Friday 1 June 2018

ഞാൻ കരയുമ്പോൾ
എന്റെ ബെഡിലിരുന്ന്
ഒരു പ്രേതം പെടുക്കുന്നു.
പച്ച നിറത്തിൽ..
എനിക്കെഴുന്നേറ്റ് പോണംന്നുണ്ട്
ഒന്ന് കുളിക്കണം ന്നുണ്ട്
പെടുക്കുന്ന പ്രേതത്തിന് പോലും
ഞാനെഴുന്നേറ്റ് പോണംന്നുണ്ട്
ഞാൻ വീണ്ടും വീണ്ടും കരയുന്നു
പ്രേതം വീണ്ടും വീണ്ടും പെടുക്കുന്നു
എനിക്ക് പറങ്ക്യണ്ടി ചുട്ടതുതിന്നണം..
വള്ളിച്ചാട്ടം ചാടണം..
പാടണം..
എനിക്കീ പച്ചമൂത്രത്തീന്നു പോണം
എന്റെ വീട് ബെഡിന് പുറത്താണ്..
എന്റെ കണ്ണും മൂക്കും
പ്രേമവും
എന്റെ കടലും
ബെഡിന് പുറത്താണ്.
ഇവിടെക്കിടന്നുകിടന്ന്
ഞാനൊരു നാരങ്ങയായി
എന്റെ ഹൃദയം ഒരു പച്ചത്തവളയായി പുറപ്പെട്ടുപോയി
എന്റെ പ്രേതമേ..
..
പെടുത്ത്പെടുത്ത്അതിന്റെയൂപ്പാട് വന്നു
അതിനു കരച്ചിലും വന്നു
ഞങ്ങളിപ്പോ വെറും കടലാണ്
പച്ചക്കടൽ

Monday 14 May 2018

എനിക്കെന്റെ ബൂബി
എങ്ങിനെ കളഞ്ഞുപോയി
എന്നിനിക്കാണുമ്പോൾ
നീ ചോദിക്കുമായിരിക്കാം.

എന്റെ ബൂബിയിൽ
ഒരു കിളിയിടിച്ചു.

നിന്റെ ക്യാരറ്റിൽ കിളിയിടിച്ച
അതേ നേരത്ത്.
അതെ,
അതേ കിളിയിടിച്ചു.

നിന്നെക്കാൾ പലതും
പണ്ടേ എനിക്കറിയാവുന്നതുകൊണ്ട്
നിന്റെ ക്യാരറ്റെവിടെ
എന്ന് ഞാൻ ചോദിക്കില്ല.

കിളിയിടിച്ച
ചിതർച്ച
ഭൂമിയെ പരത്തി ഒരു പ്ലേറ്റാക്കി

അത് കൊണ്ട് നിന്നെ എവിടിരുന്നും
എനിക്ക് കാണാം

എന്നെ നിനക്കും കാണാമല്ലോ
അല്ലേ

Friday 23 February 2018

സ്റ്റേക്കോപ്പ

ഒന്നാമത്തെ നിലയിലുള്ള
എന്റെ പൂച്ചെടിയിൽ
അഞ്ചാമത്തെ  വെള്ളറോസാ വിരിഞ്ഞപ്പോഴാണ്  ഫ്ലാറ്റിന് ഒൻപതാമത്തെ നിലയുണ്ടായത്.

ഒന്ന് മുതൽ ഒൻപത് വരെ എന്നത്
എന്റെ അഞ്ചു വെള്ളറോസകളാണ്.
ഓരോ നിലയും എന്റെ ഒന്നൊന്നര വെള്ളറോസയാണ്..

ഗോവണിയുടെ ഓരോ പടിയിലും
ഓരോ ഇതളിട്ടെണ്ണുന്നത്
വലിയ മെനക്കേടാണ്..
അതിനാൽ
ഓരോ നിലയിൽ നിന്നും
നമ്മുടെ കുഞ്ഞുങ്ങളെയോ
അവരുടെ പാവകളെയോ
താഴേയ്ക്കിടുന്നുണ്ട് ഞാൻ.
ഒന്നൊന്നര ഇതളുകളായി
വെള്ളറോസാ  കൊഴിയുന്നുമുണ്ട്..
വെള്ളറോസാ ഇതൊക്കെ ശരിയായി എണ്ണുന്നുണ്ട്..
എന്നാൽ വെള്ളറോസാ
ഹൃദയമിടിപ്പ് എണ്ണുന്നില്ല..

