ ചേക്കേറാനെന്നപോലെത്തുമ്പോൾ
വസന്തത്തിന്റെ മണമുള്ളൊരൊച്ച
വാതിലിൽ മുട്ടുന്നു.
ഒളിച്ചുനോക്കിയ കൺപീലി
ജാലകത്തിൽ
ഒട്ടിപ്പിടിക്കുമ്പോൾ
ചെരിപ്പഴിച്ചിട്ട്
ഒരാൾ തിരിഞ്ഞുനിൽക്കുന്നു.
ഉറങ്ങിക്കിടന്ന ഒരു വീട്
ധൃതിപിടിച്ച് താനേ കുളിക്കുന്നു
നിലക്കണ്ണാടി പൊട്ടുതൊടുന്നു
പൊട്ടിയകുപ്പി പഴമ്പായ
പൊടിപിടിച്ചതെല്ലാം താനേ ഇറങ്ങിപ്പോകുന്നു.
മുറ്റത്തെ മഞ്ഞമരങ്ങൾ
ഉണക്കയിലകൾ
പൊഴിക്കുന്നു.
ചുള്ളിക്കമ്പുകൾ അടിച്ചുവാരുന്നു.
ഉറുമ്പുകൾ ചിതലുകൾ
പാറ്റകൾ പല്ലികൾ
എലികൾ അരണകൾ
ഒക്കെയും ഒളിക്കുന്നു.
ധ്യാനിച്ചിരുന്നൊരൊച്ച
പാട്ടുപെട്ടിതുടയ്ക്കുന്നു.
ഒക്കത്തിരുന്നൊരിരുട്ടൂതിയകറ്റി
ഓടിത്തുള്ളിയൊരുകിതപ്പ്
വാതിൽ തുറക്കുമ്പോഴേക്കും
അയാളിറങ്ങിപ്പോകുന്നു.
കിളികളും കൂടെയിറങ്ങുന്നു.
ചെരിപ്പിലേക്കൊരു വീട്
ചുരുങ്ങിയിറങ്ങിയിരിക്കുമ്പോൾ
മണ്ണെഴുതുന്ന
വസന്തങ്ങളിൽ
കുന്തിരിക്കമരം
കിളികളെ കാക്കുന്നു.

