Monday 9 January 2017

പ്രേമം

നീലമീൻമുട്ടകൾ
ആകാശങ്ങളിൽ
വിതയ്ക്കാനയയ്ക്കപ്പെടുന്ന
ആദ്യത്തെ പെണ്ണാണ് ഞാൻ.
കടലിന്റെയും
രാത്രിയുടെയും
വിളഞ്ഞമുന്തിരികളുടെയും
നിറമുള്ളവൾ.

നീ ചക്രവാളങ്ങളിലെ
കടത്തുകാരൻ.
നിനക്ക് പകലിന്റെയും
തീയുടെയും
കൊഴിഞ്ഞയിലകളുടെയും
നിറം.

കാറ്റിൽ നീയൊരു പമ്പരം
കറക്കുമ്പോൾ
മഴവില്ലിലൂടെ
നമ്മുടെ തോണി
മുന്നോട്ടുനീങ്ങുന്നു.
നീ മേഘങ്ങളുടെ
വെളുത്തകുഞ്ഞിനെപ്പോലെ..
എനിക്ക് മകനെപ്പോലെ.

വെയിലു തിളയ്ക്കുമ്പോൾ
നാം നഗ്നരാവുന്നു.
കാറ്റിൽ പമ്പരം വെളുക്കുന്നു.
തോലിലെ മഞ്ഞയുരുകുമ്പോൾ
തിളങ്ങുന്ന നിന്റെ നീല..
നീ കൃഷ്ണനാവുന്നു.

തോണിക്കുള്ളിലൊരു
പെൺചിലന്തി
വലനെയ്യുന്നു.
അവൾ അവനെ
സ്നേഹിക്കുകയും
അവനുവേണ്ടി
വിശക്കുകയുംചെയ്യുന്നു.

നീ കണ്ണുകളിലെ
കറുത്ത മീൻമുട്ടകൾ
എന്റെ നാഭിയിലേക്കെറിയുന്നു.
എന്റെ പൊക്കിൾച്ചുഴിയിൽ
കടലൂറിനിറയുന്നു.
നീല മഞ്ഞ മീൻകുഞ്ഞുങ്ങൾ..

ഹാ..പ്രേമം
ആകാശംപോലെയും
കടലുപോലെയും..

എന്റെ കടലുതൊട്ട്
കാൽ നനഞ്ഞുതുടങ്ങുമ്പോൾ
ആൺചിലന്തി ആഞ്ഞൂതി
വല പൊട്ടിക്കുന്നു.
അവൻ തോണിയിറങ്ങുന്നു,
ഭാഗ്യവാൻ.
അവൾ വിശന്നും
നനഞ്ഞും ...

കാറ്റുവരുമ്പോൾ
എനിക്ക് വീണ്ടും വിശക്കുന്നു.
എന്റെ പൂച്ചക്കണ്ണുകൾ
നിന്റെ മഞ്ഞിച്ച മീൻകാലുകളിലേക്കു
നീളുമ്പോൾ
നീ തോണി മറിക്കുന്നു.

പ്രേമം വിശപ്പുപോലെയും
നനഞ്ഞ തോണിപോലെയും..

ദൈവമേ
എന്റെ കടലുകൾ
എന്നിലേക്കൊതുങ്ങുന്നില്ലല്ലോ...

No comments:

Post a Comment