അസ്സൽ ഒരു സ്‌റ്റെതെസ്കോപ്
എന്താണില്ലാത്തത്?
നിന്റെ ദേഹം
ഒരു സിലിണ്ട്‌റിക്കൽ സ്‌റ്റെതെസ്കോപാണ്..
നിന്റെ ക്ലോക്കിൻമണ്ട ചെരിച്ചുതുറന്ന് ,
അതിലേക്ക്
ജീവനുള്ള പൂവൻകോഴികളെ ഇടുന്നുണ്ട് ഞാൻ.
അവറ്റയുടെ ഹൃദയമിടിപ്പ് എണ്ണണം..

നിന്നെ ഞാൻ സ്‌റ്റെതെസ്കോപ് എന്ന് തികച്ചു വിളിക്കില്ല..
നീ ഹൃദയമിടിപ്പ് ശരിക്കെണ്ണാൻ പോകുന്നില്ല, എന്നെനിക്കറിയാവുന്നകൊണ്ടാണത്..
ഞാൻ നിന്നെ സ്റ്റേക്കോപ്പ എന്ന് വിളിക്കും..
'ഓ സ്റ്റേ മൈ കോപ്പ ..'  എന്നൊരുപാട്ട്
ചെവിയിൽ തിരുകി
നീ ഓടിപ്പോകില്ല എന്നുഞാനുറപ്പിച്ചുവയ്ക്കും

പൂവൻ കോഴികൾക്കുപകരം,
ഞാൻ താഴേക്കിട്ട നമ്മുടെ കുഞ്ഞുങ്ങളെ,
അവരുടെ പാവകളെ
കോപ്പയിലേക്കിടുകയാണ് നീ.

നീ ഹൃദയമിടിപ്പ് ശരിക്കെണ്ണാൻ പോകുന്നില്ല,
എനിക്കറിയാം.

നിന്റെ കാണാതായ അഞ്ചു സ്‌റ്റെതെസ്കോപ്പുകൾ,
നിന്റെ കാണാതായ അഞ്ചു വെള്ളക്കോട്ടുകൾ,
അഞ്ചു വെള്ളറോസകളായി
ഒൻപതിനെ അഞ്ച് എന്നെണ്ണുന്നു.

സ്റ്റേക്കോപ്പ സ്റ്റേ മൈ കോപ്പ
എന്ന പാട്ട്
കഴുത്തുമുറുക്കിയെന്റെ ചെവികളിലേക്ക് കയറിപ്പോവുന്നു.
സ്റ്റേക്കോപ്പ എന്റെ കഴുത്തുതൊട്ട് മിടിപ്പെണ്ണുന്നു.
സ്റ്റേക്കോപ്പ നീയൊന്നും ശരിക്കെണ്ണാൻ പോകുന്നില്ല
Dec 31, 2017


എന്റെ കാമുകിക്ക് വാലുണ്ടായിരുന്നു
എന്നത് സത്യമാണ്.
ഞാനവളുടെ മുടിപിന്നൂരുമ്പോഴും
ബ്രാഹൂക്കഴിക്കുമ്പോഴും
അവളതു വിദഗ്‌ധമായുപയോഗിക്കയും ചെയ്യും.

എന്റെ കാമുകിക്ക്
വളരെ നീണ്ടവാലുണ്ടായിരുന്നു
എന്നത് സത്യം തന്നെയാണ്.
അവൾ ചിരിക്കുമ്പോഴും കരയുമ്പോഴും
അതിന്റെ ചുരുളഴിയുകയും
നിവരുകയും ചെയ്യും.
മിക്ക വൈകുന്നേരങ്ങളിലും
ഞങ്ങൾ ആദവും ഹവ്വയുമാകുന്നതും
മറ്റൊന്നുംകൊണ്ടല്ല.
അവളുടെ വാൽ  യുഗാന്തരരതിപരിണാമപരീക്ഷണങ്ങളിലേക്കുള്ള
ഞങ്ങളുടെ പാസ്സ്പോർടായിരുന്നു.
അവളുടെ പെണ്ണുടുപ്പുകൾക്ക് അതിനെയൊളിപ്പിക്കാൻ വളരെ പണിപ്പെടേണ്ടിവന്നിട്ടുണ്ട്.