അഭയാർത്ഥി

ഉപേക്ഷിക്കപ്പെട്ട രാജ്യത്തെ
അവശേഷിക്കുന്ന താമസക്കാരി.
വീട്ടുജോലിക്കാരൊഴിഞ്ഞ
കടൽത്തീരത്തെ അവളുടെ ബംഗ്ലാവ്.
അതിന്റെ അടച്ചുപൂട്ടപ്പെട്ട വാതിൽക്കൽ
സ്വർണത്തലമുടിയുള്ള ആൺകുട്ടി
പട്ടം പറത്തുന്നു.
വഴിതെറ്റിയ ഒരഭയാർത്ഥി.
നോട്ടത്തിന്റെ വെള്ളിനൂൽവലിഞ്ഞ്
അവന്റെ വിരല് പൊള്ളുമ്പോൾ
കടൽപെൻസിലുകളുടെ ഹൃദയംകൊണ്ട്
അവളൊരു ചുവന്ന കവിതയെഴുതുന്നു.
പിന്നെ എല്ലാനേരവും
അവൻ ബംഗ്ലാവിന്റെ ജനാലക്കണ്ണുകളിൽ
പറ്റിപ്പിടിക്കുന്നു.
അവൾ കർട്ടനുകൾ മാറ്റിമാറ്റിവിരിക്കുന്നു.
അവൻ വെളുത്തമേഘക്കുതിരകളുടെ
നൂൽക്കടിഞ്ഞാൺ മുറുക്കുമ്പോൾ
അവൾ ചുവരുകൾ നിറയെ
സ്വർണത്തലമുടിയുള്ള രാജകുമാരന്മാരുടെ
ചിത്രം വരയ്ക്കുന്നു.
ആംഗ്യങ്ങളാലവൻ ആകാശത്ത്
ഊടുംപാവും നെയ്യുന്നു.
അവൾ മഴവില്ലുടുപ്പുകൾ കാണുന്നു.
മാറിലിണപ്പ്രാവുകൾ അവൻ
മകനായെങ്കിൽ എങ്കിൽ
എന്ന് ചിറകടിക്കുന്നു.
വീഞ്ഞുചുരത്തുന്നു.
അവന്റെ പേരിട്ട കവിതയിൽ
പ്രണയമെന്ന്മാത്രം എഴുതിനിർത്തുന്നു.
അവസാനത്തെ രക്ഷാനൗകയും
പൊയ്ക്കഴിയുമ്പോൾ
അവൻ മഴവില്ലിൽ നൂലുവലിച്ചുകോർത്ത്
വിരലുമീട്ടുന്നു.
അവളുടെ കവിത ചൊല്ലുന്നു.
അവൾ മട്ടുപ്പാവിൽ കുന്തിരിക്കപ്പുകകൊള്ളുന്നു.
മുടിയിഴകൾ മുന്തിരിവള്ളികൾപോലെ പൂക്കുന്നു.
പുകച്ചുരുളുകൾ പട്ടങ്ങളോട്
ചുണ്ടുകോർക്കുന്നു.
കടൽ കെറുവിക്കുമ്പോൾ
പട്ടച്ചരട് പൊട്ടുന്നു.
അവൻ കല്ല്കോർത്തൊരു
മതിലു കെട്ടുന്നു.
പ്രളയമെത്തുമ്പോൾ
വിരലുകൊണ്ടോട്ടയടയ്ക്കുന്ന
ഡച്ചുകഥയിലെകുട്ടിയാവുന്നു.
നീ എന്റെ രാജ്യവും
ഞാൻ നിന്റെ പരിചയും
എന്നുരുവിട്ടുകൊണ്ടിരിക്കുന്നു.
വിള്ളലുകളിലേക്കവൻ
തന്നെത്തന്നെ ചേർക്കുമ്പോൾ
കടലെത്തും മുന്നേ
പട്ടം ജനാലക്കുള്ളിലൂടെ
ഒരു ചുവന്ന കവിത
കണ്ടെത്തുന്നു.
ഹൃദയത്തിൽ അത്
അവനോളംതന്നെ തണുത്തിരിക്കയും
മണ്ണ് വേർപെട്ട മുന്തിരിവള്ളിപോലെ
നരച്ചുപോവുകയും ചെയ്തിരിക്കുന്നു..
പ്രിയപ്പെട്ട ബാലകാ..
കടലുകൾക്കു
മതിലുകെട്ടുന്നോനെ
നീ തന്നെ രാജാവും
സൈന്യാധിപനുമായ
ഏകാംഗരാജ്യമാണ് ഞാൻ.
നിന്റെ ചുണ്ടുകൾ
അതിരിടുന്ന കടലിലെ
തിരമാലകൾ പറയുന്ന ഭാഷയിൽ
ഞാനൊരു കവിത എഴുതുന്നു.
നിന്റെ പേര് മാത്രമുള്ള ഒരൊറ്റവരിക്കവിത.

വീട് നടക്കുമ്പോൾ

ഉപേക്ഷിക്കപ്പെട്ട ഓരോ വീടുകളും
ആയിരം കാലുകളുള്ളിലൊളിപ്പിച്ച
ആമത്തോടുകളാണ്.

രാത്രിമരങ്ങളാകാശങ്ങളിലുരിച്ച
നിലാവിലകളിലവയൊച്ചയുണ്ടാക്കാതെ
പൂച്ചക്കാലിൽ നടക്കും.
ആമത്തോടിൽ
നക്ഷത്രങ്ങളുരഞ്ഞൊട്ടിയിരിക്കും.

നടന്നുനടന്ന്
അവരോരോ ഗൃഹസ്ഥന്റെയും
സ്വപ്നങ്ങളിലെത്തും.
നിങ്ങളാണോ നിങ്ങളാണോ
ഉടമയെന്നു ചോദിക്കും.
ഓരോ മുറിയിലും
അയാളിറങ്ങിനോക്കും.
എന്നിട്ടീർഷ്യയോടെ
പോ നാശംന്ന് പറഞ്ഞ്
തിരിഞ്ഞുകിടക്കും.

പാതിയഴിച്ചിട്ടെറിഞ്ഞ സമ്മാനപ്പൊതിപോലെ
വീടിറങ്ങിനടക്കും.
കിലുക്കമില്ലാത്ത പാദസരം
കിടക്കയിലഴിഞ്ഞങ്ങനെ കിടക്കും.

ഓരോ രാത്രിമരവും
ഇലപൊഴിക്കുമ്പോൾ
കൊലുസുകളോരോന്നഴിഞ്ഞഴിഞ്ഞുപോകും.
വീട് കരഞ്ഞുകൊണ്ടേയിരിക്കും.
നക്ഷത്രങ്ങളൊക്കെ അടർന്നുവീഴും.
കണ്ണീരുവീണ് കാട് മുളയ്ക്കാൻതുടങ്ങും.

