Monday 11 January 2021

ആർക്കിമിഡീസിന്

ആർക്കിമിഡീസിന് ഭൂമിയെ പൊക്കാൻ 

ഉത്തോലകം കിട്ടിയില്ലല്ലോ 

എന്നതാണെന്റെ വേദന

.....

ഉത്തോലകങ്ങളെക്കുറിച്ചുള്ള

ക്ലാസ്സിനിടയിലാണ്

എന്റെ മുലക്കണ്ണുകൾ 

ഭൂഗുരുത്വം മറന്നുയർന്നുപോയത്.

ഷർട്ടിന്റെ കോളറിലോ

മുടിയുടെ ചുരുളിലോ 

അത് പെട്ടില്ല.

ജനലഴിയിലൂടെ 

ഏതോ അദൃശ്യവിമാനത്തിന്റെ കണ്ണുകളായി പാഞ്ഞുപോയി


ആർക്കിമിഡീസെന്റെ നെഞ്ചിൽ ചവിട്ടി.

ഭൂമിയെ ഉയർത്താനുള്ളയുത്തോലകത്തിന്റെയാണി ഇതാ ഇതാ 

അതാ തെറിച്ചുപോകുന്നു.

ഞാനലറി


ആരാണയാൾ ആരാണയാൾ

കുട്ടികൾ ബഹളമായി.

ചിലർ കരഞ്ഞു.

ചിലർ കസേരകളും പുസ്തകങ്ങളും വലിച്ചെറിഞ്ഞു.


ആർക്കിമിഡീസ് ഇതൊന്നുമറിഞ്ഞില്ല.

അയാൾ ഭൂമിയെ ഉയർത്താനായുള്ള

ചാട്ടത്തിലാണ്..

ഓ..എത്ര ദൂരം അയാളിങ്ങനെ ചാടും,

പ്രകാശത്തിന്റെ മുടിമറപറ്റും.

കുട്ടികൾ ചോദിച്ചു.

എനിക്കറിഞ്ഞുകൂടാ..

ഞാനെന്റെ മുലക്കണ്ണുകളിരുന്നിടം തടവി.


അയാൾ അയാളുടെ ആർക്കിമീഡിയൻ ചാട്ടത്തിന്റെ 

നടുവിൽ വച്ച്

നിന്റെ മുലക്കണ്ണുകളെ കണ്ടുമുട്ടിയെങ്കിലോ..

അയാൾ അവരെ നുകർന്നാൽ

ഭൂമിയുടെ ഗതി തന്നെ മാറി.

ഒരു കുട്ടി ബെഞ്ചിൻമേൽ കയറിനിന്നു പറഞ്ഞു.


അയാളുടെ ഈ ഒളിച്ചുകളി

ഇവളെയും നമ്മളെയും ഇരുട്ടിലാക്കുകയേ ഉള്ളൂ.

ഇവൾക്കും നമുക്കും ഭാരം കൂടുന്നു

അയാളാകട്ടെ വർഷങ്ങളായുള്ള പാച്ചിലിലുമാണ്.

ഏത് ഭൂമിയ്ക്കാണ് ക്ഷമയുള്ളത്.

ആരോ എന്നെച്ചൂണ്ടിപ്പറഞ്ഞു.


ആർക്കിമിഡീസ് ......

ഇതാ ഇവിടെ നോക്കൂ....

ഇവളുടെ നെഞ്ചിൽ നോക്കൂ..

ഇവിടെയാണ് ഭൂമിയെ ഉയർത്താനുള്ള ധാരം..

ഇവിടെ യത്നിക്കൂ..


എനിക്കു കരച്ചിൽ വന്നു


നീ മണ്ടിയാണ് 

നിനക്ക് മുലക്കണ്ണുകൾ നഷ്ടമായിരിക്കുന്നു,

നിന്റെ പറന്നുപോയ 

മുലക്കണ്ണുകൾക്ക്

ആർക്കിമിഡീസിനെ കണ്ടെത്താനാവില്ല.

പ്രകാശത്തിന്റെ മുടി ഇരുണ്ടതായിരിക്കില്ലെന്നനിന്റെ കണക്കുതെറ്റി.

അയാൾ അന്ധനായിരിക്കണം,നീയും


എന്റെ നെഞ്ചു വേദനിച്ചു..

..

ഉത്തോലകങ്ങളെപ്പറ്റിയുള്ള

എന്റെ ക്ലാസ്സ് പരാജയപ്പെട്ടു.

ഭൂമിയെ ഉയർത്താൻ

ആർക്കിമിഡീസിന് കഴിഞ്ഞില്ല.

എന്റെ മുലക്കണ്ണുകൾ 

തിരിച്ചുവന്നതുമില്ല.

Sept 2020

No comments:

Post a Comment