അവളുടെ വാൽ അതിന്റെ വളർച്ചാനിരക്കിൽ
അഭൂതപൂർവമായ പുരോഗതി കാണിക്കുകയും
അവൾക്കതിനെ ചുരുട്ടിവയ്ക്കാനൊരിടം
ഭൂമിയില്ലാതിരിക്കുകയുമായപിന്നെയാണ്
ഞങ്ങളുടെ ഏദൻതോട്ടത്തിൽ
കാലാവസ്ഥ മോശമാകുന്നത്.
അവളെനിക്ക് തൊട്ടതിനും പിടിച്ചതിനും
ബ്രേക്കപ്പ്ഭീഷണികൾ തരാൻ തുടങ്ങിയത്.

അതിനുമേറേ ശേഷമാണ് പള്ള പൊതിയെ ഈച്ചകളുമായി
അവളെ ഞാൻ മരക്കൊമ്പിൽ കണ്ടെത്തുന്നത്.
എന്റെ പെൺകുട്ടി ഒരു വലിയ പെൺപല്ലിയാണെന്ന്
അപ്പോഴേക്കും തെളിയിച്ചിരുന്നു.
മുറിവിൽ നിന്ന് ഒരു ചെറു വാൽകഷ്ണം
മുളച്ചുവരുന്നുണ്ടായിരുന്നു.

ഈച്ചയാട്ടാൻ ഒരു വാൽപോലുമില്ലാത്ത
പെൺജീവികളെ പ്രേമിക്കുന്നവരേ
നിങ്ങളോളം നിസ്സഹായരായി മറ്റാരാണുള്ളത്.



Jan 2018

വിരുന്ന്

വീട്ടിലെ തൂണുകൾക്ക് കാലുകളുണ്ടെന്നും
രാത്രിയിലവ നടക്കാറുണ്ടെന്നും
ഞാൻ കണ്ടെത്തിയിരുന്നു.
അവയ്ക്ക്
ആ രഹസ്യം കൈമാറാതിരിക്കാൻതക്ക
അരസികനും
വിശ്വസിക്കാൻ കൊള്ളാത്തവനുമാണ് ഞാനെന്ന്
അവ കരുതുന്നത്
എനിക്ക് വലിയ മനപ്രയാസം ഉണ്ടാക്കി.

അതുകൊണ്ട് ഞാനിന്നലെ
എന്റെ മുഴുവൻ കൂട്ടുകാരെയും
വീട്ടിലേക്ക് വിരുന്നുവിളിച്ചു സൽക്കരിച്ചു..
തൂണിനടുത്തേയ്ക്കൊറ്റയ്ക്കൊറ്റയ്ക്ക് വിളിച്ച്
അവരുടെ രഹസ്യങ്ങൾ
ഞാനിപ്പോഴും രഹസ്യങ്ങളായിത്തന്നെ സൂക്ഷിക്കുന്നതായോർമ്മിപ്പിച്ചു.
ഇടയ്ക്കിടയ്ക്ക് തൂണിനെനോക്കി
അതിതൊക്കെ കേൾക്കുണ്ടെന്നുറപ്പാക്കി.
തൂണിന്റെ കാതുകൾ ഏതുഭാഗത്താണെന്ന്
എനിയ്ക്കു കൃത്യമായറിയാം.
പാർട്ടിക്കിടയിൽ പല പ്രാവശ്യം ഞാൻ
കവിത ചൊല്ലുകയും
നൃത്തം ചെയ്യുകയും ചെയ്തു
അല്പം മദ്യപിച്ച് മൗത്ഓർഗനും വായിച്ചു.
ഇടയ്ക്കിടയ്ക്ക് തൂണിനെനോക്കി
അതിതൊക്കെ കാണുന്നുണ്ടെന്നുമുറപ്പാക്കി.
തൂണിന്റെ കണ്ണുകൾ ഏതുഭാഗത്താണെന്നും
എനിയ്ക്കു കൃത്യമായറിയാമല്ലോ

ഇന്നു ഞാനുറക്കമുണർന്നപ്പോൾ
വീട് കമിഴ്ന്നു കിടക്കുകയാണ്
അതിന്റെ നാലുതൂണുകളും
നാട് വിട്ടുപോയിരിക്കുന്നു.