കാട് കാണുമ്പോഴൊക്കെ
അവർ
മീശയുള്ള
കുഞ്ഞുങ്ങളാവും.
എവിടെയോ കണ്ടപോലെയെന്നുഴറും.
ഓർത്തെടുക്കാനാവാതെ കുഴങ്ങും.

കാട് ചിരിച്ചോണ്ടങ്ങനെ നില്ക്കും.
കണ്ണിൽ പുഴ കിലുങ്ങിയൊഴുകും.
ഉറച്ചുപോയ കാലുകളിൽ
കറുത്ത പാദസരങ്ങളിഴയും.
നീ എന്റെ മുടിനൂലുകളിൽ
ചിത്രശലഭങ്ങളെ തൂക്കിയിടുന്നു.
ഞാൻ നിന്റെ കൈരേഖകളിൽ
പൂവള്ളികളെ തെരുപ്പിടിക്കുന്നു.
നോക്കൂ..നാം പാപത്തിന്റെ
ഒരു പറുദീസ തന്നെ സൃഷ്ടിച്ചിരിക്കുന്നു.

എങ്കിലും നമ്മൾ
ഒരേ കുരിശിന്റെ ഭാരം ചുമക്കുന്നു.
ആരാദ്യം ആരാദ്യം
എന്നു ദിനവും
ക്രൂശിക്കപ്പെടുന്നു.

ഒടുവിൽ ഞാൻ
നിന്റെ പ്രണയം കൊണ്ടുയിർക്കയും
നിന്റെ ഉമിനീരിനാൽ
ജ്ഞാനസ്നാനപ്പെടുകയും
ചെയ്യുന്നു.

നീ എന്റെ വാഗ്ദത്ത ഭൂമി.
നിന്റെ ചുണ്ടുകൾ
കൊണ്ടളന്നെടുക്കപ്പെട്ട
സ്വർഗ്ഗരാജ്യമാണ് ഞാൻ.

പാമ്പിൻതോലിട്ട മാലാഖമാരേ..
ഞങ്ങളുടെ പീഡനസർഗങ്ങളെ
സ്വർഗാരോഹണങ്ങളെ
നിങ്ങളേതു സങ്കീർത്തനങ്ങളിൽ
ഒളിപ്പിച്ചുവച്ചിരുന്നു.

പ്രേമം

നീലമീൻമുട്ടകൾ
ആകാശങ്ങളിൽ
വിതയ്ക്കാനയയ്ക്കപ്പെടുന്ന
ആദ്യത്തെ പെണ്ണാണ് ഞാൻ.
കടലിന്റെയും
രാത്രിയുടെയും
വിളഞ്ഞമുന്തിരികളുടെയും
നിറമുള്ളവൾ.

നീ ചക്രവാളങ്ങളിലെ
കടത്തുകാരൻ.
നിനക്ക് പകലിന്റെയും
തീയുടെയും
കൊഴിഞ്ഞയിലകളുടെയും
നിറം.

കാറ്റിൽ നീയൊരു പമ്പരം
കറക്കുമ്പോൾ
മഴവില്ലിലൂടെ
നമ്മുടെ തോണി
മുന്നോട്ടുനീങ്ങുന്നു.
നീ മേഘങ്ങളുടെ
വെളുത്തകുഞ്ഞിനെപ്പോലെ..
എനിക്ക് മകനെപ്പോലെ.

വെയിലു തിളയ്ക്കുമ്പോൾ
നാം നഗ്നരാവുന്നു.
കാറ്റിൽ പമ്പരം വെളുക്കുന്നു.
തോലിലെ മഞ്ഞയുരുകുമ്പോൾ
തിളങ്ങുന്ന നിന്റെ നീല..
നീ കൃഷ്ണനാവുന്നു.

തോണിക്കുള്ളിലൊരു
പെൺചിലന്തി
വലനെയ്യുന്നു.
അവൾ അവനെ
സ്നേഹിക്കുകയും
അവനുവേണ്ടി
വിശക്കുകയുംചെയ്യുന്നു.

നീ കണ്ണുകളിലെ
കറുത്ത മീൻമുട്ടകൾ
എന്റെ നാഭിയിലേക്കെറിയുന്നു.
എന്റെ പൊക്കിൾച്ചുഴിയിൽ
കടലൂറിനിറയുന്നു.
നീല മഞ്ഞ മീൻകുഞ്ഞുങ്ങൾ..