Feb 2018
ഞങ്ങളുടെ ഭവനത്തിന്റെ ഭാഗ്യചിഹ്നമേ
കോഴികളായിരുന്നു

ഞങ്ങളുടെ ഇപ്പോഴത്തെ കൂവൽക്കാരൻകോഴി
പുലർച്ചെ ഉറക്കമുണർന്ന്
അഞ്ചുസെന്റിലെ മുഴുവൻ
പുഴുക്കളെയും
കൊത്തിത്തിന്നാനെടുക്കുന്ന
സമയം രണ്ടര മണിക്കൂറാണ്
പള്ളനിറഞ്ഞാൽ മാത്രമേ
അതു തൊള്ളതുറക്കൂ..
ആയതിനാൽ
നിങ്ങളുടെ പുലർച്ചയെക്കാൾ
രണ്ടരമണിക്കൂർ പിന്നോട്ടാണ്
ഞങ്ങളുടെ പുലർച്ച

ഞങ്ങളുടെ ഇപ്പോഴത്തെ കാവൽക്കാരൻകോഴി,
(ഇതിനുമുൻപത്തെ കൂവൽക്കാരൻകോഴി)
എല്ലാ ഗേറ്റും എല്ലാ ജനലും എല്ലാ അടപ്പുകളും
അടച്ചുവെന്നുറുപ്പാക്കി
രണ്ടാമതും ഉറപ്പാക്കി
മൂന്നാമതും ഉറപ്പാക്കി
കള്ളനെ വിരട്ടാനിരിക്കാനായെടുക്കുന്ന
സമയം രണ്ടരമണിക്കൂറാണ്
ആയതിനാൽ
ഞങ്ങളുടെ രാത്രിയും
രണ്ടരമണിക്കൂർ
പിന്നിലാണ്

ഞങ്ങളുടെ ഇപ്പോഴത്തെ കറവക്കാരൻകോഴി,
   (ഇതിനുമുൻപത്തെ കാവൽക്കാരൻകോഴി)
      (ഇതിനുമുൻപത്തെ കൂവൽക്കാരൻകോഴി)
ഞങ്ങളുടെ ഇപ്പോഴത്തെ പാചകക്കാരൻകോഴി,
   (ഇതിനുമുൻപത്തെ കറവക്കാരൻകോഴി)
     (ഇതിനുമുൻപത്തെ കാവൽക്കാരൻകോഴി)
        (ഇതിനുമുൻപത്തെ കൂവൽക്കാരൻകോഴി)
ഞങ്ങളുടെ ഇപ്പോഴത്തെ തോട്ടക്കാരൻകോഴി,
   (ഇതിനുമുൻപത്തെ പാചകക്കാരൻകോഴി)
     (ഇതിനുമുൻപത്തെ കാവൽക്കാരൻകോഴി)
        (ഇതിനുമുൻപത്തെ കൂവൽക്കാരൻകോഴി)
എന്നിങ്ങനെപലർ പുലർച്ച മുതൽ രാത്രി വരെ
ഞങ്ങളുടെ സമയത്തെ
രണ്ടരമണിക്കൂർ
പിന്നെയും പിന്നെയും ....പിന്നെയും .....
പിന്നോട്ടാക്കുന്നു

ഞാനവനെ ഉപേക്ഷിക്കാൻ തീരുമാനിച്ച രാത്രിവരെ ഒരു കുഴപ്പവുമില്ലായിരുന്നു
അന്ന് പുലർച്ചയ്ക്കുമുൻപ്
എനിയ്ക്ക് കഠിനമായി വിശന്നു
എന്തുപറയാൻ ..
രണ്ടരമണിക്കൂർ
ഞാൻ മുറ്റത്തൂന്ന് സകലപുഴുക്കളെയും തിന്നു
പള്ളനിറഞ്ഞപ്പോൾ
എനിക്കവനെയോർത്തു കരച്ചിൽ വന്നു
രണ്ടരമണിക്കൂർ ഞാൻ നിർത്താതെ കരഞ്ഞു
രണ്ടരമണിക്കൂർ ഞാൻ പിന്നെയും തിന്നു
രണ്ടരമണിക്കൂർ ഞാൻ നിർത്താതെ കരഞ്ഞു

Feb 2018

നഗരത്തിലെ പ്രധാന പ്രതിമ
കരയുകയാണ്
'എന്റെ കാമുകിക്കേറെയിഷ്ടം
എന്റെ കണ്ണുകളും തുടകളുമായിരുന്നു.
അവളായിരുന്നു എന്റെ ശില്പിയെങ്കിൽ
തീർച്ചയായും എനിക്ക് കണ്ണുകളും തുടകളും മാത്രമേഉണ്ടായിരിക്കുമായിരുന്നുള്ളൂ.
എനിക്കെന്റെ കയ്യുകൾ നീട്ടിനീട്ടിക്കൊണ്ട് പ്രാവുകളെ തൊടാനും കാലിൽമേൽ കാൽകയറ്റിവയ്ക്കാനും
ചുമയ്ക്കാനുമെങ്കിലും കഴിഞ്ഞേനെ.

നിങ്ങളൊരൊറ്റക്കണ്ണൻ പ്രതിമയെങ്കിൽ
നിങ്ങളെയൊരു കാമുകൻ ഉണ്ടാക്കിയതാണ്

ഈ നഗരം പൂർണകായപ്രതിമകളെ
ക്കൊണ്ടു നിറയാൻ പോകുകയാണ്..

ഇവർ പ്രതിമകളെ അവിശ്വസിക്കുന്നില്ല
ഇവർ കാമുകന്മാരിലും വിശ്വസിക്കുന്നില്ല
ഇതുകൊണ്ടാണ് എനിക്കീ നഗരത്തിലിനി
പ്രതീക്ഷയില്ലാത്തത്'





Jan2018
നമ്മുടെ മേശ ,
അലമാര,
കുടുക്ക,
അടുക്കളയിൽ ഭരണികൾ,
എന്റെയും നിന്റെയും വാലറ്റുകൾ,
പല പെട്ടികൾ,
എന്നിവ ഒരേസമയം
നിറഞ്ഞുകവിഞ്ഞിരിക്കയാണ്.
റേഡിയോ ടി വി ഇവ നിർത്താതെ മിണ്ടുന്നുമുണ്ട്..
നീ ശ്രദ്ധിച്ചുവോ?
നമ്മളറിയാത്തയെന്തോ രഹസ്യമിവ ചുമക്കുന്നുണ്ടോ
എന്നുനീയിനിയും സംശയിക്കുന്നില്ലേ

എന്റെ ചെക്കാ അവർ മൗനത്തിലാണ്..
അവർ മാത്രമല്ല
നമ്മുടെ തൊഴുത്ത്
മുറിയിലെ തൊട്ടിൽ
ലൗബേർഡ്സിന്റെ കൂട്
മരങ്ങൾ
എന്നിവ ഒഴിഞ്ഞുകിടക്കുന്നതും അനങ്ങാതിരിക്കുന്നതും
നീ അറിഞ്ഞിട്ടില്ലേ
അവരും മൗനത്തിലാണ്..

നീ മൗനത്തെ ഭാരമെന്ന്
തെറ്റിദ്ധരിച്ചിരിക്കുകയാണ്
ഞാനാകട്ടെ ഭാരമില്ലായ്മയെന്നും
സത്യത്തിൽ നമ്മൾ നിഴലിനെ
ഇരുട്ടുകൊണ്ടും വെട്ടം കൊണ്ടും
മാറിമാറിയളക്കുകയാണ്

എന്റെ ചെക്കാ നോക്കൂ
നമ്മുടെ വീട് വരമ്പത്തിരിക്കയാണ്
നമ്മളിരുവരും മൗനത്തിലായിരിക്കേണ്ടത്
വളരെ അത്യാവശ്യമാണ്.