ഹാ..പ്രേമം
ആകാശംപോലെയും
കടലുപോലെയും..

എന്റെ കടലുതൊട്ട്
കാൽ നനഞ്ഞുതുടങ്ങുമ്പോൾ
ആൺചിലന്തി ആഞ്ഞൂതി
വല പൊട്ടിക്കുന്നു.
അവൻ തോണിയിറങ്ങുന്നു,
ഭാഗ്യവാൻ.
അവൾ വിശന്നും
നനഞ്ഞും ...

കാറ്റുവരുമ്പോൾ
എനിക്ക് വീണ്ടും വിശക്കുന്നു.
എന്റെ പൂച്ചക്കണ്ണുകൾ
നിന്റെ മഞ്ഞിച്ച മീൻകാലുകളിലേക്കു
നീളുമ്പോൾ
നീ തോണി മറിക്കുന്നു.

പ്രേമം വിശപ്പുപോലെയും
നനഞ്ഞ തോണിപോലെയും..

ദൈവമേ
എന്റെ കടലുകൾ
എന്നിലേക്കൊതുങ്ങുന്നില്ലല്ലോ...
പാടത്തെ ചേറീന്ന്
പുഴക്കണ്ണിൽ വീണത്..
ഇറയത്തെ മാക്രിയോട്
കടലാമ പറഞ്ഞത്..
തളിരേലെ തുള്ളിക്ക്
മഴവില്ല് കൊടുത്തത്..
നിന്റെ കണ്ണുകൾ എനിക്ക് തന്നത്...

കടൽ ആകാശത്തിന്റെ
തുമ്പത്ത് ചെയ്തത്..
സൂര്യൻ മലയുടെ
സന്ധ്യയിൽ താണത്..
കാറ്റ് പൂവിന്റെ
കണ്ണിലേക്കൂതിയത്..
എന്റെ ചുണ്ടുകൾക്ക് നിന്നോട് പാടാനുണ്ടായിരുന്നത്..

അകത്തേക്ക് തുറക്കുന്ന ജനലിന്
ആകാശത്തോട് തോന്നിയത്...
വിധവേടെ നരച്ചമുടി
പൂവിനോട് മിണ്ടാഞ്ഞത്...
കാലൊടിഞ്ഞ കൊറ്റിക്ക്
ആമ്പലിനോടുള്ളത്...
എന്റെ പ്രണയമത്സ്യം നിന്റെ കരയോടു ചെയ്തത്...
ചത്തമീൻകണ്ണുകൾക്ക്
പീലികൊടുക്കുക...

ഋതു പറഞ്ഞ കഥ

തടാകത്തിന്റെ
ഹൃദയഘടനയറിയാൻ
സൂത്രവിദ്യകളോ
കൈപ്പുസ്തകങ്ങളോ ഇല്ല.

അവയുടെ സുതാര്യമായ ഹൃദയത്തിന്
വീർത്ത രണ്ടറകളാണ്.
ഭൂമി ഉറങ്ങിയും ഉണർന്നും
ശ്വസിക്കുന്ന നേരത്ത്
നിലാവും വെയിലും
മുറതെറ്റാതെയറകളിൽ
മാറിമാറിനിറച്ചും അരിച്ചും
നീലരക്തമൊഴുക്കിവിടുന്നവ..

തടാകം ഒരു ദ്വിലിംഗപദമാണ്.
അവൾ,
കൈരേഖകൾ മോഷ്ടിക്കുന്ന
കാക്കാലത്തിയാണ്.
രാത്രിയും പകലും
നീലയറകളിൽ
നോവലെഴുത്തുകാരനായ
കാമുകനെ
ബന്ധനസ്ഥനാക്കിയ ഒരുവൾ.
ത്യാഗാഭിനയങ്ങളിലിമയടയ്ക്കാത്ത
മീൻകണ്ണുള്ള
കൈനോട്ടക്കാരി.
അവനോ,
പൊന്മാൻ കൊത്തിയാൽപോലും
തുറക്കുന്ന
ചാവികളില്ലാത്ത പൂട്ടിൽ
വ്യാജമായൊരു ദുഃഖഭാരത്തോടെ
നിത്യമായ പ്രണയമെഴുത്തിലേർപ്പെട്ടിരിക്കുന്ന
ബന്ധനസ്ഥനാക്കപ്പെട്ട
കാമുകൻ

അയാൾക്കെഴുതാനായി
കൈരേഖകളിലെ കഥകൾ
കൊള്ളയടിക്കപ്പെട്ടു.
അവനാകട്ടെ കഥകളത്രയും
നീരിലെഴുതിക്കൊണ്ടിരുന്നു.