Jan2018

കട്ടിൽ


 കട്ടിലിനടിയിൽ ഇരിപ്പായിരുന്നു
 പ്രേതം..
 ‎കട്ടിലിനുമുകളിൽ ഞാനും..
 ‎കുറെനാളങ്ങിനെയായപ്പോൾ
 ‎ഒരു ചായ തരട്ടേയെന്ന് ഞാൻ ചോദിച്ചു.
 ‎അപ്പോഴേ ഇറങ്ങിവന്നു..
 ‎പാവം.
 ‎നീലക്കപ്പിൽ ചായ കൊടുത്തു..
 അതിന് ‎കൈ തൊടാനൊക്കുന്നില്ല
 ‎അതിന്റെ ചുണ്ടുമുട്ടുന്നുമില്ല..
 ‎പച്ചക്കപ്പിൽ ചായ കൊടുത്തു
 അതിന്റെ ‎കൈ തൊടുന്നില്ല
 ‎അതിന്റെ ചുണ്ടുമുട്ടുന്നില്ല..
 ‎മഞ്ഞക്കപ്പ്
 ‎കറുത്തകപ്പ്
 ‎ചുവപ്പ് കപ്പ്
 ‎ഒന്നിലും കൈതൊടുന്നില്ല
 ‎ചുണ്ടുമുട്ടുന്നില്ല
 ‎എന്റെ കയ്യിലിനി കപ്പില്ല ..
 ‎പ്രേതം എണീറ്റുപോയി
 ‎ഞാനും.
 ‎ഞാൻ കട്ടിലിനടിയിൽ ഇരിപ്പായി
 ‎പ്രേതം കട്ടിലിനുമുകളിലും..
 ‎കുറേനാളായപ്പോൾ
 ‎ഒരു ചായ തരട്ടേയെന്ന്
 ‎പ്രേതം..
 ‎പാവം.
 ‎ഞാൻ അപ്പോഴേ ഇറങ്ങിച്ചെന്നു..
 ‎
 ‎
 ‎
 ‎



Jan 2018
തുന്നൽ
-------------
"പുഴ കടൽ അരുവി ഇവ
ഒരറ്റംകെട്ടി
വിട്ടയച്ച നൂലുകളാണ്..
മല മരം മണ്ണ് എന്നിവ
രണ്ടറ്റോംകെട്ടി
ഇടയ്ക്കൊട്ടാറുള്ള
നൂലുകളാണ്.."

പുഴ കടൽ അരുവി ഇവയിലൊക്കെ
അലകളുണ്ടാവുതെങ്ങനെ,
മല മരം മണ്ണ്
ഇവയിലൊക്കെ കല്ലുകളും കായ്കളും ഉണ്ടാകുന്നതെങ്ങനെ,
എന്റെയീ രണ്ടു ചോദ്യങ്ങൾക്കുള്ള
ഉത്തരങ്ങളായി
അവൾ പറഞ്ഞതാണത്..
അവളപ്പോൾ എന്റെ നെഞ്ചിൽകിടന്ന്
എന്റെ ഷർട്ടിന്റെ ബട്ടൻസ് തുന്നുകയായിരുന്നു.

അന്നേരം
അവളുടെ മുലക്കണ്ണുകളുടെ
ഒട്ടിപ്പോയ
രണ്ടറ്റങ്ങളും
അവളുടെ മുടിയുടെയും രോമങ്ങളുടെയും
ഒട്ടിപ്പോകാത്തയറ്റങ്ങളും
അങ്ങനെയനവധിഅനവധിയായ
നൂലുകളും അവയുടെ കുഴപ്പംപിടിച്ച
അല-ഇലകളും
എന്നെയാ ബട്ടൺഹോളിലാക്കിവരിഞ്ഞുകളഞ്ഞു..
അവളിപ്പോൾ അവളെക്കൊണ്ടുതന്നെ എന്നെ തുന്നികൊണ്ടിരിക്കുകയാണ്..
....
പറഞ്ഞുവന്നത്,
ഇത്തരം ചോദ്യങ്ങൾ നിങ്ങളൊരിക്കലും
സൂചികൊണ്ടുള്ള കളിക്കിടയിൽ
ചോദിക്കരുത്

Jan26 2018

മേയൽ

പച്ചില പഴുത്തില
പൊന്നാടേ വഴിയേ വഴിയേ
എന്നവൻ മുന്നിൽ നടക്കുന്നു..
പച്ച മഞ്ഞ എന്നുകേട്ടവൾ
പിന്നാലെ..

കുന്നിൽച്ചെന്നവളൊര-
മ്പിളി വരയ്ക്കുന്നു..
പാലേ.. പഴുത്തിലേ...
ന്നവനൊഴുകിമേയ്ക്കുന്നു.

വാവേ കടലേന്നവൾ
പച്ചവരയ്ക്കുന്നു...
പാലില പഴുത്തില
കടൽത്തറയിൽ മുളയ്‌ക്കുന്നു..

മേയൽ
പച്ചമണ്ണിലും
മാനത്തും

മേയൽ
മഞ്ഞമെയ്യിന്റെ
മേട്ടിലും



27oct2017

ഒട്ടൽ


ഒഴിഞ്ഞ
ഗ്ലാസ്സുകളിലേക്കൊക്കെയൂറ്റി
നിറയ്ക്കുന്നതെന്തെന്തിനാണ് ?

നനഞ്ഞകുഴൽ
നനഞ്ഞതറ
ഭാരം..ഭാരം..
എന്നുപുലമ്പിയൊരാളൊ- ഴിഞ്ഞൊഴിഞ്ഞുപോകുന്നു

21oct 2017

പായ

അടങ്ങിക്കിടക്കുന്നൂ നില-
ത്തുറങ്ങാൻ, നൂറുകാലൊള്ള
ജീവികൾ-ക്കൊരു
പായ..

കണ്ണടച്ചുകിടക്കുന്നൂ..
മേലാകെ
കാൽപ്പാടുകൾ,
കിരുകിരുന്നെഴുന്നേൽക്കുന്ന
ജീവികൾ-
ക്കൊരു പായ..

മടങ്ങിക്കിടക്കുന്നൂ
മയങ്ങാതകം..
മണമിറങ്ങാച്ചുരുൾപ്പായ

15oct 2017

ഏമ്പക്കം

കുലുക്കമുണ്ടാക്കാനൊരാനയെ
കൊണ്ടുവരുന്നു..
ആനയെ വഴി വിഴുങ്ങുന്നു
ആനയെ പുഴ വിഴുങ്ങുന്നു
ആനയെ മല,മരങ്ങൾ
ഒക്കെയും വിഴുങ്ങുന്നു
ഒരുകുലുക്കോമില്ല
ഒരുകിലുക്കോമില്ല

കിലുക്കമുണ്ടാക്കാനൊരാടിനെ കൊണ്ടുവരുന്നു..
ആട് വഴിയെ വിഴുങ്ങുന്നു
ആട് പുഴയെ വിഴുങ്ങുന്നു,
ആട് മല, മരങ്ങളെ ഒക്കെയും വിഴുങ്ങുന്നു..
ഒരുകിലുക്കോമില്ല
ഒരുകുലുക്കോമില്ല

ഒരു വലിപ്പവും
എങ്ങും എവിടെയും ഒക്കുന്നില്ല..
ഒരു ചെറുപ്പവും
എങ്ങും എവിടെയും ഒക്കുന്നില്ല..

ഉത്സവത്തിൽ പലർ പത്തുപേർ
പ്രസവിക്കുന്നു
കിണറ്റിൽ ചില
വീടുകൾവീണുപോകുന്നു
എങ്ങും എവിടെയും ഒത്തുപോകാതെയുമില്ല

എങ്കിലും,
ഒരുകുലുക്കവുമില്ല
ഒരുകിലുക്കവുമില്ല
ഒറ്റക്കുടംപോലും തുളുമ്പുന്നില്ല
ഏമ്പക്കം പോലുമില്ല
Oct12 2017






ഒരുപാടൊരുപാട് വണ്ടികൾ;
അവയുടെ വീലുകൾ
മാത്രം കാണാനൊക്കുന്നു..

ഒരുപാടൊരുപാട് ജീവികൾ;
അവരുടെ കാലുകൾ
മാത്രം കാണാനൊക്കുന്നു..

വീലുകൾ വീലുകൾ....
കാലുകൾ കാലുകൾ......

ഒരുപാടൊരുപാടെന്തൊക്കെയോ
അവിടെത്തന്നെ നില്ക്കുന്നു
ഒത്തിരിരോമമുള്ളൊരുവീലിൽ
വേരുകിളിർത്തുവരുന്നു

ഒരുമരം നടന്നുപോകുന്നുണ്ടോ..?

Oct17