ഇരട്ടയറകളിൽ അവരുടെ ഹൃദയമാണ്,
മഞ്ഞയിലഞരമ്പുകളുടെ
നാഡീജ്യോത്സ്യൻ ചമഞ്ഞ്
മരങ്ങളുടെ കഥകൾ
നീലമഷിയിലെഴുതുന്ന
തടാകത്തിന്.

തടാകങ്ങൾ നമ്മുടേതാകുമ്പോൾ
കൈനോട്ടക്കാരിയും കാമുകനും,
നിലാവും വെയിലും
നീയും ഞാനുംതന്നെയാകുമ്പോൾ
പ്രണയം ഒരേസമയം
സ്വാർത്ഥവും
ദിവ്യവുമാകുന്നതെങ്ങനെയാണ്?

Monday 2 January 2017

തുറക്കുമ്പൊഴോ 
അടയ്ക്കുമ്പൊഴോ
കൂടുതലൊറ്റയ്ക്കെന്ന്
വാതിൽപ്പടിയിലൊരു
കാക്കപ്പുള്ളി 
കണ്ണാടിനോക്കുന്നു..

Sunday 1 January 2017

ഇത്രമാത്രം അലസമായി
ഒരുമഴത്തുള്ളിക്കപ്പ്
താഴെവീണുപൊട്ടുന്ന
ഉറപ്പിന്മേലാണ്,
ഞാനെന്റെ
ഓർമ്മയെ
ഭദ്രമായി ആകാശങ്ങളെ
ഏൽപ്പിച്ചിട്ടീയുച്ചയ്ക്ക്
കണ്ണടച്ചുറങ്ങുന്നത്.

പേരില്ല

എലികളെ പേടിച്ചുമാത്രമല്ല
കണ്ണുതെറ്റിയാൽ
എണീറ്റൊളിച്ചോടിപ്പോവുന്നോണ്ടൂടിയാണ്
ഞാനെന്റെ പാട്ടിനെ
നിന്റെചുണ്ടിലേക്കുതന്നെ
തരുന്നത്.

സ്ഥാനംതെറ്റിയ
നമ്മുടെ ചുംബനങ്ങളാണ്
അലഞ്ഞുതിരിയുന്ന
സംഗീതവും
കരണ്ടുതിന്നപ്പെട്ട
കവിതകളും.

വരൂ നമുക്ക് തെരുവിൽനിന്നുമ്മവയ്ക്കാം... എലികളുടെയും
അന്ധഗായകരുടെയും
ഇടയിലിരുന്ന്.
ഇപ്പോൾ
നമുക്ക്പുറത്തും നമുക്കകത്തും
ചുംബനങ്ങൾ മാത്രം.

രാത്രിവിരുന്ന്

പൂച്ചട്ടികളിൽ ചത്തകുഞ്ഞുങ്ങളെ
കുഴിച്ചിട്ട ഒരുവൾ
പൂക്കളെ പ്രസവിച്ച
രാത്രിയാണിന്ന്..
കിളികളെ നിറച്ച കുട്ടയോടൊരുത്തി
മീനേ മീനേ എന്ന്
നീട്ടിവിളിക്കുന്നുണ്ട് രാത്രിച്ചന്തയിൽ.
ഇനിയും പോകാത്ത  വിരുന്നുകാരാ...
ചത്തുപോയ പാമ്പുകളെ
തൂക്കിയിട്ട പന്തലുകളിൽ
കീരികൾ തവളകളെ മിന്നുകെട്ടുന്ന നേരം
ആസൂത്രിതമായ
ഒരു കൊലപാതകത്തിന്
സാക്ഷ്യപ്പെട്ട് സഹായിയാവുക.

വഴികൾ അവസാനിക്കുന്ന
കൊക്കകളുടെയോരത്ത്
ഭൂപടങ്ങൾ വിൽക്കുന്നയൊരുവനാണ്
എന്റെയീ കാമുകൻ.
ഉടലിൽ തളച്ചിട്ട
നിന്റെ പാമ്പിനെ
അരയാലുകളിൽ
കെട്ടിയിട്ട്
ഞങ്ങളുടെ വിവാഹത്തിന്
കാർമ്മികനാവുക.

എന്റെ വരൻ,
കിളിയാണെന്നറിയാത്ത
ഒരുമീനാണ്.
അവനെ ഞാൻ കടലുകളിൽ
മുക്കിക്കൊല്ലുന്ന രാത്രിയാണിന്ന്.
ഇണചേരുമ്പോൾ
ഞങ്ങളുടെ ഗ്രാമത്തിന്
പച്ചമരത്തൊലികളുരിയുന്ന
മണമാണ്.
കാറ്റുകളെ വിശ്വസിക്കരുത്.
അവർ പാമ്പുകളുടെ ചാരന്മാരാണ്.
ഞങ്ങളുടെ മുറിയുടെ
ശ്വാസവും ശബ്ദവും
വെളുത്തുള്ളികളുടെവേലി കടക്കാതെ തടയണം.

പുലർച്ചെയെന്റെ പിങ്ക്റോസയുടെ
വേരുകളുടെ അറ്റത്ത്
നീയൊരു കുഴിയെടുക്കുക.
ഭൂപടങ്ങൾ വരയ്ക്കാൻ
സമർത്ഥനായ
എന്റെ പ്രിയപ്പെട്ടവനെ
ഉമ്മകളുടെ അടയാളങ്ങളോടൊപ്പം
അടക്കം ചെയ്യുക.
പിന്നെ ഉപചാരംചൊല്ലി നമുക്ക് പിരിയാം.

അടുത്ത സായന്തനത്തിൽ
ഒന്നുകിൽ നീയവനെ
പിങ്ക് ചുണ്ടുകളുടെ ചിത്രം വിൽക്കുന്നയൊരു
ചിത്രകാരനായി
ചന്തയിൽ കാണുക.
അല്ലെങ്കിൽ ഞാനൊരു
പനിനീർപ്പൂവിനെ പ്രസവിക്കട്ടെ !

രണ്ടെലികൾ

രണ്ടെലികൾ
ഒന്ന് വെളുപ്പും കറുപ്പും
മറ്റേത് കറുപ്പും വെളുപ്പും

അവർ
പൂച്ചകളുടെ ഒരു ഗുസ്തിമത്സരം
കാണുന്നു.
നാലുവെണ്ണക്കട്ടികൾ
വച്ചൊരു പന്തയംവയ്ക്കുന്നു.
നീലക്കണ്ണുള്ള പൂച്ചയുടെപക്ഷം
ഒന്നാമൻ
നീണ്ടവാലുള്ള പൂച്ചയോടൊപ്പം
രണ്ടാമൻ.

രണ്ടുപേരും
അവരവരുടെ
പൂച്ചകൾക്കായി വാദിക്കുന്നു.
ഉപജാപകർ ഏറ്റുപിടിക്കുന്നു.
വാദം മൂക്കുമ്പോൾ
മത്സരം എലികൾ തമ്മിലാവുന്നു.
പൂച്ചകൾ കാഴ്ചക്കാരാവുന്നു,
കയ്യടിക്കുന്നു,
ഒരേ പായ്ക്കറ്റിലെ
പോപ്കോൺ കഴിക്കുന്നു.

യജമാനൻ എത്തുമ്പോൾ
പൂച്ചകൾ അപ്രത്യക്ഷരാവുന്നു.
ഗോദയ്ക്കുചുറ്റും
അയാൾ
കെണിക്കമ്പി ചുറ്റുന്നു.
ഇപ്പോൾ എലികൾ മാത്രം

കാഴ്ചക്കാർ
ഉറങ്ങികഴിഞ്ഞു
പന്തയപ്പൂച്ചകൾ
വേദിവിട്ടുകഴിഞ്ഞു
ഒരേ എലിപ്പെട്ടിക്കുള്ളിൽ
കിടന്നുകൊണ്ട്
രണ്ടെലികൾ
ഇപ്പോഴും
ഗുസ്തിയിലാണ്

നിനക്കറിയുമോ?

എന്നെ അറിയുമെന്നുപറയുമ്പോൾ
നീ എന്തൊരു നുണയനാണ്..

എന്റെ വീടിനുള്ളിൽ ഒരു വലിയ കാടുള്ളതും
വേനലിൽ പച്ചമരങ്ങൾ വിയർത്തുതീപിടിക്കുമ്പോൾ
മുടിവിരിച്ചിട്ടും കണ്ണുപിഴിഞ്ഞിട്ടും
ഞാനതണയ്ക്കാറുള്ളതും
ഇന്നുവരെ നീയറിഞ്ഞിട്ടുണ്ടോ..

എന്റെ മുയൽക്കുഞ്ഞുങ്ങളുടെ
പതുപതുത്ത വെള്ളക്കുപ്പായങ്ങൾ
മഞ്ഞിൽവാറ്റിയ അപ്പൂപ്പൻതാടികളാൽ
ഞാൻതന്നെ തുന്നിയതാണെന്നും
ഉടുപ്പിനടിയിൽ അവ പാമ്പുകളെ
തിന്നുചീർത്ത തവളകളാണെന്നും നിനക്കറിയുമോ...

നീലമരപ്പശകൊണ്ടുഞാൻ പാവകളെയുണ്ടാക്കാറുണ്ടെന്നും
ചെമ്മരിയാടിന്റെ കൊമ്പുകളിൽ ചേർത്തുകെട്ടിയ
അയകളിലിട്ടവയുണക്കാറുണ്ടെന്നും
നിലാവുള്ള രാത്രികളിൽ
അവയ്ക്കു ജീവൻ വയ്ക്കാറുണ്ടെന്നും
എന്റെ മുലകുടിക്കാറുണ്ടെന്നും
ഇവിടത്തെ കാറ്റുകൾക്കുപോലും അറിയാം..

എന്റെ മുടന്തനായ പൂച്ചക്കുട്ടിക്കു പാടാനറിയുമെന്നും
കുഴിയാനകൾ ചിത്രംവരയ്ക്കുമെന്നും
മഞ്ഞവരയുള്ള കറുത്തമീനുകൾ  ജലനൃത്തം ചെയ്യുമെന്നും
തുമ്പികൾ എന്റെ മേൽക്കൂരകൾക്കായി
വെള്ളമേഘങ്ങൾ
ചുമന്നുകൊണ്ടുവരാറുണ്ടെന്നതും
പരസ്യമായ രഹസ്യമാണ്..

എന്റെ മുന്തിരിവീഞ്ഞുകളുടെ
വയലറ്റുനിറവും
മഴമാത്രംനുകരുന്ന ചിത്രശലഭങ്ങളും
പാലുചുരത്തുന്ന പൂക്കളും
തേൻകുടിക്കുന്ന കടുവക്കുഞ്ഞും..
ഹാ..അവയ്‌ക്കൊന്നും നിന്റെ പേരുപോലും അറിയില്ല !

നിനക്കറിയുമോ..
പാമ്പുകളിലേക്ക് പരകായപ്രവേശംനടത്തുന്ന
മാലാഖമാരുണ്ടെനിക്ക്...
ചെകുത്താന്റെ കറുത്തശിശുവിന്
മാൻപേടയേക്കാൾ മൃദുലതയാണ്..
ആഭിചാരവും അഭിനയവിദ്യയും എനിക്കു മനഃപാഠമാണ്.
നിന്റെ നാടകങ്ങൾ എത്ര വിരസമാണെന്നു നിനക്കറിയുകയില്ലല്ലോ..

എന്റെ കണ്ണുകൾക്ക് ഇരുട്ടിലും കാണാമെന്നതും
നിന്റെ നായ്ക്കുട്ടിയുടെ വാലിൽ എന്റെ ചാരച്ചെള്ളുകളുള്ളതും
നീയെങ്ങനെ അറിയാനാണ്..
എന്റെ രക്തവും മാംസവും നിന്നെ പ്രണയിക്കുന്നുവെന്നും
എന്റെയാത്മാവ് നിന്നോട് ചേർന്നുനിൽക്കുന്നുവെന്നും
നിന്റെ തോന്നൽ മാത്രമാണ്...

മഴപെയ്യുന്നതും മഞ്ഞുണ്ടാവുന്നതും
ആകാശനീലിമയും കടൽത്തിരകളും
നിനക്കറിയാവുന്ന വിദ്യകളാവാം...
എങ്കിലെനിക്കു പനിയ്ക്കുന്നതും വിറയ്ക്കുന്നതും
എന്റെ കരച്ചിലും കവിതയും
പ്രണയവും മരണവും
എന്റെ മാത്രം രഹസ്യങ്ങളാണ്..

എന്നെ അറിയുമെന്നു പറയുമ്പോൾ നീയെന്തൊരു നുണയനാണ്..

മട്ടത്രികോണം

ആനിടീച്ചറിന്റെ 
മെക്കാനിക്സ് പീരിയഡിൽ
എൻജിനുകളെപ്പറ്റിയാണ് 
നമ്മൾ പഠിച്ചത്.
അവസാനത്തെ  
ക്ലാസ്സുംകഴിയുമ്പോൾ
ആകാശത്തൂന്ന് 
തൂക്കിയിട്ടിരിക്കുന്ന
കയറുഗോവണിയുടെ
താഴത്തെ പടിയിലാണ്
നീ നിൽക്കുന്നത്.
കയറിത്തുടങ്ങുമ്പോൾ
ഗോവണി മേലോട്ട് 
വലിക്കപ്പെടും.
പച്ചസിഗ്നൽലൈറ്റ് തെളിയും. 
പേരറിയാത്തമൃഗം ഓരിയിടും.
നീയൊരു തീവണ്ടിയിലാണ്.
ലംബമായ തീവണ്ടിയുടെ
മുകളറ്റത്താണ്
നിന്റെ റിസെർവ്ഡ് സീറ്റ്.
ആരാണ് നിന്റെ ആകാശം
തിരിച്ചുവച്ചത്.
തീവണ്ടിഎൻജിന്റെ 
പ്രവർത്തനതത്വം എന്താണ്..
നിനക്കതൊന്നും മനസ്സിലാകില്ല.

നീയിപ്പോൾ കണക്കുപുസ്തകത്തിലെ
മട്ടത്രികോണത്തിലാണ്.
തീവണ്ടി മുകളിലെത്തുമ്പോൾ
മാത്രമാണ്
നിനക്കത് ബോധ്യപ്പെടുക.
പൈഥഗോറസ് സിദ്ധാന്തം 
അപ്പോഴേക്കും 
നീ മറന്നിരിക്കും.
നടന്നുവന്ന പാദദൂരം..
വലിഞ്ഞുകയറിയ ലംബദൂരം..
ഗുണനപ്പട്ടികയുടെ 
പടിക്കൽവന്നു കിതച്ചുനില്ക്കും.
വർഗ്ഗവും വർഗ്ഗമൂലവും 
അപ്രസക്തമാവും.

നീളത്തിൽ ഒരു മുളവടി
കരുതേണ്ടതാണ്.
കർണമാക്കാൻ,
ചാരിവച്ച് 
മണ്ണിലിറങ്ങാൻ...
സമവാക്യങ്ങൾ 
കുഴിച്ചിട്ടിടത്തു 
മുളവിത്തു പാകുക.
മണ്ണിലി(ലു)റങ്ങേണ്ട സ്ഥലം 
അടയാളപ്പെടുത്തുക.
എൻജിനുകൾക്കും
ഊന്നുവടികൾക്കും 
ഒരേതത്വമാണ്..

ഗിറ്റാർ 🎼🎼🎼

വെട്ടംവിഴുങ്ങി
വയർചീർത്തിരിക്കുന്ന
രണ്ടുമരങ്ങൾ
ചേർത്തുകെട്ടിയയകളിൽ
ഉടുപ്പുകൾ ഉണക്കാനിട്ട്
നമ്മളുറങ്ങുന്നു.
ഉണങ്ങുന്തോറും നനയുകയും
നനയുന്തോറും ഉണങ്ങുകയുംചെയ്യുന്ന
നൂലിൽ ഇരുട്ടുകൊണ്ടാണ്
നമ്മുടെ പേര് പ്രിന്റ്ചെയ്തിരിക്കുന്നത്.
ഉടുപ്പുകളുടെ ഓർമകളിൽ
നമ്മളുടെ പേരുകൾ
മാഞ്ഞുപോകുന്ന
ദിവസമാണ്
അയകൾ പൊട്ടുന്നതെന്ന്
നമുക്കറിയാം.
പൊട്ടിപ്പോയ ഗിറ്റാറിന്റെ
വള്ളികളിൽ
ഒരുപാട്ടുടുപ്പ്
മണ്ണ്തിന്നുന്നത്
നമ്മൾ സ്വപ്നംകാണുകയാണ്..
അതേരാത്രി,
വെട്ടംതിന്നുന്ന മരങ്ങൾ
ഗിത്താറിനെ പ്രസവിക്കുന്ന
അതേനേരം
ഉണങ്ങിയ നമ്മുടെയുടുപ്പുകൾ
ഒളിച്ചോടുന്നു!
അയകളുടെ ഇരുട്ടിൽ
ഓർമ്മകൾ തൂങ്ങിക്കിടക്കുമ്പോൾ
നഗ്നരായി നമ്മളൊരു
നനഞ്ഞപാട്ടുകേൾക്കുന്നു.